Published on: October 23, 2025

ജീവൻ തുടിക്കുന്ന വേരുപാലത്തിലൂടെ ഒരു സവാരി
മൗലിനോംഗിൽ നിന്നുള്ള മടക്കയാത്രയിലാണ് ആ നാടിന്റെ ഭംഗി കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞതെന്നു തോന്നി. പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ ഒരു ഗ്രാമം. കവുങ്ങുകൾ ധാരാളം തഴച്ചു നില്ക്കുന്ന ആ പാതകൾ പിന്നിട്ട് പോകുമ്പോഴാണ് ഞങ്ങൾ അറിയുന്നത്, ആ കവുങ്ങുകൾക്കപ്പുറത്ത്, ഏതാനും കിലോമീറ്റർ ദൂരത്തിൽ ബംഗ്ലാദേശ് അതിർത്തിയാണെന്നത്.
ടൂർ പാക്കേജ് അനുസരിച്ച് അസാമിലെ കാഴ്ചകൾ ഗാർഡൻ ഓഫ് കേവ്സോടെ തീർന്നു. അടുത്ത യാത്ര മേഘാലയയാണ്. തലേന്ന് രാത്രിയിലെ Jms റെസിഡൻസിയിലെ മോശം ട്രീറ്റും ഭക്ഷണവും കാരണം അവിടെനിന്നും അതിരാവിലെ, പ്രാഥമിക കൃത്യങ്ങൾക്കു ശേഷം പ്രാതൽ പോലും കഴിക്കാതെ പുറപ്പെട്ടു.
പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലൂടെയുള്ള യാത്രയായിരുന്നു പിന്നീട്. നല്ല വീടുകളോ കെട്ടിടങ്ങളോ ഒന്നും കാണാനില്ല. എല്ലായിടത്തും പാറയും മണലും പൊടിയും മാത്രം. നല്ല റോഡുകളും ദുർലഭം. കുറച്ചു ദൂരം പോയപ്പോൾ ഒരു ഹോംസ്റ്റേ കണ്ടു. ഭക്ഷണം റെഡിയാണ്.
കുറച്ചു പെൺകുട്ടികൾ നടത്തുന്ന വൃത്തിയുള്ള ഭക്ഷണശാല. ഞാനും രാധികയുമൊഴികെ- ഞങ്ങളുടെ വയർ പ്രശ്നമായിരുന്നു- എല്ലാരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഞാൻ രണ്ടു മുട്ടപുഴുങ്ങിയതിൽ ഭക്ഷണം ഒതുക്കി. ഞങ്ങൾ മലയാളികളാണെന്ന് അറിഞ്ഞപ്പോൾ അവിടുത്തെ മുതലാളി കുട്ടിക്ക് വളരെ സന്തോഷം. അവൾ മലയാളത്തിൽ ‘നമസ്തേ’ പറഞ്ഞു. കേരളം വലിയ ഇഷ്ടമാണെന്നും കൊച്ചിയിൽ വന്നിട്ടുണ്ടെന്നും പറഞ്ഞു.
അവിടെ നിന്നും പുറപ്പെട്ട ആ യാത്ര ചെന്നെത്തിയത്, മൗലിനോങിലാണ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി അറിയപ്പെടുന്ന മൗലിനോങ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ സ്ഥിതി ചെയ്യുന്നു. ഖ്യാതി പോലെ തന്നെ, കാടിനുള്ളിൽ സുന്ദരമായ ഒരു നാട്.
അവിടെയാണ്, പ്രസിദ്ധമായ ലിവിങ് റൂട്ട് ബ്രിഡ്ജ്. മൗലിനോംഗിലെ ‘ഗോഡ് ഓൺ ഗാർഡൻ’ ഭാഗത്താണ് ജീവനുള്ള ഈ പാലം സ്ഥിതി ചെയ്യുന്നത്. ഒരു കരയിൽ നിൽക്കുന്ന മരത്തിന്റെ വേരുകൾ മറു കരയിലേക്ക് കൊണ്ടു പോയി മറ്റൊരു മരത്തിന്റെ വേരുകളുമായി ബന്ധിപ്പിച്ച്, വർഷങ്ങൾ നീണ്ട പ്രയ്തത്തിലൂടെ ഖാസിക്കാർ ഉണ്ടാക്കിയെടുത്തതാണ് ഇത്. ചെറുതും വലുതുമായ ഇത്തരം നിരവധി പാലങ്ങൾ മേഘാലയയിൽ ഉണ്ട്. നമ്മുടെ അത്തി മരങ്ങളെപോലെയോ ആലുകളെപോലെയോ ഉള്ള മരങ്ങളുടെ മുകളിൽ നിന്നും ഊർന്നിറങ്ങുന്ന വേരുകളാണ് ഇത്തരം പാലങ്ങളായി പരിണമിക്കുന്നത്. അമ്പതിൽ പരം ആളുകളെ താങ്ങാനുള്ള ശേഷിയുണ്ട് ഇവയിൽ ഭൂരിഭാഗത്തിനും. നൂറ്റാണ്ടുകൾ പഴക്കമുണ്ട് പലതിനും.


ഇവിടങ്ങളിലെ പുഴകളിൽ കൂറ്റൻ പാറകൾ ധാരാളമായി ഉള്ളതുകൊണ്ട് വഞ്ചിയോ മറ്റു ജലയാത്രാ സൗകര്യങ്ങളോ എളുപ്പമല്ല. പുഴകളിൽ മിക്കവാറും എക്കാലത്തും ശക്തമായ ഒഴുക്ക് ഉണ്ടാകുന്നതിനാൽ തൂണുകൾ കെട്ടി ഉയർത്തുന്ന പാലങ്ങളും എളുപ്പമല്ല. അതുകൊണ്ടു തന്നെ ഇത്തരം പ്രകൃതിദത്തവും ജീവനുള്ളതുമായ വേരുപാലങ്ങൾ തന്നെ ഇക്കാലത്തും ഇവിടങ്ങളിലെ പല ഗ്രാമങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്നു. വേരുപാലങ്ങൾക്കു പുറമെ, മുളകൾകൊണ്ട് നിർമ്മിച്ച പാലങ്ങളും ഇവിടെ ധാരാളമായി കാണാം.
പ്രധാന റോഡിൽ നിന്നും ലിവിങ് റൂട്ട് ബ്രിഡ്ജിൽ കയറാൻ കുറച്ചധികം സ്റ്റെപ്പുകൾ ഇറങ്ങണം. കൃത്യമായ ഒരു നടപ്പാതയില്ലാതെ, ഉരുളൻ കല്ലുകൾ ചവിട്ടിമെതിച്ചും വിസൃതമായി വിരിഞ്ഞുകിടക്കുന്ന പാറകളിലൂടെ നിരങ്ങിയും വേണം റൂട്ട് ബ്രിഡ്ജിൽ എത്താൻ.
വഴിയുടെ രണ്ടു വശത്തും ചെറിയ കച്ചവടസ്റ്റാളുകൾ ഉണ്ട്. ഫ്രൂട്ട്സ്, സോഫ്റ്റ്ഡ്രിങ്ക്സ്, ബിസ്‌ക്കറ്റ്, സ്വീറ്റ്‌സ് തുടങ്ങിയവയുടെ ചെറുകിട കച്ചവടം. ടൗണിൽ നിന്നു വാങ്ങി, തലച്ചുമടായിവേണം അതെല്ലാം ഇവിടെയെത്തിക്കാൻ. അതുകൊണ്ടു തന്നെ, പാക്കറ്റിൽ കാണുന്ന വിലയല്ല അവർ ഈടാക്കുന്നത്. അവരുടെ ആ ബുദ്ധിമുട്ട് മനസിലാക്കുന്നവർ വിലപേശാതെ തന്നെ വാങ്ങും. ഈ ചെറിയ ബിസിനസ് അല്ലാതെ, ഇവിടുത്തുകാരുടെ പ്രധാന വരുമാനമാർഗം കവുങ്ങ് കൃഷിയും ഇലവംഗ (കറുവപ്പട്ട) കൃഷിയും പിന്നെ മീൻപിടുത്തവും ആണ്.

വേരുപാലത്തിലൂടെ മന്ദം മന്ദം നടക്കുന്നതിനിടയിൽ താഴോട്ട് നോക്കി നോക്കി നടന്നപ്പോൾ നദിയിലെ വെള്ളത്തിന് ചിലയിടങ്ങളിൽ പച്ചനിറം. ഈറ്റക്കാടുകളും, മുളംകാടുകളും അതിരിട്ടുകൊണ്ട് ആ കാനനച്ചോല മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നപ്പോൾ ഞങ്ങൾ കുറുകെ നടന്നുകൊണ്ടിരുന്നു. പാലത്തിന്റെ കൈവരികൾ പോലും മരകൊമ്പുകളിൽ നിന്നും ഊർന്നിറങ്ങുന്ന തടിച്ചുരുണ്ട നാരുകൾ കൊണ്ടും വശങ്ങളിൽ നിന്നും വളർന്നു നില്ക്കുന്ന ശാഖകളെ കൂട്ടിപ്പിണഞ്ഞും ഒക്കെയാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലപ്പഴക്കത്താൽ ദ്രവിച്ചുപോയ ചിലയിടങ്ങളിൽ മുളകൊണ്ട് കൈവരി കെട്ടിയിട്ടുണ്ട്.
നടപ്പാത പരന്ന ചെറിയ പാറകല്ലുകൾ വിരിച്ച് അതിനുമുകളിൽ മണ്ണിട്ടു നിരത്തി, ഒരു ചെമ്മൺപാത പോലെ കിടന്നിരുന്നു. പാലത്തിന്റെ മറുകര കണ്ട് തിരിച്ചു വരുമ്പോഴേക്കും ഞങ്ങളിലെ പലരുടെയും ക്യാമറകൾ മനോഹരമായ നിരവധി ദൃശ്യങ്ങൾ പകർത്തിയിരുന്നു.

മൗലിനോംഗിൽ നിന്നുള്ള മടക്കയാത്രയിലാണ് ആ നാടിന്റെ ഭംഗി കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞതെന്നു തോന്നി. പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ ഒരു ഗ്രാമം. കവുങ്ങുകൾ ധാരാളം തഴച്ചു നില്ക്കുന്ന ആ പാതകൾ പിന്നിട്ട് പോകുമ്പോഴാണ് ഞങ്ങൾ അറിയുന്നത്, ആ കവുങ്ങുകൾക്കപ്പുറത്ത്, ഏതാനും കിലോമീറ്റർ ദൂരത്തിൽ ബംഗ്ലാദേശ് അതിർത്തിയാണെന്നത്.
മടക്കത്തിൽ വൃത്തിയുള്ള പള്ളികളും പള്ളിക്കൂടവും ശ്മശാനവും ഒക്കെ കണ്ടു. കൂടുതൽ ക്രിസ്ത്യൻ വിഭാഗക്കാരാണ് ഇവിടെയുള്ളത്. പല വീടുകളോടും ചേർന്ന് സ്കൈ വ്യൂ സംവിധാനം ഒരുക്കിയിട്ടുള്ളത് ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. മുളകൾ കൊണ്ടുള്ള കോണിയിലൂടെ കയറി, സ്കൈ വ്യൂവിന്റെ മുകൾത്തട്ടിൽ നിന്നാൽ മൗലിനോംഗിന്റെ പ്രകൃതി ഭംഗി കൂടുതൽ ആസ്വദിക്കാൻ കഴിയുമെന്നു തോന്നി.
ഞങ്ങൾ സ്കൈ വ്യൂവിൽ കയറിനിന്ന് ആകാശകാഴ്ച കാണുന്നതിനിടയിൽ ആരോ ദൂരേയ്ക്കു കൈചൂണ്ടി പറഞ്ഞു, ‘ദേ… ആ കാണുന്നതാണ്, ഇന്ത്യയുടെയുടെയും ബംഗ്ളാദേശിന്റെയും അതിർത്തി.’ അതുകേട്ട് അങ്ങോട്ടു നോക്കി നിന്നപ്പോൾ, മറ്റൊരു രാജ്യത്തിന്റെ അതിർത്തിക്കു തൊട്ടരികെ വന്നെത്തി നില്ക്കുന്ന പ്രതീതിയായിരുന്നു മനസു നിറയെ.



ഇവിടത്തെ ഭൂരിഭാഗം വീടുകളുടെയും മേൽക്കൂരകൾ തകരഷീറ്റുകൾ കൊണ്ടോ വൈക്കോൽകൊണ്ടോ പനയോലകൊണ്ടോ ഒക്കെ ആണ് മേഞ്ഞിരിക്കുന്നത്. മുളകൾ കൊണ്ടുള്ള അതിർത്തികളും മരത്തൂണുകളിൽ നില്കുന്ന കൊച്ചു വീടുകളോ വീടുകളുടെ സിറ്റൗട്ടുകളോ ഈ നാടിന്റെ മുഖമുദ്രയാണ്. എപ്പോഴും ഈർപ്പം മുറ്റി നില്ക്കുന്നതു കൊണ്ടാകണം, മരങ്ങളെന്നപോലെ, വീട്ടുമുറ്റങ്ങളിൽ ധാരാളം ചെടികൾ നട്ടുവളർത്തിയിരിക്കുന്നതു കാണാം. പൂക്കളുള്ളതും ഇലച്ചെടികളും ഒക്കെ ഇവിടത്തെ മുറ്റങ്ങളിലെ കൊച്ചു പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നു. അതിരുകളിൽ ചെമന്ന പൂവാഴകൾ(തോട്ടവാഴച്ചെടി) പൂവിട്ട് താഴേക്ക് കുലച്ചു കിടക്കുന്നത് സർവ്വസാധാരണം. മിക്ക വീടുകളിലും ഏതാനും കവുങ്ങുകളെങ്കിലും തലയുയർത്തി നില്ക്കുന്നുണ്ടാകും. വീടുകളളുടെ മുൻപിലെ റോഡ് അരുകിൽ പാറക്കല്ലുകൾ ചെറുകൂനയാക്കി ഇട്ട് അതിലും ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്ന കാഴ്ചയും യാത്രയിലുടനീളം ഉണ്ട്.
വഴിയിൽ പലയിടത്തും കോഴികളുടെ ചെറുസംഘങ്ങളെയും കുതിരകൾ വലിക്കുന്ന, കേരളത്തിലെ ഉന്തുവണ്ടി/ തള്ളുവണ്ടി പോലത്തെ ചരക്കു വണ്ടികളെയും കണ്ടിരുന്നു.
ഏഷ്യയിലെ ‘ദ ബെസ്റ് ക്ലീനെസ്റ്റ് വില്ലേജ്’ എന്ന പട്ടമുള്ള ഈ ഗ്രാമം വൃത്തിക്കും വെടുപ്പിനും പ്രകൃതിദത്ത ജീവിത രീതിയ്ക്കും മാത്രമല്ല, നൂറുശതമാനം സാക്ഷരതയ്ക്കും പേരുകേട്ട ഒരു ദേശമാണെന്ന തിരിച്ചറിവിൽ ഞങ്ങളുടെ വാഹനം അടുത്ത ടാർജറ്റ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
തുടരും…


 
                        

 
 
 
 
 
 







 
                       
                       
                       
                      