ഹരിത സാവിത്രിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്കാരം

ഷാര്‍ജ: 2023ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഹരിത സാവിത്രി(Haritha Ivan)യുടെ ‘സിൻ’ എന്ന നോവലിനു മികച്ച നോവലിനുള്ള 2025ലെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരം(IAS Literary Award) ലഭിച്ചു. മുൻപ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കടമ്മനിട്ട സാഹിത്യപുരസ്‌കാരം, ഉദയ സാഹിത്യ പുരസ്കാരം എന്നിവയും സിൻ നേടിയിരുന്നു.

Zin-Novel of Haritha Savithri
Haritha Savithri

ഹരിതയുടെ ആദ്യ നോവലാണ് സിൻ. സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭം പശ്ചാത്തലമാക്കി, ഭീകരപ്രവർത്തനത്തിനു ടർക്കിഷ്‌ പോലീസ് അറസ്റ്റ് ചെയ്യുന്ന സീതയെന്ന ഇന്ത്യൻ സ്ത്രീ കഥാപാത്രത്തിലൂടെ, കാലദേശഭേദങ്ങളില്ലാത്ത മനുഷ്യരുടെ അശാന്ത ജീവിതത്തെ, കുർദ് വംശജരിലൂടെ വരച്ചുക്കാട്ടുന്ന നോവലാണ് സിൻ. സ്പെയിനിലെ ബാഴ്സിലോണയിൽ പഠിക്കുന്ന, ഗർഭിണിയായ ഇന്ത്യൻ വിദ്യാർത്ഥിനി സീത തൻ്റെ കാമുകനെ തേടി കുർദിസ്ഥാനിലെത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്.

‘സാംസ്‌കാരിക സ്വത്വങ്ങളുടെ നിർമിതിയും പ്രതിനിധാനവും’ (Construction and representation of cultural identities) എന്ന വിഷയത്തിൽ ബാഴ്‌സലോണ സർവകലാശാലയിൽ ഗവേഷണം ചെയ്യുന്നതിനിടെയാണ് ഹരിത, നൂറ്റാണ്ടുകളുടെ ദുരന്ത ചരിത്രമുള്ള കുർദ് വംശജരിലേക്കെത്തുന്നത്. കുർദിലെ ലിലാൻ എന്ന സ്ത്രീയുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു പ്രമേയം ലഭിച്ചതെന്ന് നോവലിസ്റ്റ് നോവലിൽ പ്രതിപാദിക്കുന്നു.

സിറിയയില്‍ നടന്ന ഐ എസിന്റെ ബോംബാക്രമണത്തില്‍ രണ്ടു കാലുകളും തകര്‍ന്ന ലിസ ചലാന്‍(Lisa Calan) എന്ന ലിലാൻ രാജ്യന്തരപ്രശസ്തയായ സിനിമാസംവിധായികയാണ്. 2022ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥി ആയിരുന്നു ഇവർ. ‘Language of the Mountains’ എന്ന ഇവരുടെ ചലച്ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങായ ‘പര്‍വ്വതങ്ങളുടെ ഭാഷ’ സംസ്ഥാന സര്‍ക്കാറിന്റെ The Spirit of Cinema Award നേടുകയും ചെയ്തു.

Lisa Calan and Haritha Savithri
ലിസ ചലാനും ഹരിതയും

ടര്‍ക്കി, സിറിയ, ഇറാൻ, ഇറാഖ്, അര്‍മീനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ മേഖലയിൽ അധിവസിക്കുന്ന ഒരു വംശമാണ് കുര്‍ദുകള്‍. ഭൂരിഭാഗം പേരും സുന്നി ഇസ്ലാം മതവിശ്വാസികളാണ്. ഷിയാ വിഭാഗക്കാരും ക്രിസ്ത്യാനികളുമുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലാണെങ്കിൽപോലും, പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നതുകൊണ്ട് അതതു രാജ്യങ്ങളിൽ ഇവർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ, അവിടങ്ങളിലെ ഭൂരിപക്ഷ വംശജരുടെ അപ്രീതിക്കും ആക്രമണങ്ങളും വംശവെറിക്കും മറ്റും അനാദികാലമായ് ഇവർ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഒരു രാജ്യാന്തര പ്രണയത്തിന്റെയും വിരഹത്തിന്റെയും പുറംചട്ടയിൽ ഫ്രെയിം ചെയ്തിരിക്കുന്ന ഈ നോവലിന്റെ ഉള്ളകം, ‘സ്വന്തമായൊരു രാഷ്ട്രം’ എന്ന കുർദു വംശത്തിന്റെ ആവശ്യത്തിന്റെയും ജനിച്ച മണ്ണിലുള്ള അതിജീവനത്തിന്റെയും നീണ്ടക്കാലത്തെ വലിയൊരു പോരാട്ടത്തിന്റെ ചരിത്രമാണ്.

നീണ്ടകാലത്തെ ഭീതിതമായ കുര്‍ദുകളുടെ പരിതാപകരമായ ജീവിതാവസ്ഥയെ, തുർക്കിയുടെ ആഭ്യന്തര വിഷയത്തിലൂന്നിയാണ് പറയുന്നതെങ്കിലും, ഈ കൃതി ഏതു തരത്തിലുള്ള യുദ്ധത്തിനെതിരേയും ഉള്ള അതിശക്തമായ വികാരങ്ങളുണർത്തുന്നതാണെന്നും ഇത്തരം ഒരു കൃതി മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ലെന്നും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി ഗ്രേസി പറഞ്ഞിരുന്നു.

“നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്.” എന്ന് പ്രശസ്ത എഴുത്തുകാരൻ എന്‍. എസ്. മാധവനും അഭിപ്രായപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കോളമിസ്റ്റുകൂടിയായ ഹരിത ഒരു മലയാള വിവർത്തകകൂടിയാണ്. ടർക്കിഷ് എഴുത്തുകാരൻ ഇസ്കന്ദർ പാല(İskender Pala)യുടെ ‘തുലിപ്സ് ഓഫ് ഇസ്താൻബുൾ’ (Tulip of Istanbul) എന്ന കൃതിയുടെ പരിഭാഷയായ ‘ഇസ്കിന്തർ പാല’, സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സമർ യാസ്ബെക്കിന്റെ ‘ദ ക്രോസിംഗ്’ (The Crossing) എന്ന കൃതിയുടെ പരിഭാഷയായ ‘വ്രണിത പാലായനങ്ങൾ’, തുര്‍ക്കി എഴുത്തുകാരൻ അഹമ്മദ് ഉമിതിന്റെ ‘ക്രൈ ഓഫ് എ സ്വാലോ’ (Cry of a Swallow) യുടെ പരിഭാഷയായ ‘കുരുവിയുടെ നിലവിളി’ എന്നിവയും ‘മുറിവേറ്റവരുടെ പാതകൾ’ എന്ന യാത്രാവിവരണവും സ്പാനിഷ് നാടോടിക്കഥകളും ഹരിത രചിച്ചിട്ടുണ്ട്. മുറിവേറ്റവരുടെ പാതകൾക്ക്, കേരള സാഹിത്യ അക്കാദമിയുടെ 2022ലെ യാത്രാവിവരണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, അഞ്ചാം പതിപ്പിൽ എത്തിയ സിൻ(Zin) ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sharjah Indian Association Literary Award other winners- 2025

നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. പ്രേമൻ ഇല്ലത്തിന്റെ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’, സദാശിവൻ അമ്പലമേടിന്റെ ‘ദേഹദണ്ഡം’ എന്നിവ നോവൽ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചെറുകഥയിൽ അക്ബർ ആലിക്കരയുടെ ‘ചിലയ്ക്കാത്ത പല്ലി’ ഒന്നാം സ്ഥാനവും വൈ എ സാജിതയുടെ ‘ആകാശ വെളിച്ചം’ രണ്ടാം സ്ഥാനവും സാദിഖ് കാവിലിന്റെ ‘കല്ലുമ്മക്കായ’ മൂന്നാം സ്ഥാനവും നേടി. കവിതയിൽ, കമറുദ്ദീൻ ആമയത്തിന്റെ ‘100 ഗുളിക കവിതകൾ’ എന്ന കൃതിക്ക് ഒന്നാം സ്ഥാനവും, അനൂപ് ചന്ദ്രൻറെ ’69’ നു രണ്ടാം സ്ഥാനവും യഹിയ മുഹമ്മദിന്റെ ‘നർസീസസ്’ നു മൂന്നാം സ്ഥാനവും ലഭിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഫെബ്രുവരി 22, 23 തിയതികളിലായി നടക്കുന്ന ‘സാംസ്കാരികം സാഹിത്യോത്സവം’ പരിപാടിയിൽ പുരസ്കാര വിതരണം നടക്കും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം പ്രൊഫസർ എം എം നാരായണൻ, പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ, ഡോക്ടർ മാളവിക ബിന്നി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.