പോക്കുവെയിൽ മഞ്ഞ

പുതച്ചൊരു ഗോതമ്പുപാടം,
ഉന്മാദക്കതിർക്കുലകൾ
കൊത്താനണയുന്നു
ഇരുൾപ്പറവകൾ.

സൂര്യകാന്തിയുടെ
തപ്തഹൃദയത്തിലും
വീടിന്റെ മൗനപ്പുതപ്പിലും
വിരഹമഞ്ഞ നെയ്യുന്നു
ഏകാകിയുടെ പകലുകൾ.

ഉരുളക്കിഴങ്ങ് വെന്തൊരു
സന്ധ്യയുടെ തൊലിച്ചുളിവിൽ
മയങ്ങിയുണരുന്നു, വിയർപ്പിൽ
കറുപ്പും തവിട്ടുമലിഞ്ഞ്
ദൈന്യത്തിന്റെ കൃഷികാവ്യം!

സ്വപ്നനീലയിലാരോ
പ്രണയം തുന്നിയ
തണുത്ത രാത്രിയിൽ,
മറ്റാരുമറിയാതെ
ഒരുപിടി നക്ഷത്രങ്ങൾ
ഭൂമിയിലേക്ക് പൂത്തുലഞ്ഞു.

സൈപ്രസ് മരങ്ങളിൽ
അസ്വസ്ഥമൊരു കാറ്റ്
കൂടുവെക്കുന്നുണ്ട്,
കാറ്റിന്റെ മുടിയിഴകളിൽ
നൊമ്പരത്തരി പുരണ്ടിട്ടുണ്ട്,
വിഷാദം വാസനിക്കുന്നുണ്ട്.

വർണ്ണങ്ങളിൽ, കിനാവിന്റെ
ഹൃദയരഹസ്യം ചോർത്തിയ
ഐന്ദ്രജാലികൻ,
വിഭ്രാന്തിയുടെ മുറിവിൽ
പ്രണയത്തിന്റെ
പച്ചിലനീറ്റലുമായി
സർഗ്ഗവ്യഥയുടെയാഴങ്ങൾ
തേടി യാത്രയായവൻ.

നൈരാശ്യങ്ങളുടെ
നിഴൽച്ചിത്രങ്ങളിൽ
കാലം നിലാവൊഴുക്കുന്നത്
നീയറിയുന്നുവോ?!

Les Vessenots a Auvers-Vincent van Gogh
Les Vessenots a Auvers (1890)- Vincent van Gogh