Published on: February 20, 2025
മേലാകെ അഹങ്കരിക്കും, അനങ്ങും.
മരണാനന്തരം പുതപ്പിക്കുമ്പോൾ
ഒന്നും അനങ്ങില്ല;
ഒട്ടും അഹങ്കരിക്കില്ല.
വലിയവരെ കെട്ടിപ്പിടിച്ചാൽ
വലിയവരാകാം;
“മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ….”
ഈ വാദംതന്നെയാണ്
അയാൾ കോടതിയിൽ ബോധിപ്പിച്ചത്.
അല്ലാതെ ആരേയും
ഉപദ്രവിച്ചിട്ടില്ല.
തീർത്തും അനാഥനായ്.
മുമ്പ് വിളിക്കുന്നവരും
മിണ്ടാതായ്.
ഇപ്പോൾ അയാൾ
ഒരു വായനശാലയാണ്.
ഒരാദരവിനും ഞാൻ കീഴടങ്ങില്ല.
ചില രാശി പണ്ടേ ദോഷം.
അതെന്റെ ജലദോഷം.
മൂക്ക് തൊടരുത്, ചീറ്റും.
തെങ്ങുകയറ്റം പഠിക്കണോ?
വേണ്ട.
തൽക്കാലം ഒരു സംഘടനയുണ്ടാക്ക്.
തെങ്ങ് നിലത്തേക്ക് വരും.
ഇവിടെ കരയുന്ന കോഴി,
എല്ലാം കമ്പിയിലാണ്.
കമ്പി പഴുക്കുമ്പോൾ
കോഴികൾ തലകുത്തി മറിയും.
ഗ്രിൽ ചിക്കനാകും.
തീറ്റയുടെ ഉപപാഠഭേദം.
സുറാബ്: ‘വടക്കൻ മലബാറിലെ മുസ്ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.
Click here to read more about Surab