“ജനകജേ, ഭാഗ്യദോഷത്തിൻ ജന്മമേ, അയോധ്യയിലേക്കുള്ള ഈ മടക്കത്തിൽ വൈമാനികൻ മാറിയെന്നേയുളളു”

2011 ജനുവരി 2ലെ മാധ്യമം വാരന്തപ്പതിപ്പിൽ വന്ന ഗീതാഹിരണ്യൻ അനുസ്മരണം
2011 ജനുവരി 2ലെ മാധ്യമം വാരന്തപ്പതിപ്പിൽ വന്ന ഗീതാഹിരണ്യൻ അനുസ്മരണം

അകാലത്തിൽ അസ്തമിച്ച സാഹിത്യകാരി ഗീതാഹിരണ്യന്റെ തൂലികയിൽ നിന്ന് ഈ വ രികൾ നേടിയെടുത്തതോർക്കുമ്പോൾ തൃശുരിലെ യുവ ചലച്ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ സതീഷ് കളത്തിലിന്റെ മുന്നിൽ തെളിയുന്നത് സിനിമയിലെന്നപോലെ ഒരിക്കലും മായാത്ത ചില രംഗങ്ങളാണ്.

എട്ട് വർഷം മുമ്പുള്ള പുതുവർഷം കടന്നുവന്നത് മലയാളസാഹിത്യത്തിന് കനത്ത ദുഃഖം സമ്മാനിച്ചുകൊണ്ടായിരുന്നു. 2002 ജനുവരി രണ്ടിനായിരുന്നു അനുഗൃഹീത കഥാകാരിയും കവയിത്രിയുമായ പ്രൊഫ. ഗീതാഹിരണ്യനെ കേരളത്തിന് നഷ്ടപ്പെട്ടത്. അക്ഷരങ്ങളിലൂടെയും അല്ലാതെ വ്യക്തിപരമായും അവരെ അറിയുന്നവരെല്ലാം തന്നെ അവരുടെ വേർപാടിൽ മനംനൊന്തു. പ്രശസ്ത സാഹിത്യകാരിയായിരുന്ന ലളിതാംബിക അന്തർജനത്തിന്റെ സഹോദരൻ ഡി. ശ്രീധരൻ പോറ്റിയുടെ മകളായി 1958 മാർച്ച് 20നാണ് ഗീത ഹിരണ്യൻ ജനിക്കുന്നത്. ‘ഒറ്റ സ്നാപിൽ ഒതുക്കാനാവില്ല ജന്മസത്യം’, ‘അസംഘടിത’, ‘ഇനിയും വീട്ടാത്ത ഹൃദയത്തിൻറ കടം’ എന്നിവയാണ് പ്രധാന രചനകൾ.

ജലച്ചായം എന്ന ചലച്ചിത്രത്തിലൂടെ പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിമിന്റെ സംവിധായകനായ സതിഷ് അല്പം രാഷ്ട്രീയവും സ്വൽപം പ്രതപ്രവർത്തനമോഹവുമായി നടക്കുന്ന കാലം. ‘പതിഭാവം’ എന്ന പേരിൽ ഒരു പ്രതിമാസപത്രത്തിന്റെ ഡിക്ലറേഷൻ സംഘടിപ്പിക്കുന്നു. 2000 ൽ പുറത്തിറക്കാനുദ്ദേശിക്കുന്ന ആദ്യപതിപ്പിൽ വാർത്തകൾക്കൊപ്പം ഒരു കവിതക്കായി തിരയുകയാണ്. തൃശൂരിലെ സാഹിത്യവേദികളിൽ സ്ഥിരസാന്നിധ്യമായിരുന്ന ഗീതടിച്ചർ രോഗാവസ്ഥയെ തുടർന്ന് വിശ്രമത്തിലായിരുന്ന സമയമാണ്. ടീച്ചറുടെ കവിത തന്നെവേണം തന്റെ പ്രസിദ്ധീകരണത്തിലെന്ന് സതീഷ് മനസ്സിലുറപ്പിച്ചിരുന്നു. രണ്ടും കൽപിച്ച് തൃശൂർ വടക്കേസ്റ്റാൻഡിനടുത്ത് ടീച്ചറും ഭർത്താവ് പ്രൊഫ. കെ.കെ.ഹിരണ്യനും താമസിക്കുന്ന വീട്ടിലേക്ക് പത്രത്തിൻറ ലേഖകൻ ശ്രീനാഥിനേയും കൂട്ടി സതീഷ് ചെല്ലുകയാണ്. ടീച്ചറിന്റെ അവസ്ഥകണ്ട് വന്നകാര്യം പറയാൻ അറച്ചുനിന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ തങ്ങൾ ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നുണ്ടെന്നും അതിലേക്ക് ഒരു കവിത വേണമെന്നും പറയുന്നു. ‘തീരെ വയ്യ’ എന്നായിരുന്നു ഗീതാഹിരണ്യന്റെ ആദ്യ പ്രതികരണം. ടീച്ചറുടെ കണ്ണുകൾ കൂടുതൽ കറുത്തതായി സതീഷിന് തോന്നി. രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളതിനാൽ കൂടുതലൊന്നും ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല. എന്നിരുന്നാലും പെട്ടെന്ന് വീടുവിട്ടിറങ്ങാൻ തോന്നിയതുമില്ല.

യാചനാഭാവത്തോടെ സതീഷും കൂട്ടുകാരനും വീട്ടിൽതന്നെ ഇരുന്നു. ഇതിനിടെ ടീച്ചർ ദയ തോന്നിയെന്ന മട്ടിൽ ഞാനിപ്പോൾ വരാമെന്ന് പറഞ്ഞ് ആയാസപ്പെട്ട് അകത്തെ മുറിയിലേക്ക് പോയി. മടങ്ങി വരുമ്പോൾ എഴുതിവെച്ച കവിതകളേതെങ്കിലുമൊന്ന് കൈയിലുണ്ടായിരിക്കുമെന്ന് ഇരുവരും ഉറപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ ടീച്ചർ തിരിച്ചെത്തി. കൈയിലേക്ക് നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. ടീച്ചർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “പുതിയതൊന്നും കാണുന്നില്ലല്ലോ കുട്ടികളെ. ഉള്ളതെല്ലാം പലതിലും വന്നതായി തോന്നുന്നു.” ഞങ്ങളുടെ മുഖഭാവം കണ്ടിട്ടാകണം അവർ തുടർന്നു പറഞ്ഞു. “സാരമി ല്ല രണ്ട് ദിവസം കഴിഞ്ഞിട്ടു വരു ഞാൻ എഴുതിവെക്കാം.”

‘ടീച്ചറുടെ വാക്കുകളിൽ പ്രത്യാശക്ക് വക തോന്നിയെങ്കിലും അന്നുതന്നെ ഉദ്ദേശിച്ച കാര്യം നടന്നില്ലെന്ന ഇച്ഛാഭംഗം എനിക്കുണ്ടായിരുന്നു’. സതീഷ് ഓർമിച്ചു. മൊത്തത്തിലുള്ള അവസ്ഥകണ്ട് വേഗം പോകാമെന്ന് ശ്രീനാഥ് ഇടക്കിടെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ടായിരുന്നു. അപ്പോഴും എൻറ മനസ്സ് കുറച്ചുനേരം കൂടി കാത്തിരിക്കു എന്ന് പറയുന്നുണ്ടായിരുന്നു. ഈ ഒരു ധൈര്യത്തിൽ നിമിഷങ്ങൾ ചെലവഴിക്കവേ പെട്ടെന്നാണ് വീട്ടിലെ ടീപോയിയിലേക്ക് ശ്രദ്ധ പോയത്.

ടീച്ചർ കുത്തിക്കുറിച്ചിട്ട കുറെ കടലാസുകൾ അവിടെ കിടക്കുന്നുണ്ടായിരുന്നു. ടീച്ചറുടെ സമ്മതത്തോടെ ഞാൻ പതിയെ എഴുന്നറ്റ് അവ കൈയിലെടുത്തു നോക്കി. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു സന്തോഷം എനിക്ക് അപ്പോൾ തോന്നി. ഒരു അപൂർണ കവിതയിലെ നാല് വരികൾ മാത്രമുള്ള ഒരു കടലാസ് അതിലുണ്ടായിരുന്നു. ഞാൻ ധൈര്യപൂർവം ടീച്ചറോട് ചോദിച്ചു, “തൽക്കാലം ഞാനിത് എടുത്തോട്ടെ. ഇത് മാത്രം മതി.’ വലിയൊരാശയത്തിന്റെ സമ്പൂർണത അതിൽ കണ്ടുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. എന്റെ അമിത താൽപര്യം കണ്ടിട്ടാകണം അവർ ആ കടലാസ് വാങ്ങി വരികൾ വായിച്ചു. അവർക്കുതന്നെ അതിന് പൂർണത നൽകണമെന്ന് തോന്നിയിട്ടുണ്ടാകണം. കടലാസ് ടീപോയിയിൽ തന്നെ വെച്ചിട്ട് തല ഉയർത്തി എന്നെ ഒന്നുനോക്കി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു പിന്നീടെല്ലാം നടന്നത്. ടീച്ചർ കടലാസിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. എന്നിട്ട് പറഞ്ഞു, “ഇത് നോക്കിക്കൊള്ളു. നല്ലതാണങ്കിൽ എടുത്തോളൂ.”

പുറത്തിറങ്ങിയിട്ടാണ് ശ്വാസം നേരെ വീണത്. ടീച്ചർ മടക്കി നൽകിയ കടലാസ് ഞാൻ മെല്ലെ നിവർത്തി. അത് ഒരു സമ്പൂർണ കവിതയായിരുന്നു. സുഖം എന്ന തലക്കെ ട്ടിലുള്ള ആ കവിത പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ കുത്തിനിറച്ച വാർത്തകൾക്കിടയിൽ കൊടുക്കാൻ ഞാൻ നിർബന്ധിതനായി. രണ്ടാമതൊരു ലക്കത്തിനപ്പുറം പ്രതിഭാവത്തിന് ആയുസ്സുണ്ടായില്ല. കൂടുതൽ വരിക്കാർ ഉണ്ടായി വീണ്ടും ടീച്ചറുടെ കവിത പ്രസിദ്ധീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, 2002 ജനുവരി രണ്ടിന് ടീച്ചർ നമ്മെ വിട്ടുപിരിഞ്ഞതോടെ ഞാനെന്റെ ആഗ്രഹം മാറ്റിവെക്കുകയായിരുന്നു. പക്ഷേ, ടീച്ചർ എന്റെ കൈവെള്ളയിൽ വെച്ചുതന്ന കടലാസ് ഞാൻ ഒര മൂല്യനിധി പോലെ ഇന്നും സൂക്ഷിക്കുകയാണ്. സതീഷ് പറഞ്ഞുനിർത്തി.

2011 ജനുവരി 7ലെ മാധ്യമം ഗൾഫ് എഡിഷനിൽ വന്ന ഗീതാഹിരണ്യൻ അനുസ്മരണം
2011 ജനുവരി 7ലെ മാധ്യമം ഗൾഫ് എഡിഷനിൽ വന്ന ഗീതാഹിരണ്യൻ അനുസ്മരണം

* പുനഃപ്രസിദ്ധീകരണം