എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും വിശിഷ്ടാംഗത്വം; ഗ്രന്ഥപുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന്

കൊച്ചി: 2023 – 24ലെ കേരള ലളിതകലാ അക്കാദമിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങളിൽ, അഖില്‍ മോഹന്റെ ‘റൈസ് സീരീസ് – 58’, ബേസില്‍ ബേബിയുടെ ‘എവരിതിംങ് യു നോ ഈസ് നോട്ട് ടോട്ട് ബൈ ഹ്യൂമന്‍സ്’ എന്നിവ ഡ്രോയിംഗ് വിഭാഗത്തിലും അരുണ്‍ കെ.എസിന്റെ ശില്പം(ശീര്‍ഷകമില്ല) ശില്പ വിഭാഗത്തിലും ഹിമ ഹരിയുടെ ‘മില്‍ക്കി വേ’ ചിത്രവിഭാഗത്തിലും ജയമോൾ പി.എസിന്റെ ‘സ്റ്റില്‍ ലൈഫ് സീരീസ് – 1’ പെയ്ന്റിംഗ് വിഭാഗത്തിലും മുബാറക് എന്‍. കെയുടെ ‘ലോസ് ഓഫ് ഇനേര്‍ഷ്യ #19’ ഫോട്ടോഗ്രഫി വിഭാഗത്തിലും വി. ആര്‍. രാഗേഷിന്റെ ‘ബുള്‍ഡോസറൈസേഷന്‍ ഓഫ് എഡ്യൂക്കേഷന്‍’, ‘ഹേ റാം’ എന്നിവ കാര്‍ട്ടൂണ്‍ വിഭാഗത്തിലും പുരസ്‌കാരം നേടി. 50,000 രൂപയും ബഹുമതി പത്രവും ഫലകവും അടങ്ങുന്നതാണ് ദൃശ്യകലാ പുരസ്കാരങ്ങൾ. 

ഡോ. കവിത ബാലകൃഷ്ണന്റെ ‘ദൃശ്യകലയിലെ ജന്‍ഡര്‍ രാഷ്ട്രീയം’ എന്ന പുസ്തകത്തിനാണ് കലാസംബന്ധിയായ മൗലിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും ചിത്ര- ശില്പകലാരംഗത്തെ മികച്ച സംഭാവനകളെ പരിഗണിച്ച് വിശിഷ്ടാംഗത്വം(ഫെല്ലോഷിപ്പ്) നല്കി. 10,000 രൂപയും ബഹുമതിപത്രവും ഫലകവും ഗ്രന്ഥപുരസ്‌കാരത്തിനും 75,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും വിശിഷ്ടാംഗത്വത്തിനും ലഭിക്കും.

ഒമ്പതുപേർക്ക് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അനുപമ ഏലിയാസ് അനില്‍(ചിത്രം: മ്യൂസിക് ബിഗിന്‍സ് വെയര്‍ ലാംഗ്വേജ് എന്റ്‌സ്), വിനോദ് കുമാര്‍ കെ. (ചിത്രം: കാസര്‍ഗോഡ് ലാന്റ്‌സ്‌കേപ്പ്), ഗായത്രി എ.പി. (ഡ്രോയിംഗ്: ശീര്‍ഷകമില്ല), മധു എടച്ചന(ഫോട്ടോഗ്രഫി: ഹീലിംങ് ഇന്‍ ഹാര്‍ഡ്ഷിപ്‌സ്), ശരത് പ്രേം (ഫോട്ടോഗ്രഫി: ദി എറോഷന്‍ ഓഫ് മെമ്മറി), ഹരീഷ് മോഹന്‍ സി(കാര്‍ട്ടൂണ്‍: വിട….. ഡാര്‍വിന്‍), ഉണ്ണികൃഷ്ണന്‍ പി.(കാര്‍ട്ടൂണ്‍: ശീര്‍ഷകമില്ല), മുഹമ്മദ് സാലിഹ് എം.എം.(ന്യൂ മീഡിയ: സീസ്ഫയര്‍ നൗ), വിദ്യ ദേവി പി.(ഗ്രാഫിക് പ്രിന്റ്: ദി ന്യൂസ് ഓഫ് ലീവ്‌സ്). 25,000 രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം.

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരങ്ങൾക്ക് അഞ്ച് വിദ്യാര്‍ത്ഥികള്‍ അർഹരായി. ചിത്രവിഭാഗത്തിൽ, ന്യൂ ഡല്‍ഹി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, ജെ.എം.ഐയിലെ അനസ് അബൂബക്കറിനും(ബ്ലഡ് ഫ്യൂഡ്), കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ജോസഫ് ജെ. ജോസഫിനും(ശീര്‍ഷകമില്ല) ശില്പവിഭാഗത്തിൽ, തൃശ്ശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ കീര്‍ത്തി ആറിനും(ദി ചെയ്‌സ്ഡ്) ഡ്രോയിംഗ് വിഭാഗത്തിൽ, ഹൈദരാബാദ് എസ്.എന്‍. യൂണിവേഴ്‌സിറ്റിയിലെ ഷാദിയ സി.കെയും(ഇന്‍ ബിറ്റ്‌വീന്‍) ന്യൂമീഡിയ വിഭാഗത്തിൽ, തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജ് ഓഫ് മ്യൂസിക് & ഫൈന്‍ ആര്‍ട്‌സിലെ ഗ്രീഷ്മ സിയും(കോണ്‍ടിനം -22) വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങൾ നേടി. 10,000 രൂപയും ബഹുമതിപത്രവുമവും അടങ്ങുന്നതാണ്, പുരസ്‌ക്കാരം.

ഭൂഭാഗ/ഛായാ ചിത്രത്തിനുള്ള വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍ ജയശ്രീ പി.ജിയുടെ ബേണ്‍ഡ് അഡോബ് എന്ന ചിത്രത്തിനും ഭൂഭാഗ വിഭാഗത്തിനുമാത്രമായി ഏർപ്പെടുത്തിയിട്ടുള്ള വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍ രതീഷ് കക്കട്ടിന്റെ ലാന്റ്‌സ്‌കേപ് എന്ന ചിത്രത്തിനുമാണ് ലഭിച്ചത്. റിഞ്ചു എമ്മിന്റെ പാരഡൈസ് ഇന്‍ മെമ്മറി ചിത്രത്തിനാണ് രാജന്‍ എം. കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്. 15,000 രൂപയും ബഹുമതിപത്രവുവുമാണ് എന്‍ഡോവ്‌മെന്റ്.

ഡോ. ബീന പോള്‍, വി. കെ. രാജന്‍, റസല്‍ ഷാഹുല്‍, വിധികർത്താക്കളായ സുധീര്‍ പട്‌വര്‍ദ്ധന്‍, പി. ഗോപിനാഥ്, ടോം.ജെ. വട്ടക്കുഴി എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ നിശ്ചയിച്ചത്. അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണൻ ജൂറി മെമ്പർ സെക്രട്ടറിയായിരുന്നു. എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ മാർച്ച് മാസത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തുമെന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.