
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മലയാളസാഹിത്യത്തിൽ ചെറുകഥാ ശാഖായ്ക്കു തുടക്കം കുറിച്ച എഴുത്തുകാരനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. ‘മലയാള ചെറുകഥാ ശാഖയുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു.
1891ൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ച, കുഞ്ഞിരാമൻ നായനാരുടെ ‘വാസനാവികൃതി’ യാണ്, മലയാളത്തിലെ ആദ്യത്തെ ചെറുകഥ. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ(1889 December 9) പിറന്ന് രണ്ടാണ്ട് തികയും മുൻപേ, ആദ്യത്തെ ലക്ഷണമൊത്ത മലയാള ചെറുകഥയും പിറന്നു. കഥയ്ക്കൊപ്പം കഥാകൃത്തിന്റെ പേര് വെയ്ക്കാതെയായിരുന്നു ഈ കഥ അച്ചടിക്കപ്പെട്ടത്. സി. പി. അച്യുത മേനോനായിരുന്നു വാസനാവികൃതിയുടെ അക്കാലത്തെ പത്രാധിപർ.
കേസരി, വജ്രസൂചി, വജ്രബാഹു, ദേശാഭിമാനി, സ്വദേശമിത്രൻ എന്നീ തൂലികാനാമങ്ങളിലും കൃതികൾ പ്രസിദ്ധീകരിച്ചിരുന്ന കുഞ്ഞിരാമൻ നായനാർ ഒരു സാമൂഹ്യവിമർശകനും സാഹിത്യനിരൂപകനുമായിരുന്നു. നിരവധി ഉപന്യാസങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
സംശുദ്ധമായ നർമ്മം കൈവിടാതെ, ദീര്‍ഘവീക്ഷണത്തോടെയുള്ള ആക്ഷേപഹാസ്യത്തിലൂന്നിയ കുഞ്ഞിരാമൻ നായനാരുടെ സാഹിത്യബോധം പ്രസിദ്ധമാണ്. ഇക്കാരണംകൊണ്ടുതന്നെ, അദ്ദേഹത്തെ മഹാകവി ഉള്ളൂർ അമേരിക്കൻ ഹാസ്യസാഹിത്യ സാമ്രാട്ടായ മാർക് ട്വൈനിനോട് ഉപമിക്കുകയുണ്ടായി. ‘എഴുതുമ്പോൾ നായനാരെപ്പോലെ എഴുതാന്‍ ശീലിക്കണമെന്ന്’ ഒ. ചന്തുമേനോനും അഭിപ്രായപ്പെടുകയുണ്ടായി. ‘ഇന്നത്തെ ഏത് സാഹിത്യകാരനെക്കാളും ഭാവനാവിലാസമുണ്ടായിരുന്നു മലയാള ചെറുകഥയുടെ വേരായ കേസരിയെന്ന കുഞ്ഞിരാമൻ നായനാർക്കെന്ന് ഈയടുത്തക്കാലത്ത് കഥാകൃത്ത് ടി.പദ്മനാഭനും പറഞ്ഞു വെയ്ക്കുന്നു.
ചക്രവർത്തി ജോർജ് അഞ്ചാമന്റെ കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിനു കീർത്തിമുദ്ര നൽകി ആദരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം:
സംസ്‌കൃതത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തളിപ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. കോഴിക്കോട് കേരള വിദ്യാശാലയില്‍നിന്നും മെട്രിക്കുലേഷന്‍ പാസ്സായി. മദിരാശി പ്രസിഡന്‍സി കോളേജില്‍ എഫ്. എയ്ക്കു പഠിച്ചെങ്കിലും പാസായില്ല. തുടർന്ന്, ചെന്നൈയിലെ സൈദാപ്പേട്ട കാർഷിക കോളജിൽനിന്നും കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. കൃഷിശാസ്ത്രം പഠിക്കുവാനുള്ള ഉപദേശം നല്കിയത്, അന്നത്തെ മലബാര്‍ കളക്ടറായിരുന്ന ലോഗന്‍ സായിപ്പായിരുന്നു. പിന്നീട്, ബാരിസ്റ്റർ പരീക്ഷയും ജയിച്ചു.
പത്രപ്രവർത്തന- സാഹിത്യ രംഗത്ത്:
1879ൽ തിരുവിതാംകൂറിൽ പ്രസിദ്ധീകരണം ആരംഭിച്ച കേരള ചന്ദ്രിക മാസികയിൽ, 18-ാം വയസ്സിലാണു പത്രപ്രവർത്തനത്തിൽ തുടക്കംകുറിച്ചത്. കോഴിക്കോടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന, അപ്പു നെടുങ്ങാടിയും സി. കുഞ്ഞിരാമ മേനോനും ആരംഭിച്ച കേരളപത്രികയിൽ പ്രധാന ലേഖകനായിരുന്നു. 1888ൽ, കേരള സഞ്ചാരിയുടെ മുഖ്യപത്രാധിപരായി. അവിടെവെച്ചാണ്, കേസരിയെന്ന തൂലികാനാമം സ്വീകരിക്കുന്നത്. വ്യത്യസ്ത തൂലികാ നാമങ്ങളിൽ നായനാർ എഴുയിട്ടുണ്ടെങ്കിലും ‘കേസരി’ എന്ന തൂലികാ നാമമാണു വിഖ്യാതമായത്. അക്കാലത്ത് അറിയപ്പെടുന്ന മറ്റ് ആനുകാലികങ്ങളായ ജനരഞ്ജിനി, കോഴിക്കോടൻ മനോരമ, കോട്ടയം മനോരമ, സരസ്വതി, മിതവാദി, ഭാഷാപോഷിണി തുടങ്ങിയവയിലെല്ലാം നായനാരുടെ കൃതികൾ വന്നിട്ടുണ്ട്.
രാഷ്ട്രീയ- സാമൂഹിക- ഭാഷാ രംഗത്ത്:
ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ആദ്യത്തെ മലബാറി ജന്മിയാണ് കുഞ്ഞിരാമൻ നായനാർ. വടക്കേ മലബാർ പ്രദേശത്ത് 2000 ഏക്രയോളം സ്വത്തുണ്ടായിരുന്ന, വലിയൊരു കൂട്ടുക്കുടുംബത്തിലെ കാരണവരായിരുന്ന നായനാർ എന്ന ജന്മി, ജന്മിത്വത്തിലെ അധികാര ഗർവുകളെയും ചൂഷണ വ്യവസ്ഥിതികളെയും നേരിട്ടും തന്റെ ലേഖനങ്ങളിലൂടെയും മറ്റും രൂക്ഷമായി എതിർത്തിരുന്നു. 1911 മേയ് 11നു തിരുവല്ലയിൽ നടന്ന കേരള ജൻമിസഭാ സമ്മേളനത്തിൽ, കുടിയാന്മാരെ കുടുംബാംഗങ്ങളെപ്പോലെ കരുതണമെന്ന് ഉദ്‌ഘോഷിക്കുകയുണ്ടായി.
മലബാർ- ദക്ഷിണ കർണ്ണാടക ജന്മിമാരുടെ പ്രതിനിധിയായി, കൊല്ലങ്കോട്ട് വസുദേവ രാജാവിനെ തോൽപിച്ചു കൊണ്ട്, മദിരാശി നിയമസഭയിൽ അംഗമായി. കാസർഗോഡ് താലൂക്കിനെ മലബാറിലേയ്ക്കു കൂട്ടിചേർക്കുന്നതിനു മദ്രാസ് നിയമ നിർമ്മാണസഭയിൽ 1913ൽ പ്രമേയം കൊണ്ടുവന്നു. കർണ്ണാടക അംഗങ്ങളുടെ ശക്തമായ എതിർപ്പുമൂലം അന്നത് അംഗീകരിക്കപ്പെട്ടില്ല.
അതുപോലെ, സ്ത്രീകളുടെ ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതിയ്ക്കുവേണ്ടിയും അദ്ദേഹം പ്രയത്നിക്കുകയുണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. പെണ്‍മക്കളെ കോണ്‍വെന്റിലയച്ച് പഠിപ്പിക്കുകയും ചെയ്തു. പഠിച്ചാല്‍ മാത്രം പോരാ അവരെ ജോലിക്കും വിടണമെന്നു ശക്തിയുക്തം വാദിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയ്‌ക്കുവേണ്ടി കേരള ജന്മിസഭയിലും മദ്രാസ് നിയമസഭയിലും മറ്റും അദ്ദേഹം ശബ്ദമുയർത്തുകയുണ്ടായി.
വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമത്തിനുവേണ്ടിയും പ്രവർത്തിക്കുകയുണ്ടായി. മലബാര്‍ ഡിസ്‌ട്രിക്‌ട് ബോര്‍ഡ്, കോയമ്പത്തൂർ കൃഷി വിദ്യാശാല, ഇന്ത്യൻ ഉപദേശക സമിതി എന്നിവിടങ്ങളിൽ അംഗമായിരുന്നു. കൃഷിക്കുപുറമെ, ഓട് നിർമ്മാണം, നെയ്ത്ത് തുടങ്ങിയ വ്യവസായങ്ങളിലും കുഞ്ഞിരാമൻ നായനാർക്ക് അവഗാഹമുണ്ടായിരുന്നു.
മാതൃഭാഷയായ മലയാളത്തിന്റെ നവീകരണത്തിനു വേണ്ടിയും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. അതിനുവേണ്ടി അനവധി ലേഖനങ്ങൾ എഴുതി. പ്രസംഗങ്ങൾ ചെയ്തു. ‘വിദ്യാർത്ഥികളും മാതൃഭാഷയും’ എന്ന അദ്ദേഹത്തിന്റെ ലേഖനം മാതൃഭാഷയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒന്നാണ്. ഭാഷാപോഷിണിയുടെ 1914 ആഗസ്റ്റ്- സെപ്തംബർ ലക്കത്തിൽ വന്ന ഈ ലേഖനം, മാതൃഭാഷയുടെ ഗൗരവപരമായ പഠനത്തിന്റെയും വളർച്ചയുടെയും ആവശ്യകതയെകുറിച്ച് അന്നദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നതിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു.
കൃതികൾ:
വാസനാവികൃതികൂടാതെ, ‘ദ്വാരക’, ‘മേനോക്കിയെ കൊന്നതാരാണ്?’, ‘മദിരാശി പിത്തലാട്ടം’, ‘ഒരു പൊട്ടഭാഗ്യം’, ‘പരമാര്‍ത്ഥം’, ‘കഥയൊന്നുമല്ല’, ‘എന്റെ അനുഭവം’, തുടങ്ങിയ കഥാകൃതികളും ‘ആഖ്യായിക അല്ലെങ്കിൽ നോവൽ’, ‘വൈദ്യം’, ‘നാട്ടെഴുത്തശ്ശന്മാർ’, ‘പൗരാണിക കാലത്തെ പരിഷ്കാരസ്ഥിതി’, ‘സ്വഭാഷ’, ‘ഗദ്യ കാവ്യം’, ‘നാടകം’, ‘നോവൽ’, ‘പ്രാചീനാചാരോപചാരങ്ങളും സ്ഥാനമാറ്റങ്ങളും’, ”ആചാരപരിഷ്‌കാരം’, ‘മരിച്ചാലത്തെ സുഖം’, ‘കപടവേദാന്തികൾ’, ‘ശീട്ടുകളി’, ‘ഭ്രമം’, ‘മഹാ കാവ്യം’, ‘മഹാകവികളുടെ ജീവകാലം’, ‘സ്വഭാഷ ആചാരപരിഷ്‌കാരം’, ‘കേരള ജന്മിസഭ’, ‘കൃഷി പരിഷ്‌കാരം’, ‘വിദ്യാർത്ഥികളും മാതൃഭാഷയും’ തുടങ്ങിയ ലേഖനങ്ങളുമാണു പ്രധാന കൃതികൾ.
ഇതിൽ, 1892ൽ പുറത്തുവന്ന ‘മേനോക്കിയെ കൊന്നതാരാണ്?’ എന്ന കഥ മലയാളത്തിലെ ആദ്യത്തെ അപസർപ്പക കഥയായും അറിയപ്പെടുന്നു. നായനാരുടെ കഥകളിൽ പലതും സ്വാനുഭവങ്ങളോ ജീവിച്ചിരിക്കുന്ന വ്യക്തികളെ കഥാപാത്രങ്ങളാക്കിയുള്ളതോ ആണെന്നു വിലയിരുത്തപ്പെടുന്നു.
ശീട്ടുകളി എന്ന ലേഖനത്തിലെ പ്രതിപാദ്യം വിഷയം, പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തളിപ്പറമ്പിലെ പെരുഞ്ചെല്ലൂരിൽനിന്നും മുറജപത്തിനെത്തിയ ഒരു നമ്പൂതിരിയെ ശീട്ടുകളിച്ചതിന്റെ പേരിൽ വിശാഖം തിരുനാള്‍ മഹാരാജാവ് വിചാരണ ചെയ്യുന്നതും കുറ്റക്കാരനല്ലെന്നു കണ്ട് ഒരു വെള്ളിക്കിണ്ടിയും രണ്ട് പട്ടുക്കരയും കൊടുത്തു വിട്ടയക്കുന്നതാണ്.
“വാസ്തവം ഏതുവിധത്തിലായാലും യോഗ്യനായ ആ മഹാബ്രാഹ്മണനു രാജകരത്തിങ്കൽനിന്നും കല്പിച്ചുകിട്ടിയ വെള്ളിക്കിണ്ടി ഇന്നും കൈവശമുണ്ട്.” എന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ലേഖനത്തിൽ ഇങ്ങനെയൊരു പരാമർശവും ഈ വെള്ളിക്കിണ്ടി ഇപ്പോഴും ലേഖകന്റെ പിന്മുറക്കാർ സൂക്ഷിച്ചുപോരുന്നുണ്ട് എന്നതും ആ നമ്പൂതിരി ലേഖകന്റെ തറവാട്ടിലെയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. ആ നമ്പൂതിരി ലേഖകന്റെ പിതാവ് ഹരിദാസൻ സോമയാജിപ്പാട് ആണെന്നും അഭിപ്രായമുണ്ട്.
അന്ത്യം:
1914 നവംബർ 14-ന് മദ്രാസ് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, ഹൃദയസ്തംഭനത്താൽ വിയോഗം സംഭവിച്ചു. ‘ഒരു മലബാറുകാരനും മലയാളിയുമായതിൽ ഞാൻ അഭിമാനിക്കുന്നു.’ എന്നു പറഞ്ഞ് ആരംഭിച്ച ആ പ്രസംഗം മുഴുമിപ്പിക്കനാകാതെയാണ് അദ്ദേഹം വിടപറഞ്ഞത്. അന്തരിക്കുമ്പോൾ 54 വയസ്സായിരുന്നു പ്രായം. മാതമംഗലം പാണപ്പുഴ തറവാട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
കുടുംബം:
സംസ്‌കൃത പണ്ഡിതൻ മമ്പറം അറത്തില്‍ കണ്ടേണ്ടാത്ത് കണ്ണന്‍ നമ്പ്യാരുടെ മകള്‍ എ. സി. കല്ല്യാണിയമ്മയാണു ഭാര്യ. മക്കൾ: നാല് ആണും മക്കളും നാല് പെണ്ണും. എ. സി. നാരായണന്‍ നമ്പ്യാര്‍, എ. സി. മാധവന്‍, മേജര്‍ ഗോപാലന്‍ നമ്പ്യാര്‍, ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, മാധവിയമ്മ, നാരായണിയമ്മ, രോഹിണിയമ്മ, ലക്ഷ്മിയമ്മ.
മക്കളിൽ, ‘എ. സി. എൻ. നമ്പ്യാർ’ എന്നറിയപ്പെടുന്ന നാരായണൻ നമ്പ്യാർ സ്വാതന്ത്ര്യസമര സേനാനിയും സുഭാസ് ചന്ദ്രബോസിന്റെ സുഹൃത്തും ഐ. എന്‍. എ. പ്രവര്‍ത്തകനുമായിരുന്നു. പിൽക്കാലത്ത്, നെഹ്റുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം സ്വിസര്‍ലാന്‍ഡ് അംബാസിഡറാകുകയും സരോജിനി നായിഡുവിന്റെ സഹോദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരുവര്‍ഷത്തിനുശേഷം ഈ ബന്ധം വേർപ്പെട്ടു.
വാസനാവികൃതി വിവാദങ്ങളും പഠനങ്ങളും:
കുഞ്ഞിരാമൻ നായനാർ എഴുതിയതല്ല വാസനാവികൃതി എന്നൊരു വാദം പില്ക്കാലത്ത് ഉയർന്നുവരികയുണ്ടായി. അതിനു കാരണമായി പറഞ്ഞതും ‘കഥയ്ക്കൊപ്പം കഥാകൃത്തിന്റെ പേരില്ലാ’ കഥയായിരുന്നു. ഉപോൽബലമായി, 1910ൽ പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞിരാമൻ നായനാരുടെ കഥകളുടെയും ലേഖനങ്ങളുടെയും സമാഹാരമായ ‘കേസരി’ യിൽ വാസനാവികൃതിയെ ഉൾപ്പെടുത്തിയിട്ടില്ല എന്നൊരു വാദംകൂടി വിമർശകർ ഉയർത്തുകയുണ്ടായി. എന്നാൽ, ഈ വാദങ്ങളേയും വിമർശനങ്ങളെയും അന്നത്തെ ഭൂരിഭാഗം നിരൂപകരും തള്ളിക്കളയുകയുണ്ടായി. ‘ദ്വാരക’ ഉൾപ്പെടെയുള്ള കുഞ്ഞിരാമൻ നായനാരുടെ കഥകളിൽ കാണുന്ന കഥാഖ്യാന ശൈലിയും വാസനാവികൃതിയുടെ ആഖ്യാന ശൈലിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ചൂണ്ടിക്കാട്ടിയാണ് മുൻനിര നിരൂപകർ മറുവാദങ്ങളെ നിരാകരിച്ചത്. കഥാനായകന്‍/ കഥാപാത്രംതന്നെ കഥാഖ്യാനം നടത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ കഥകളിൽ പൊതുവെ കാണപ്പെടുന്നത്. നര്‍മ്മരസ പ്രധാനമാണ് അവയെല്ലാം എന്നതും നായനാർ കഥാഖ്യാനത്തിന്റെ മറ്റൊരു സവിശേഷതയായി നിരൂപകർ എടുത്തുക്കാട്ടുകയുണ്ടായി. കൂടാതെ, മദിരാശി നഗരവുമായി കുഞ്ഞിരാമൻ നായനാർക്കുള്ള ബന്ധവും വാസനാവികൃതിയിലെ നായകനായ കള്ളൻ ഇക്കണ്ടക്കുറുപ്പിന്റെ മദിരാശിയിലേക്കുള്ള പലായനവും ഇക്കഥ കുഞ്ഞിരാമൻ നായനാർതന്നെയാണ് എഴുതിയിരിക്കുക എന്ന സാധ്യതയും സമാഹാരത്തിൽ നായനാരുടെ, കഥകൾ ഉൾപ്പെടെ മറ്റു പല കൃതികളും ഉൾപ്പെട്ടിട്ടില്ല എന്നതും മുഖ്യമായും, ഏറിയ പങ്കും ലേഖനങ്ങളാണ് ഈ സമാഹാരത്തിൽ ഉള്ളത് എന്നതും മുൻനിര നിരൂപകരുടെ നിഗമനങ്ങൾക്കു ചിരപ്രതിഷ്ഠ നല്കുവാൻ ഇടയാക്കി.
തന്നെയുമല്ല, ‘പ്രസിദ്ധീകൃതമായ തന്റെ രചനകളൊന്നും സൂക്ഷിച്ചുവെച്ചിട്ടില്ലെന്നും ഒരു പുസ്തകമാക്കണമെന്നുള്ള വിചാരം തനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും’ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നായനാരുടെ കുറിപ്പിൽ പറയുന്നുമുണ്ട്. അതോടൊപ്പംതന്നെ, ഈ സമാഹാരത്തിലേക്കായി നായനാരുടെ പ്രസിദ്ധീകൃത കൃതികൾ ലഭിക്കുവാൻ വളരെ പ്രയാസമായിരുന്നെന്ന്, സമാഹാരം പ്രസിദ്ധീകരിച്ച സി. ഡി. ഡേവിഡും സമാഹാരത്തിൽ സൂചിപ്പിച്ചിട്ടുമുണ്ട്. ഡേവിഡിന്റെ വാക്കുകൾ:
“ഈ എഴുത്തിലെ താല്പര്യപ്രകാരം പ്രവർത്തിക്കേണ്ടതിലേക്കായി ലേഖനങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ്, മാസികകളും മറ്റും കിട്ടുവാൻ എത്രത്തോളം പ്രയാസമുണ്ടെന്നു നല്ലവണ്ണം മനസ്സിലായത്. എന്തെല്ലാം വിഷയങ്ങളെക്കുറിച്ചാണ് എഴുതീട്ടുള്ളതെന്നും, അവയിൽ ഓരോന്നിന്നും വെച്ചിട്ടുള്ള പേരുകൾ എന്തെല്ലാമെന്നും, ഏതെല്ലാം മാസികകളിലേക്കും പത്രങ്ങളിലേക്കുമാണ് എഴുതീട്ടുള്ളതെന്നും, കൃത്യമായി അറിവുതരുവാൻ പ്രബന്ധകർത്താവവർകളെക്കൊണ്ടു സാധിക്കയില്ലെന്ന് അറിയാനിടയായതും ഇതോടുകൂടിത്തന്നെയാണ്. ഈ സ്ഥിതിക്ക്, എല്ലാ ലേഖനങ്ങളും കൂട്ടിച്ചേർത്തു പുസ്തകമാക്കണമെന്നു കരുതി കാലം കളയുന്നതിനേക്കാൾ, ഇപ്പോൾ കിട്ടുന്നിടത്തോളം ലേഖനങ്ങൾ കൂട്ടിച്ചേർത്തു പുസ്തകമാക്കുകയാണ് എല്ലാംകൊണ്ടും അധികം നല്ലതെന്നു തീർച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ ലേഖനങ്ങൾ മുഴുവനും ഈ അവസരത്തിൽ കിട്ടാഞ്ഞതിലുള്ള അതൃപ്തിയെ തിരസ്ക്കരിക്കയും, ഇത്രയെങ്കിലും കിട്ടിയതിലുള്ള സന്തോഷത്തെ പുരസ്ക്കരിക്കയും ചെയ്തുകൊണ്ടു, തൽക്കാലം കിട്ടിയ ലേഖനങ്ങളെ കൂട്ടിച്ചേർത്തു പുസ്തകത്തെ ഇതാ മാനനീയന്മാരായ വായനക്കാരുടെ മുമ്പിൽ വെക്കുന്നു.”
തൃശൂരിലെ ഭാരതവിലാസം പ്രസ്സിലായിരുന്നു സമാഹാരം അച്ചടിച്ചത്. കൃതികളുടെ സാഹിത്യ വിഭാഗം രേഖപ്പെടുത്താതെയാണ് അച്ചടിച്ചിട്ടുള്ളത്. മൂർക്കോത്ത് കുമാരനാണ് അവതാരിക എഴുതിയത്. സി. അച്യുത മേനോൻ ഇംഗ്ലീഷിൽ എഴുതിയ ആമുഖവും കവ്വായി കാനായിയുടെ മുഖവുരയും ചേർത്തിട്ടുണ്ട്. 1946ലെ എസ്. എസ്. എൽ. സിയ്ക്ക് നൺ- ഡീറ്റയിൽഡ് പുസ്തകമായി ഈ സമാഹാരത്തെ മദിരാശി സർക്കാർ ഉൾപ്പെടുത്തിയിരുന്നു.
സ്മരണ:
പയ്യന്നൂരിലെ മലയാള ഭാഷ പാഠശാല, കുഞ്ഞിരാമൻ നായനാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പാണപ്പുഴയിലെ തറവാട്ടിൽ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം തീർത്തിട്ടുണ്ട്. 2012 ജനവരിയിലാണ് ഇതു പണിതത്. ദാമോദരന്‍ വെള്ളോറയാണ് മണ്ഡപത്തിന്റെ ശില്പി. 2014 മുതൽ, കണ്ണൂരിലെ മാതമംഗലത്തുള്ള ‘ഫെയ്സ് മാതമംഗലം സാംസ്കാരിക വേദി’ ‘കേസരി നായനാർ പുരസ്കാരം’ ഏർപ്പെടുത്തിയിട്ടുണ്ട്.
പാണപ്പുഴയിലെ സ്മൃതിമണ്ഡപത്തിനു പുറമെ, നായനാർ സ്വന്തമായി പണിത തലശ്ശേരിക്കും കതിരൂരിനുമിടയിലൂടെ കടന്നുപോകുന്ന കൂത്തുപറമ്പ് റോഡ് ഭാഗത്ത്, നായനാര്‍ റോഡിൽ നിലനിൽക്കുന്ന ‘ചെറിയ കപ്പരട്ടി’ എന്ന വീടും തൊട്ടടുത്തുള്ള, ‘വേങ്ങയില്‍ മഠം’ എന്നറിയപ്പെടുന്ന ‘വലിയ കപ്പരട്ടി’ വീടും നായനാരുടെ അച്ഛൻ ഹരിദാസൻ സോമയാജിപ്പാടിന്റെ ഇല്ലമായ തളിപ്പറമ്പിലെ പുളിയപ്പടമ്പ് ഇല്ലവും മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്തിന്റെ ജീവനുറ്റ സ്മൃതിമണ്ഡപങ്ങളായി ഇന്നും യശസോടെ തലയുയർത്തി നില്ക്കുന്നു.
