ദേശമംഗലം രാമകൃഷ്ണൻ: തൃശ്ശൂർ തലപ്പിള്ളി ദേശമംഗലത്ത് 1948ൽ ജനിച്ചു. വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നും എം.എ. (മലയാളം), കോഴിക്കോട് സർവകലാശാലയിൽനിന്നും പി. എച്ച്. ഡി. ലഭിച്ചു.
1975മുതൽ 1989വരെ സംസ്ഥാനത്തെ വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപകൻ. 1989മുതൽ കേരള സർവകലാശാല മലയാളവിഭാഗം അധ്യാപകനായി. 2008ൽ പ്രൊഫസറായി വിരമിച്ചു. 2009മുതൽ 2011വരെ കോഴിക്കോട് സർവകലാശാല മലയാളവിഭാഗം യൂ. ജി. സി. എമെറിറ്റസ് ഫെലോ ആയിരുന്നു.
‘കൃഷ്ണപക്ഷം’, ‘വിട്ടുപോയ വാക്കുകൾ’, ‘താതരാമായണം’, ‘ചിതൽ വരും കാലം’, ‘കാണാതായ കുട്ടികൾ’, ‘മറവി എഴുതുന്നത്’, ‘വിചാരിച്ചതല്ല’, ‘എത്ര യാദൃച്ഛികം’, ‘കരോൾ’, ‘ബധിരനാഥന്മാർ’, ‘അഷ്ടാവക്രൻ്റെ വീണ്ടുവിചാരങ്ങൾ’, ‘ആത്മകഥയും അവസാനിക്കാത്ത കവിതകളും’, ‘സാവിത്രി തന്ന സ്വപ്നങ്ങൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ഡെറക് വാൽകോട്ടിന്റെ കവിതകൾ’, ‘സ്‌ത്രീലോകകവിത’, ‘ഭാരതീയകവിതകൾ’ എന്നീ വിവർത്തനകൃതികളും ‘കവിയുടെ കലാതന്ത്രം’, ‘കവിരേഖ: വാക്കുകളിലെ ജീവതാരകം’, ‘സാഹിത്യം ബഹുവചനം’ എന്നീ ഗവേഷണ കൃതികളും ‘വഴിപാടും പുതുവഴിയും’ എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘കാവ്യഭാഷയിലെ പ്രശ്‌നങ്ങൾ’ എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്. തെലുങ്കുകവി ഭക്തവത്സലറെഡ്ഡിയുമൊന്നിച്ച് ‘ഭവിഷ്യത്‌ചിത്രപടം’, ‘തെലുഗുകവിത 1900-80’ എന്നീ തെലുഗു വിവർത്തനകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെലുഗു സര്‍വ്വകലാശാലയാണ് ഇവ പ്രസിദ്ധീകരിച്ചത്.
2014ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള ദേശമംഗലത്തിന്, 2000ൽ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, 2002ലും 2019ലും അബുദാബി ശക്തി പുരസ്‌കാരം, 2013ൽ ഉള്ളൂർ പുരസ്‌കാരം, 2018ൽ ആശാൻ സ്മാരക കവിതാ പുരസ്‌കാരം, 2023ൽ പി. കേശവദേവ് സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
■■■