Published on: September 9, 2025
ഡോ. ടി. എം. രഘുറാമിനും കാർത്തികൈ പാണ്ഡ്യനും 'വിജയാ വായന വൃന്ദം വിവർത്തന പുരസ്കാരം'

കോയമ്പത്തൂർ: പ്രശസ്ത തമിഴ് എഴുത്തുകാരനും വിവർത്തകനുമായിരുന്ന കെ. എസ്. സുബ്രഹ്മണ്യന്റെ സ്മരണയ്ക്കായ് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വിജയാ വായന വൃന്ദത്തിന്റെ(விஜயா வாசகர் வட்டம்) 2025ലെ വിവർത്തന പുരസ്കാരങ്ങൾ മലയാളത്തിലെ പ്രമുഖ ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവർത്തകനുമായ ഡോ. ടി. എം. രഘുറാമിനും മധുര എൻജിനീയറിങ് കോളേജ് പ്രൊഫസർ എം. കാർത്തികൈ പാണ്ഡ്യനും ലഭിച്ചു.
അന്യഭാഷകളിൽനിന്നു തമിഴിലേക്കും തമിഴിൽനിന്ന് അന്യഭാഷകളിലേക്കും പരിഭാഷ ചെയ്യുന്ന കൃതികൾക്കാണു പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഓരോ വർഷവും രണ്ട് പേർക്കാണു നല്കുന്നത്.
പ്രശസ്ത തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാഞ്ചിൽ നാടന്റെ ‘ചൂടിയ പൂ ചുടർക’ എന്ന തമിഴ് കഥാസമാഹാരത്തിന്റെ ‘ചൂടിയ പൂവ് ചൂടരുത്’ എന്ന മലയാള വിവർത്തനവും സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥാസമാഹാരത്തിന്റെ തമിഴ് വിവർത്തനവുമാണ്, രഘുറാമിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
മെക്സിക്കൻ എഴുത്തുകാരൻ ഹുവാൻ റുൾഫോ(Juan Rulfo) യുടെ പെഡ്രോ പരാമോ(Pedro Paroma) എന്ന സ്പാനിഷ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ തമിഴിലേക്കു വിവർത്തനം ചെയ്തതിനാണ്, കാർത്തികൈ പാണ്ഡ്യന് അവാർഡ്.
ആഗസ്റ്റ് 24 ഞായറാഴ്ച, കോയമ്പത്തൂർ ഗോപാലപുരം ആർദ്ര ഹാളിൽ നടന്ന ചടങ്ങിൽ, കേരള റവന്യൂ സെക്രട്ടറി എം. ജി. രാജമാണിക്യം പുരസ്കാരങ്ങൾ വിതരണം ചെയ്തു.

മലയാളം- തമിഴ്- ഇംഗ്ലീഷ് ഭാഷകളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രഘുറാം, കഴിഞ്ഞ ഇരുപത്തേഴ് വർഷമായി മാതൃഭൂമിയുടെ ആരോഗ്യ മാസികയിൽ സെക്സോളജി പംക്തി കൈകാര്യം ചെയ്യുന്നു.
ഇംഗ്ലീഷിൽ ഇതുവരെ അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള രഘുറാമിന്റെ, 1987ൽ പുറത്തിറങ്ങിയ ‘A Handful of Dreams’ എന്ന ആദ്യത്തെ ഇംഗ്ലീഷ് കവിതാ സമാഹാരം കോമൺവെൽത്ത് പോയട്രി പ്രൈസിന് ഏഷ്യയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ്- മലയാളം ഗദ്യ വിവർത്തനത്തിന് ബ്രിട്ടീഷ് കൗൺസിലിന്റെ 1989ലെ മെറിറ്റ് അവാർഡ് ലഭിച്ചു. 2008ൽ, തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്കുള്ള മൊഴിമാറ്റ കൃതികൾക്കു ചെന്നൈ നല്ലി ടെക്സ്റ്റൈൽസും ദിശൈ എട്ടും മാസികയും ഏർപ്പെടുത്തിയ നല്ലി/ ദിശൈ എട്ടും പുരസ്കാരം വൈശാഖൻ കഥകളുടെ തമിഴ് വിവർത്തനത്തിനു ലഭിച്ചു. 2016ൽ, തമിഴ്- മലയാളം വിവർത്തനത്തിന് ഇ കെ ദിവാകരൻ പോറ്റി അവാർഡും കാളിയത്ത് ദാമോദരൻ അവാർഡും ലഭിച്ചു.
കണ്ണൂർ തലശ്ശേരി സ്വദേശിയും അറിയപ്പെടുന്ന പുല്ലാംകുഴൽ വാദകനും ചിത്രകാരനുമായ രഘുറാമിന് 2008ൽ, ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പി. ഭാസ്കരൻ അവാർഡും ലഭിച്ചിട്ടുണ്ട്. നാല്പതു വർഷത്തോളമായി മഞ്ചേരിയിൽ മനോരോഗ ചികിത്സ നടത്തുന്ന രഘുറാം, പെരിന്തൽമണ്ണ എം. ഇ. എസ് മെഡിക്കൽ കോളേജിലെ റിട്ട. സൈക്യാട്രി പ്രൊഫസർകൂടിയാണ്. ചിത്രകാരിയും എഴുത്തുകാരിയുമായ നവനീതമാണ്, ഭാര്യ. മക്കൾ: സംഗീത, കാവ്യ, ഡോ. ഹരികീർത്തൻ.
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് വായിക്കാം