സിവിൿ ചന്ദ്രൻ: അദ്ധ്യാപകൻ, കവി, നാടകകൃത്ത്, രാഷ്ട്രീയ നിരൂപകൻ. നിലവിൽ, ‘പാഠഭേദം’ മാസികയുടെ പത്രാധിപർ. തൃശ്ശൂർ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങലിൽ ജനനം. മലയാളത്തിലെ ആദ്യത്തെ തെരുവുനാടകങ്ങളുടെ രചയിതാവായ സിവിക്, അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കണ്ടുകെട്ടിയ ‘യെനാൻ’ മാസികയുടെ പത്രാധിപസമിതി അംഗമായിരുന്ന അദ്ദേഹം പിന്നീട്, ജനകീയ സാംസ്കാരിക വേദിയുടെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരുമായിരുന്നു. എൺപതുകളിൽ, സിവികിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘വാക്ക്’ മാസികയ്ക്കുശേഷം, ’87ൽ, അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ‘പാഠഭേദം’ മാസിക ആരംഭിച്ചു.
‘വെളിച്ചത്തെകുറിച്ചൊരു ഗീതം’, ‘ഗൃഹപ്രവേശം’, ‘വലതുവശം ചേർന്നു നടക്കുക’ എന്നീ കവിതാ സമാഹാരങ്ങളും ‘ആൻറിനയിൽ കാറ്റുപിടിക്കുമ്പോൾ’, ‘കരിങ്കണ്ണാ നോക്കണ്ട’, ‘ഒരു കൈ കൂടെ ബാക്കിയുണ്ട്’ എന്നീ ലേഖനസമാഹാരങ്ങളും ‘എഴുപതുകളിൽ സംഭവിച്ചത്’, ‘ആഗ്നയേ ഇദം ന മമഃ’, ‘നിങ്ങളെന്തിനാണ് എൻറെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത്’, ‘എഴുപതുകൾ വിളിച്ചപ്പോൾ’ എന്നീ നാടകങ്ങളും അടക്കം നിരവധി കൃതികളും രചിച്ചിട്ടുണ്ട്. തോപ്പിൽ ഭാസിയുടെ, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്, ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പ്രതിനാടകവും എഴുതിയിട്ടുണ്ട്.
പി. ശ്രീദേവി(പരേത) യാണ് ഭാര്യ. വിവർത്തകയായ സി. കബനിയും ആർക്കിടെക്റ്റായ ഹരിതയുമാണ് മക്കൾ. കോഴിക്കോട് വെസ്റ്റ് ഹില്ലിൽ താമസിച്ചു വരുന്നു.
■■■
* സിവിൿ ചന്ദ്രൻ കവിത, 1975-77: അടിയന്തിരാവസ്ഥ(പഴയൊരു പ്രണയ കഥ)