Published on March 20, 2025
മാർച്ച് 21; ലോക കവിതാ ദിനം:
2025ലെ യുനെസ്കോ ലോക കവിതാ ദിനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ പ്രതിഭാവത്തിനു നല്കിയ കവിതകളിൽ, രാജു കാഞ്ഞിരങ്ങാട് രചിച്ച ‘വേർപിരിയൽ’ എന്ന കവിത.
എവിടെ പൊൻമണി മാലകൾ
ചാർത്തി നിന്നിടും വയലേലകൾ
പൈക്കിടാവുകൾ മേഞ്ഞു-
നിൽക്കുന്ന
മഞ്ഞണിഞ്ഞ പറമ്പുകൾ
നീളെ നീരദങ്ങളും, നിരന്ന
പുൽക്കൊടികളും
നീരവ ഗ്രാമവീഥിയും
നീണ്ട ശീമക്കൊന്നയും
കാട്ടുവല്ലികൾ പൂത്തതിൽ
തേൻ നുകരും കരിവണ്ടുകൾ
കൊറ്റികൾ കാത്തു നിന്നിടും
കുളങ്ങളും ചെറു തോടുകളും
മന്ദമാരുത നിർവൃതി,
ചന്തമാർന്നുള്ള പാൽപ്പുഴ,
കുന്നുകൾ. പിന്നെ, കാവുകൾ
പുല്ലുമേഞ്ഞ നൽവീടുകൾ
കഴിഞ്ഞു പോയതിന്നോർമ്മതൻ
നെന്മണം പാറിയെത്തവേ
വേർപിരിയാൻ മാത്രമായി നാം
കണ്ടുമുട്ടിയോരെന്നറിയുന്നു