ഡോ. രോഷ്നി സ്വപ്ന:
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി. നോവൽ, കഥ, കവിത, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര നിരീക്ഷകയും ഗായികയുംകൂടിയായ രോഷ്നി സ്വപ്ന, തുഞ്ചത്ത് എഴുത്തചഛൻ മലയാളം സർവകലാശാലയിൽ സാഹിത്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം, കേരള സർവകലാശാലയിൽ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ., കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകസംബന്ധിയായ വിഷയത്തിൽ പി എച് ഡി., മുംബൈ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് രണ്ടാം റാങ്കോടെ കമ്മ്യൂണിക്കേറ്റീവ് ജേർണലിസം എന്നിവ ലഭിച്ചു. കേരള ചലച്ചിത്ര അക്കാഡമിയിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്സ് പൂർത്തിയാക്കി. കേരള സാഹിത്യ അക്കാഡമി ജൂനിയർ ഫെല്ലോഷിപ്, ചലച്ചിത്ര കേന്ദ്രം തൃശൂർ നൽകുന്ന ഗ്രന്ഥ രചന ഫെല്ലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്.
‘ചുവപ്പ്’, ‘അമ്പത് രാജ്യങ്ങൾ’, ‘അമ്പത് പെൺ കവികൾ’, ‘ഇലകൾ ഉമ്മ വക്കും വിധം’, ‘ശ്രദ്ധ’, ‘ഉൾവനങ്ങൾ’, ‘വല’, ‘അരൂപികളുടെ നഗരം’, ‘ഏകാന്തലവ്യൻ’, ‘കാമി’, ‘കഥകൾ-രോഷ്നിസ്വപ്ന ‘, ‘മണൽമഴ’, ‘കടൽമീനിന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി’, ‘കടലിൽ മുളച്ച മരങ്ങൾ’, ‘ബുദ്ധനുമായുള്ള ആത്മഭാഷണങ്ങൾ’, നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ പരമേശ് കൃഷ്ണൻ നായരെക്കുറിച്ചുള്ള, ‘P.K.നായർ -നല്ല സിനിമയുടെ കാവലാൾ’ എന്ന ജീവചരിത്രo, പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് കവി ചാൾസ് ബോദ്‌ലെയറിന്റെ 100 കവിതകളുടെ മലയാളം പരിഭാഷ ‘അവഗണിക്കപ്പെട്ട പുസ്തകത്തിനായൊരു ശിലാ ലിഖിതം’, പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ കവയിത്രിമാരായ സിൽവിയ പ്ലാത്ത്, എമിലി ഡിക്കിൻസൺ, പുരാതന ഗ്രീക്ക് കവയിത്രി സാഫോ എന്നിവരുടെ കവിതകളുടെ മലയാളം പരിഭാഷ ‘പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകൾ’, അറബ് കവിതകളുടെ മലയാളം പരിഭാഷയായ ‘ഓരോ തവണയും ഞാൻ നിന്നെ ചുംബിക്കുമ്പോൾ’, കാര്‍ലോ കൊലോഡിയുടെ ‘പിനോക്യോ’, ലൂയിസ് കാരളിന്റെ ‘ആലീസിന്റെ അത്ഭുത ലോകം’ എന്നീ ലോക ക്ലാസിക് ബാലസാഹിത്യകൃതികളുടെ മലയാള പുനരാഖ്യാനങ്ങൾ തുടങ്ങിയവയാണു പ്രധാന കൃതികൾ.
ഇംഗ്ലീഷ്, ഹിന്ദി, കന്നട, മറാത്തി,അറബിക്, ഗ്രീക്ക്, തമിഴ്, തെലുഗ്, ഫ്രഞ്ച് എന്നീ ഭാഷകളിലെ 600ൽ പരം കവിതകൾ മലയാളത്തിലേക്കു മൊഴി മാറ്റം ചെയ്തിട്ടുള്ള രോഷ്നി സ്വപ്നയുടെ കവിതകളും ഇംഗ്ലീഷ്, അർമീനിയ, ഫ്രഞ്ച്, ഹിന്ദി, കന്നട, തമിഴ്, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളകലാ മണ്ഡലം ‘വള്ളത്തോൾ കവിതാ പുരസ്‌കാരം'(1994, 1996), ‘ഒ. വി. വിജയൻ സ്മാരക നോവൽ പുരസ്‌കാരം’, ‘ബഷീർ സ്മാരക കവിതാ പുരസ്‌കാരം’, ‘അങ്കണം കവിതാ പുരസ്‌കാരം’, മലയാള കാവ്യസാഹിതിയുടെ ‘കാവ്യ സാഹിതി കവിതാ പുരസ്‌കാരം’, ‘ഡിസി ബുക്ക്സ് നോവൽ കാർണിവൽ ഷോർട് ലിസ്റ്റ് അവാർഡ്’, ‘ഭാഷാപോഷിണി കഥ പുരസ്‌കാരം’, ‘ഗൃഹലക്ഷ്മി കഥാ പുരസ്‌കാരം’, ‘മാതൃഭൂമി സ്റ്റഡി സർക്കിൾ കവിത പുരസ്‌കാരം’, ‘റൈൻബോ ബുക്ക്സ് കവിത- കഥാ പുരസ്‌കാരങ്ങൾ’, ‘പുരോഗമന കലാവേദി കവിതാ പുരസ്‌കാരം’ തുടങ്ങി 26 ഓളം പുരസ്കാരങ്ങൾ ലഭിച്ചു. ശങ്കേഴ്സ് വീക്കിലി അന്താരാഷ്ട്ര പുരസ്‌കാരവും ആകാശവാണി സംഗീത പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
‘അക്കിത്തം- ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം’ എന്ന ഡോക്യൂമെന്ററിയും ‘ദൂരം’, ‘നിശബ്ദം’എന്നീ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ(IFFT) 2018ന്റെ ഫെസ്റ്റിവൽ ഡയറക്ടറും ജൂറി അംഗവും മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേമ്പർ പീർ ഡയറക്ടറുമായിരുന്നിട്ടുണ്ട്.
സംവിധായകനും നടനും തിയേറ്റർ പ്രാക്ടിഷണറും എഴുത്തുകാരനുമായ എമിൽ മാധവിയാണ് പങ്കാളി.
■■■