ണങ്ങുന്നില്ല

നിങ്ങൾ മാന്തിയ മുറിവുകൾ.
മായുന്നില്ല നിങ്ങൾ മായ്ച്ച ചരിത്രങ്ങൾ.
എത്ര വെണ്ണക്കല്ലുകളാൽ കൊത്തിയാലും,
മുറിവേറ്റവരുടെ രക്തശോഭ മായുകയില്ല.
പതിതൻ്റെ നെഞ്ചിടിപ്പ് പറച്ചെണ്ടയാണ്.
അവൻ്റെ നിശ്വാസം കുഴലൂതുകയാണ്.
വിശക്കുന്നവൻ്റെ നാവിൽ ഉമിനീരില്ല.
അളക്കാനാവുന്നില്ല ബാഷ്പബിന്ദുക്കളുടെ താപമാനങ്ങൾ.
മതം, അധികാരത്തിൻ്റെ അസ്ഥിവാരം.
സംസ്ക്കാരത്തിൽ കറുത്തിയ്യം തിളയ്ക്കുന്നു.
തുറന്നു പിടിക്കുക കാതുകൾ, നിറയ്ക്കട്ടെ
നിങ്ങളുടെ ചുവടുകൾ താങ്ങിയ നെഞ്ചുകൾ.
ജനാധിപത്യത്തിൻ്റെ സ്മാരകശിലകളാണ്,
അതിൽ എത്ര നിരപേക്ഷമായി എഴുയിരിക്കുന്നു,
വിവേചനത്തിൻ്റെ സമത്വവാദങ്ങൾ.
ഇല്ല, ഇല്ലേയില്ല, എല്ലാം മറന്നു പോയ രേഖകൾ.
ഭയം, ഒറ്റക്കൊമ്പുമായ് വന്ന് ഇരുട്ടിൽ കുത്തും.
കറുത്തവൻ്റെ കണ്ണിലെ കൃഷ്ണമണികൾ
എത്ര ചുവന്നാലും ഇരുട്ടിൽ കത്തിനിൽക്കും.
എല്ലാ ഉടമ്പടികളിലും ഒപ്പു ചാർത്താതെ പോയത്,
മൗനങ്ങളുടെ താഴ്വരകൾ പൂത്തു നിന്നതിനാലാണ്.
പുതിയ ആകാശത്ത് പഴയ നക്ഷത്രങ്ങൾതന്നെ.
ക്ഷമ, വിസ്തരിക്കാനാവാത്ത നിയമവാഴ്ച,
അന്യായങ്ങളുടെ കോടതികളിൽ കെട്ടിക്കിടക്കുന്നു.
അടയാളങ്ങളില്ലാത്ത വേദനകളിൽ നിന്നും,
ഒരാരവം മുഴങ്ങിത്തുടങ്ങുന്നു.
എത്ര തച്ചുടച്ചാലും കൂട്ടിച്ചേരുന്ന ചരിത്രലിപികൾ
മണ്ണടരുകളിൽ ഒളിച്ചിരുന്ന് വാക്കുകൾ കോർക്കുന്നുണ്ട്.