Dr. E. Ramavaryar-Biographical Book-Sandhya E-Sathish Kalathil

ഡോ. ഇ. രാമവാര്യർ- ഞാൻ കാണാത്ത എന്റെ അച്ഛച്ഛൻ

“ഒരുപക്ഷേ ഞാനെഴുതിയില്ലെങ്കിൽ മറ്റാരെങ്കിലും എഴുതുമോ എന്നെനിക്കുറപ്പില്ല. എവിടെയും രേഖപ്പെടുത്താതെ അദ്ദേഹവും മൺമറഞ്ഞുപോകും. അത്രയും വൈവിധ്യം നിറഞ്ഞതും സംഭവ ബഹുലവുമായ ഒരു ജീവിതത്തിലൂടെ കടന്നുപോയ ഒരാൾക്കതു സംഭവിച്ചുകൂടാ.” സന്ധ്യ ഇ

“1917-ൽ വൈദ്യരത്നം പി. എസ്സ്. വാരിയർ ഒരായുർവ്വേദപാഠശാല തുടങ്ങിയത്. ഇതിൽ ശരീരവിച്ഛേദശാസ്ത്രം പഠിപ്പിക്കണമെന്നു തീർച്ചപ്പെടുത്തുകയും, പഠിപ്പിക്കുവാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എൻ്റെ അഭീഷ്ടം അല്പമെങ്കിലും നിറവേറ്റാനുള്ള അവസരമായി എന്ന വിചാരത്തോടേ ഞാൻ ശരീരവിച്ഛേദശാസ്ത്രം പഠിപ്പിക്കുവാൻ തുടങ്ങുകയും ചെയ്തു.”

1942ൽ, വൈദ്യരത്നം ആര്യ വൈദ്യ പാഠശാലയുടെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പുറത്തിറങ്ങിയ സോവനീറിൽ വന്ന ‘ഒരനുസ്മരണം’ എന്ന ലേഖനത്തിലെതാണ് മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്കുകൾ. 82 വർഷങ്ങൾക്കുമുൻപ് ഇതെഴുതിയത്, ഡോ. ഇ. ആർ. വാര്യർ എന്ന ഇ. രാമവാര്യർ.

ലേഖനം തുടർന്നു പറയുന്നു,
“ഈ പാഠശാല തുടങ്ങുന്നതിന്നു കുറച്ചുദിവസം മുമ്പു മദിരാശിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡാക്ടർ കൃഷ്ണസ്വാമിഅയ്യർ എന്നാൾ അവിടെ ഒരായുർവേദാശുപത്രിയിൽ ചെന്നു ചില ശസ്ത്രക്രിയയോ മറേറാ ചെയ്തുകൊടുത്തു എന്ന സംഗതിയ്ക്കു വലിയ വഴക്കുകളെല്ലാം ഉണ്ടാകുകയും, “റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ്സ്” ലിസ്റ്റിൽനിന്നു നീക്കം ചെയ്യുമെന്നു ശഠിയ്ക്കുകയുമുണ്ടായി. ഈ സംഭവം കേട്ടപ്പോൾ ഞാൻ റജിസ്റ്റർ തന്നെ ചെയ്യേണ്ടെന്നും പാഠശാലയിൽ പഠിപ്പിച്ചാൽ മതിയെന്നും തീർച്ചപ്പെടുത്തി. ഇത് 1920 വരെ തുടർന്നു.

ഒരു സംഗതികൂടി ഈയവസരത്തിൽ പറഞ്ഞു കൊള്ളട്ടെ. വൈദ്യശാസ്ത്രം ഒരേ ഒരു നിലയ്ക്കു നില്ക്കുന്ന ശാസ്ത്രമല്ല. ആയുർവ്വേദാചാര്യന്മാരാൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള രോഗങ്ങളും ചികിത്സാരീതിയും മാത്രമല്ലാ ഇപ്പോൾ ജനങ്ങളുടെയിടയിൽ കണ്ടുവരുന്നുള്ളൂ. ഇതിനുള്ള കാരണം അവരുടെ ഭക്ഷണരീതിയും ദിനചര്യകളും മാറിപ്പോയതായിരിക്കാം. അതെന്തായാലും, വൈദ്യശാസ്ത്രം ദിനംപ്രതി അഭിവൃദ്ധി പ്രാപിച്ചുവരുന്ന ഒരു ശാസ്ത്രമാണെന്ന സംഗതി അനുഭവംകൊണ്ടു സ്പഷ്ടമാണ്. അതുകൊണ്ടു നല്ല പഠിപ്പും ബുദ്ധിശക്തിയുമുള്ള ആളുകളെ തിരഞ്ഞെടുത്ത് അവർക്കുവേണ്ടുന്ന ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് അവരെ ഗവേഷണങ്ങൾ നടത്തുവാൻ പ്രോത്സാഹിപ്പിച്ചാൽ വളരെ ഉപകാരപ്രദമായിത്തീരും.”

Dr. E. Ramavaryar
Dr. E. Ramavaryar

സാമൂതിരി കൊട്ടാരം ഭിഷ്വഗരൻ കൂടിയായിരുന്ന രാമവാര്യരെകുറിച്ച്, അദ്ദേഹത്തിന്റെ പേരക്കുട്ടിയും മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയുമായ സന്ധ്യ ഇ പ്രസിദ്ധീകരിച്ച, ‘ഡോ. ഇ. രാമവാര്യർ- ഞാൻ കാണാത്ത എന്റെ അച്ഛച്ഛൻ’ എന്ന ജീവചരിത്ര കൃതിയിൽ ലേഖനം പൂർണ്ണമായും ഉൾപ്പെടുത്തിയിരിക്കുന്നു.

താനിതുവരെ കണ്ടിട്ടില്ലാത്ത, എഴുത്തുകാരനും ഡോക്ടറുമായിരുന്ന തന്റെ അച്ഛച്ഛന്റെ സാന്നിധ്യം ഓർമ്മവെച്ച കാലംമുതലേ തന്നോടൊപ്പമുണ്ടെന്ന് എഴുത്തുകാരി വിശ്വസിക്കുന്നു. അദ്ദേഹം ഉപയോഗിച്ച വസ്‌തുക്കളും പറഞ്ഞുവെച്ച വാക്കുളും വെച്ചുപിടിപ്പിച്ച മരങ്ങളും ഉൾപ്പെടെ അദ്ദേഹത്തിന്റെ ഓരോ നിശ്വാസവും ഒപ്പിയെടുത്ത, അദ്ദേഹം താമസിച്ചിരുന്ന വീടും എല്ലാം ജീവിതത്തിൽ എഴുത്തുകാരിയെ അത്രമേൽ സ്വാധീനിച്ച ഘടകങ്ങളാണ്. അച്ഛച്ഛനുമായി ബന്ധപ്പെട്ട, ബന്ധുക്കൾ ഉൾപ്പെടെയുള്ള വ്യക്തികളിൽ നിന്നുള്ള കേട്ടറിവുകളിലൂടെ തന്നിലേക്കാവാഹിക്കപ്പെട്ട ആ സവിശേഷ വ്യക്തിപ്രഭാവത്തെയാണ് ഈ ലഘുകൃതിയിലൂടെ എഴുത്തുകാരി നമ്മളിലേക്കെത്തിക്കുന്നത്.

Read Also  സിസ്റ്റം എറർ/കുഞ്ചിരി/സൗമിത്രൻ

‘ഏതെങ്കിലും വിധത്തിൽ ചരിത്രം തിരുത്തിക്കുറിക്കുകയോ വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുകയോ ചെയ്ത‌ ഒരാളായിരുന്നില്ല തന്റെ അച്ഛച്ഛനെങ്കിലും തീരെ സാധാരണക്കാരനുമായിരുന്നില്ല’ എന്നൊരു തിരിച്ചറിവും അതിനുതകുന്ന ഉത്തമ ബോധ്യങ്ങളുമാണ് ഇങ്ങനെയൊരു കൃതി എഴുതുവാൻ കാരണമെന്നും അതൊരു നിയോഗമാണെന്നും എഴുത്തുകാരി പറയുന്നു.

അക്കാലത്ത്, പ്രശസ്‌തനായിരുന്ന ഒരു ഭിഷഗ്വരനായിരുന്നെങ്കിലും അച്ഛച്ഛൻ എഴുതിയ നാമമാത്രമായ ചില വൈദ്യശാസ്ത്ര ലേഖനങ്ങളല്ലാതെ മറ്റെഴുത്തുകൾ, ഓർമ്മക്കുറിപ്പുകളായോ അനുഭവക്കുറിപ്പുകളായോ ലഭ്യമല്ലെങ്കിലും തനിക്ക് അച്ഛച്ഛനെ കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ല എന്നിടത്തു നിന്നാണ് ഈ കൃതി പൂർണ്ണമായത് എന്നും എഴുത്തുകാരി കൂട്ടിച്ചേർക്കുന്നു.

അതിന്റെ കാരണവും എഴുത്തുകാരി സന്ധ്യ ഇ വ്യക്തമാക്കുന്നു:
“ഒരുപക്ഷേ ഞാനെഴുതിയില്ലെങ്കിൽ മറ്റാരെങ്കിലും എഴുതുമോ എന്നെനിക്കുറപ്പില്ല. എവിടെയും രേഖപ്പെടുത്താതെ അദ്ദേഹവും മൺമറഞ്ഞുപോകും. അത്രയും വൈവിധ്യം നിറഞ്ഞതും സംഭവ ബഹുലവുമായ ഒരു ജീവിതത്തിലൂടെ കടന്നുപോയ ഒരാൾക്കതു സംഭവിച്ചുകൂടാ.”

ഗുരുവായൂർ തീർത്ഥം പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിന് അവതാരിക എഴുതിയത്, ഡോ. ആർ. വി. രാംലാൽ ആണ്.

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹