Published on: July 24, 2025

ആ ആന (ആനക്കവിതകൾ)
ഒറ്റയാന്‍:
കുട്ടിയുണ്ട്
കളിയാനയെ
നാട്ടിലിറക്കുന്നു.
ഒറ്റയാനായി
അവനതിനു പിറകെ
ചിന്നം വിളിക്കുന്നു.
അകത്തു നിന്നും
പുറത്തിറങ്ങും
ഒറ്റയാന്‍റെ ചിന്നം വിളിയെ
ആരാവും
വെടിവച്ചു വീഴ്ത്തിയതെന്ന്
അടുക്കളയില്‍ നിന്നും
ഓടി വരും അമ്മ
കാണും തൊടിയിലെ
മരങ്ങള്‍ക്കിടയില്‍
കാടെന്നു തിടംവെച്ച
ഇരുട്ട്.
താര:
കാട്ടില്‍
ആന നടക്കും വഴിയാകും
ആനത്താര.
ഞാന്‍ നടക്കും വഴിയാകണം
ജ്ഞാനത്താര.
ആകയാല്‍ ഞാന്‍
നടക്കാതെ
ജ്ഞാനത്തിനായിരിക്കും
വീട്ടില്‍.
.
തോട്ടി:
ആനപ്രാന്തനായിരുന്നു
അയാള്‍.
സ്വന്തമായൊരാനയെ
വാങ്ങണമെന്നായിരുന്നു
ജീവിതാഭിലാഷം.
അതിനുള്ള പണം
ഒത്തുവരാഞ്ഞതിനാല്‍
അയാളൊരു തോട്ടി വാങ്ങി
സന്തുഷ്ടനായി.
മദോന്മത്തം:
ആനയ്ക്ക് മദംപൊട്ടുമ്പോലെയല്ല
മനുഷ്യന് മദം പൊട്ടുന്നത്.
ആനയ്ക്ക് മദം പൊട്ടിയാല്‍
പരസ്യമാകും.
മനുഷ്യന് മദം പൊട്ടിയാലത്
രഹസ്യമാകും.
ആന ചിന്നംവിളിച്ചോടും.
മനുഷ്യന്‍ ഉന്നം പിടിച്ചോടും.
ആനയ്ക്ക് മദം പൊട്ടുന്നത്
ജൈവികം.
മനുഷ്യന് മദം പൊട്ടുന്നത്
ഫാസിസം.
തലച്ചോട്:
ആനക്കൂട്ടത്തില്‍
മുന്നില്‍ നടക്കും
തലയാനയുടെ കാല്‍പ്പാടില്‍
ചവിട്ടി നടക്കുമത്രെ
പിന്‍ നടക്കുമാനകള്‍
അത്രയ്ക്കുമായോയെന്നറിയാന്‍
തലയാനയെ ചവിട്ടി മാറ്റി
തലയാനയാവാന്‍.
ഞാനെന്‍റെ നേതാവിന്‍റെ
പിന്നാലെ നടക്കുന്നു
തട്ടിമാറ്റി നേതൃത്വമേറ്റെടുക്കാന്‍.
തലയാനയെന്നാല്‍
പിന്‍കാലാല്‍ ചവിട്ടിയകറ്റുന്നു
പറ്റുമ്പോഴൊക്കെ എന്നെ.
എന്‍റെ കാല്‍പ്പാദങ്ങള്‍
അയാളിലും വലുതായിട്ടും.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






