ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾത്ര പെട്ടെന്നാണ്
ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെ
രണ്ട് പൂവുകൾക്കിടയിൽ
കൊടുങ്കാറ്റും പേമാരിയും
ചിതറിവീണ്
രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,
കുതറിവീഴുന്നത്.

ജീവിതം വീണ്ടും കൂട്ടി വായിക്കുമ്പോൾ
ഒരു വീട്ടിലെ രണ്ട് മുറികൾക്കിടയിൽ
ഒരു കടൽ പ്രക്ഷുബ്ധമാവുന്നത്;
രണ്ട് ഗ്രഹങ്ങളിലെന്ന പോലെ,
അന്യമാവുന്നത്.
ഒരേ അടുക്കളയിൽ
രണ്ട് അടുപ്പുകൾ പിറക്കുന്നത്.
രണ്ട് ഭൂപടങ്ങളിലെ,
ചോരയിറ്റുന്ന വാക്കുകളായി
തല കുത്തിമറിയുന്നത്;
കലമ്പി പിരിയുന്നത്.

മക്കളുടെ സ്വപ്നങ്ങൾക്ക് നിറം കൊടുത്ത്,
പ്രതീക്ഷകൾക്ക് കുട പിടിച്ച്,
പാതി മരവിച്ച വീടിനുള്ളിൽ നിന്നും
അച്ഛനും അമ്മയും
പടിക്ക് പുറത്ത് അനാഥമാകുന്ന
രണ്ട് കണ്ണുനീർതുള്ളികളാവുന്നത്;
ചവിട്ടി മെതിക്കപ്പെടുന്ന
രണ്ട് പാഴ് വാക്കുകളാവുന്നത്.

എത്ര പെട്ടെന്നാണ്,
ചേർത്ത് പിടിക്കലുകൾ നഷ്ടമായ
മഴവെള്ളപാച്ചിൽ പോലെ
ചില ജീവിതങ്ങൾ
പല തുരുത്തുകളിലേക്ക് വഴുതി മാറി,
നെഞ്ച് കുത്തിപ്പിടയുന്നത്.

ഒരുപക്ഷേ,
ഇലകൾക്കിടയിൽ വീണ് ഉരുകിയൊലിക്കുന്ന
മഞ്ഞ് തുള്ളികളെ നമ്മൾ കാണാറേയില്ല.
കൊടും വെയിൽ തൊടുമ്പോൾ
വീണ്ടുമവ,
ഒരോർമ്മക്കുറിപ്പ് മാത്രമാവുന്നതും
നമ്മളറിയാറേയില്ല■■■