ആധുനിക സ്പാനിഷ് സാഹിത്യത്തിലെ ‘തൊണ്ണൂറ്റിയെട്ടാം തലമുറ ‘എന്നറിയപ്പെടുന്നവരിൽ പ്രമുഖനായിരുന്നു, കവി അന്തോണിയോ മച്ചാദോ. അദ്ദേഹത്തിന്റെ പൂർണ്ണനാമം, അന്തോണിയോ സിപ്രിയാനോ ജോസ് മരിയ വൈ ഫ്രാൻസിസ്കോ ഡി സാന്താ അന്ന മച്ചാദോ വൈ റൂയ്സ് എന്നാണ്. 1875 ജൂലൈ 26 ജനിച്ച മച്ചാദോ, 1939 ഫെബ്രുവരി 22നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ആദ്യകാലത്ത്, ആധുനിക ശൈലിയിലുള്ള പ്രണയാത്മക കവിതകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന മച്ചാദോ പിൽക്കാലത്ത്, താവോയിസമെന്ന അതിപ്രാചീന ചൈനീസ് ദാർശനികതയിലേക്ക് എത്തുകയും തന്റെ കൃതികളിൽ മാനവികയേയും അസ്തിത്വവാദങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്തുപോന്നു.
മച്ചാദോയ്ക്കുശേഷം, എൺപതുകളുടെ അവസാന പകുതിയിൽ സ്പാനിഷിലെ പ്രമുഖ കവിയായിരുന്ന ജെറാർഡോ ഡീഗോ മച്ചാദോയെ വിശേഷിപ്പിച്ചത്, ‘കാവ്യത്തിൽ സംസാരിക്കുകയും കവിതയിൽ ജീവിക്കുകയും ചെയ്ത വ്യക്തി’ എന്നായിരുന്നു.
സ്പെയിനിലെ സെവില്ലെയിലാണ് മച്ചാദോ ജനിച്ചത്. സ്പാനിഷിലെ പ്രശസ്ത നാടോടി എഴുത്തുകാരനായ സിപ്രിയാന അൽവാറെസ് ഡുറാന്റെ ചെറുമകനായിരുന്നു. ഒരു ഫ്രഞ്ച് പ്രസാധകന്റെ വിവർത്തകനായി പാരീസിൽ ജോലി ചെയ്യുന്ന കാലത്ത്, ഫ്രഞ്ച് സിംബോളിസ്റ്റ് കവികളായ ജീൻ മോറിയാസ്, പോൾ ഫോർട്ട്, പോൾ വെർലൈൻ എന്നിവരുയും റൂബൻ ഡാരിയോ, ഓസ്കാർ വൈൽഡ് എന്നിവരുൾപ്പെടെ മറ്റ് സമകാലിക സാഹിത്യകാരന്മാരായും അദ്ദേഹത്തിനു ബന്ധപ്പെടുവാൻ കഴിഞ്ഞു. സാഹിത്യത്തിലെ മഹാരഥന്മാരായ ഇവരുമായുള്ള സമ്പർക്കം മച്ചാദോയിലെ കവിയെ കൂടുതൽ പ്രചോദിതനാക്കി.
1901ൽ, ‘ഇലക്ട്ര’ എന്ന സാഹിത്യ ജേണലിലാണ്, മച്ചാദോയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചുവന്നത്. 1903ൽ, അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം, ‘സോളെഡാഡെസ്’ പുറത്തിറങ്ങി. പിന്നീട് നാലുവർഷത്തിനുശേഷം, 1907ലാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന്റെ നിർണായക വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘സോളെഡാഡെസ് ആൻഡ് ഗാലിറിയാസ്’ എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയത്. അതേ വർഷംതന്നെ, പ്രസിദ്ധീകരിച്ചു. ഒട്രോസ് പോയമാസ്. അതേ വർഷം തന്നെ, പാരീസിലെ സോറിയയിലെ ഒരു സ്കൂളിൽ അദ്ദേഹത്തിനു പ്രൊഫസറായിജോലി ലഭിക്കുകയും ചെയ്തു.
സോറിയയിൽ മച്ചാദോ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകൾ ലിയോണർ ഇസ്ക്വിയർഡോയെ വിവാഹം കഴിച്ചു. 1909ലായിരുന്നു അത്. അന്നദ്ദേഹത്തിന് 34 വയസും ലിയോണറിന് 15 വയസുമായിരുന്നു പ്രായം. എന്നാൽ, മൂന്നുവർഷക്കാലത്തോളമായിരുന്നു ആ ദാമ്പത്യം നിലനിന്നത്. മച്ചാദോയുടെ ‘കാംപോസ് ഡി കാസ്റ്റില’ കവിതാ സമാഹാരം പുറത്തിറങ്ങി ഏതാനും നാളുകൾക്കുള്ളിൽ ലിയോണർ ക്ഷയരോഗം ബാധിച്ചതിനെതുടർന്ന് അന്തരിച്ചു. 1912 ഓഗസ്റ്റ് 1നായിരുന്നു ‘കാംപോസ് ഡി കാസ്റ്റില’ പ്രസിദ്ധീകരിക്കപ്പെട്ടത്.
ലിയോണറുടെ വിയോഗത്തെതുടർന്നു നൈരാശ്യത്തിൽ അടിമപ്പെട്ടുപോയ മച്ചാദോ അധികം വൈകാതെ സോറിയ വിട്ടു. തന്റെ കാവ്യജീവിതത്തിന് ഏറ്റവും കൂടുതൽ പ്രചോദനമായ ഈ നഗരത്തിലേക്കു പിന്നീടൊരിക്കലും അദ്ദേഹം വന്നില്ല. സോറിയയിൽനിന്നും അൻഡാലുഷ്യയിലെ ബെയ്‌സയിലെത്തിയ മച്ചാദോ, ലിയോണറിന്റെ മരണത്തെക്കുറിച്ചു നിരവധി കവിതകളെഴുതി. ഇവ, 1916-ൽ പ്രസിദ്ധീകരിച്ച കാംപോസ് ഡി കാസ്റ്റിലയുടെ പതിപ്പിൽ ഉൾപ്പെടുത്തി. കാംപോസ് ഡി കാസ്റ്റിലയുടെ രചനയോടെയാണ് അദ്ദേഹം പരമ്പരാഗത- ആധുനിക ശൈലി വിട്ട്, ഉത്തരാധുനിക ശൈലിയിലേക്കു കടന്നത്.
‘വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ.’ എന്നെഴുതിയ മച്ചാദോ, അക്ഷരാർത്ഥത്തിൽതന്നെ അക്ഷരങ്ങളെ, എഴുത്തിനെ പ്രണയിക്കുകയും അതിനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.