Published on: December 28, 2025

ബോധോദയം
ആവുമോ ഭൂകമ്പത്തെ
നെഞ്ചിലൊളിപ്പിക്കാന്‍?
ആവുമോ കൊടുങ്കാറ്റിനെ
മുഷ്ടിയിലൊതുക്കാന്‍?
ആവുമോ മിന്നലിനെ
സിരകളിലോടിക്കാന്‍?
ആവുമോ പ്രളയത്തെ
രക്തമായുയര്‍ത്താന്‍?
ആവുമോ നിലാവിനെ
ലഹരിയായി മോന്താന്‍?
ആവുമോ ദിഗന്തങ്ങളെ
ഒരൊറ്റ കാലടിയിലൊതുക്കാന്‍?
ആവുമോ ആകാശത്തെ
കണ്ണിലടക്കാന്‍?
ആവുമോ കാറ്റിനെ
ചിറകുകളാക്കാന്‍?
ആവുമോ വെയിലിനെ
ഭസ്മമായി നെറ്റിയിലണയാന്‍?
ആവുമോ ഭൂമിയുടെ
കറക്കം നിര്‍ത്താന്‍?
ആവുമോ ചന്ദ്രനെ
നെറ്റിക്കുറിയാക്കാന്‍?
അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും
ആവും ആവും എന്നേ
അവന്‍ മൊഴിഞ്ഞുകൊണ്ടിരുന്നു.
എങ്ങനെ?
എന്നവള്‍ ചോദിക്കും മുമ്പേ
അവളുടെ മൃദുലമായചുണ്ടുകളില്‍
അവന്‍റെ പരുഷമായചുണ്ടുകള്‍
ഒരു പൂമ്പാറ്റയായി പറന്നിരുന്നു.
അവള്‍ക്ക് ബോധ്യമായി.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






