മലകയറുമ്പോൾ മരത്തവളകളും ചീവീടുകളും ഒരു പ്രത്യേക താളത്തിൽ ചൂളം വിളിച്ചുകൊണ്ടിരുന്നു. മെല്ലെയൊഴുകുന്ന പടിഞ്ഞാറൻകാറ്റിൽ പച്ചമരുന്നുകളുടെ സുഗന്ധം ഒഴുകിവരുന്നു. മനോഹരമായി പണിതീർത്തവഴിയിലൂടെ മന്ദം മന്ദം വളവുകൾ പിന്നിടുമ്പോൾ പ്രകൃതിയുടെ സ്നേഹസ്പർശം അറിയുന്നു. പുലർക്കാലത്തിന് പുതുനിറം നൽകി പൂമഞ്ഞും പ്രകാശദേവനും മലഞ്ചെരുവുകളിൽ ചിത്രമെഴുതുന്നു. ചാരുതയാർന്ന ഒരു പ്രഭാതത്തിന്റെ ഇതളുകൾ വിരിയുന്ന സുഖം കണ്ണുകളിലും മനസ്സിലും കുളിരു പകരുന്നു. ഇത്, ഇലവീഴാപൂഞ്ചിറയാണ്. സമാനതകളില്ലാത്ത സ്വപ്നഭൂമി; സമ്മോഹനമായ സ്വർഗ്ഗ ഭൂമി!

വെളുപ്പിനെ നാലരമണിക്കാണ് ഏറ്റുമാനൂരിൽ നിന്ന് ഞങ്ങൾ, ഞാനും എന്റെ സഹധർമ്മിണിയും ഇവിടേക്ക് തിരിച്ചത്. ഏകദേശം നാല്പത്തഞ്ച് കിലോമീറ്റർ ദൂരം. വഴി വളരെ നല്ലതായതുകൊണ്ടും വാഹനങ്ങൾ കുറവായതുകൊണ്ടും ഒരു മണിക്കൂർ സമയംകൊണ്ട് പൂഞ്ചിറക്കരികിലെത്തി. സൂര്യൻ ഉദിച്ചിട്ടില്ല. പക്ഷേ ,അഭൗമമായ ഒരു പ്രകാശം മഞ്ഞുമൂടിയ മലനിരകളെ വലയം ചെയ്തിരിക്കുന്നു. ചെറിയ കാറ്റുമുണ്ട്. നല്ല തണുത്ത അന്തരീക്ഷം. കാറിൽ നിന്നും വെളിയിൽ ഇറങ്ങിയപ്പോൾ മനസ്സിനാകെ ഉന്മേഷം. സഞ്ചാരികൾ അതിരാവിലെ വരുന്നതുകൊണ്ടാവും ഒരു ചായക്കട തുറന്നിരിക്കുന്നു. അവിടെനിന്നും ചൂടുചായ കുടിച്ച് ഒരല്പം നടത്തം. മഞ്ഞപ്പട്ടുപ്പുതച്ച മഞ്ഞണിമേടുകൾ മയങ്ങുകയാണ്. മലമുകളിൽ നിന്നുള്ള ദൃശ്യങ്ങൾ വർണ്ണനാതീതം.

കോട്ടയം ജില്ലയുടെ പുഷ്പകിരീടത്തിലെ പൊൻതൂവലായ ഇലവീഴാപൂഞ്ചിറ, സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സ്വപ്നസമാനമായ ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കുടയത്തൂർ, തോണിപ്പാറ എന്നിവയുടെ ഇടയിലുള്ള പൂഞ്ചിറ. ഇവിടെയുള്ള കുളം പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്നു എന്നൊരു ഐതിഹ്യമുണ്ട്. കുന്നിൽ മുഴുവൻ പാറകളായതിനാൽ വലിയ വൃക്ഷങ്ങൾ ഇവിടെ വളരില്ല. മരമില്ലാത്തതിനാൽ താഴെയുള്ള പൂഞ്ചിറയിൽ ഒരു ഇല പോലും വീഴില്ല എന്നുള്ളതുകൊനാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നതെന്നു പറയപ്പെടുന്നു.തൊടുപുഴയിൽ നിന്നും ഇടുക്കി റോഡിലൂടെ ഏകദേശം പതിനഞ്ചു കിലോമീറ്റർ യാത്ര ചെയ്താൽ കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്താം. അവിടെനിന്നും വലത്തോട്ട് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലും. ഈരാറ്റുപേട്ട വഴി പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്താം. കോട്ടയത്തു നിന്നും ഏകദേശം അൻപത്തഞ്ചു കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.

ഞങ്ങളോടൊപ്പം തന്നെ നാലഞ്ച് ബൈക്കുകളിലായി എറണാകുളം കുസാറ്റിൽ നിന്നുള്ള കുറച്ച് വിദ്യാർത്ഥി വിദ്യാർത്ഥിനികളും പൂഞ്ചിറയിലെത്തിയിരുന്നു. അവർ നാലുമണിക്ക് പുറപ്പെട്ടതാണ്. യൗവ്വനത്തിന്റെ ഊർജ്ജവും സുഗന്ധവും തുള്ളിത്തുളുമ്പുന്ന തരുണീ തരുണന്മാർ. ഹെൽമെറ്റും ജാക്കറ്റുമൊക്കെ വെച്ച അവരെ കണ്ടപ്പോൾ എനിക്കും ചെറുപ്പം തിരിച്ചുവന്നതുപോലെ… എന്റെ ആഗ്രഹത്തിന് വഴങ്ങി അവർ ഫോട്ടോകൾക്ക് പോസ്ചെയ്തു. പ്രിയപ്പെട്ട കുട്ടികൾക്ക് നന്ദി.

ആയിരക്കണക്കിന് ഏക്കര്‍ വിസ്തീർണ്ണമാണ് ഇലവീഴാപ്പൂഞ്ചിറയ്ക്കുള്ളത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 15 പേര്‍ക്ക് വരെ താമസക്കാൻ കഴിയുന്ന ഒരു ഡോര്‍മെറ്ററി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. മൂവായിരത്തിൽ കൂടുതൽ ഉയരമുള്ള കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്തെ താമസം മനസിന് ശാന്തതയും കുളിര്‍മയും നൽകുന്നതാവും എന്ന് പ്രത്യേകം പറയേണ്ടതില്ല.

മരങ്ങളില്ലാത്തതിനാൽ ഈ പ്രദേശത്ത് ഇടിമിന്നൽ പതിവാണ്. മഴക്കാലങ്ങളിൽ പുഞ്ചിറയിലേക്കുള്ള സന്ദർശനം ഒഴിവാക്കുന്നതാണ് നല്ലത്. വൈകുന്നേരം ഒരുപാടായാൽ സന്ദര്‍ശനം അനുവദിക്കില്ല. രാത്രി കോട വന്നു നിറയുന്നതിനാൽ മുന്നോട്ടു പോകാനും കഴിയാതെ വരും. നടന്നു പോകാൻ താല്പര്യമില്ലാത്തവർക്ക് മുകളിലേക്കെത്തുന്നതിന് അര കിലോമീറ്റർ താഴെ വരെ ജീപ് സർവീസ് ലഭ്യമാണ്. ആവശ്യക്കാർക്ക് അര മണിക്കൂർ കുന്നിൻ മുകളിൽ ചെലവഴിച്ച് തിരിച്ച് ആ ജീപ്പിൽ തന്നെ തിരിച്ചുവരാം.

കോട്ടയം ജില്ലയിലെ പോലീസ് വയർലെസ് സ്റ്റേഷന്റെ വാർത്താവിനിമയത്തിനുള്ള ടവർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വരുന്ന, ഒറ്റപ്പെട്ടുപോയ ഒരാളുടെ കഥ പറയുന്ന, ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചലച്ചിത്രം ഷൂട്ട് ചെയ്തതും ഇവിടെയാണ്. മനോഹരമായ ഒരു ദൃശ്യവിരുന്നിനു ശേഷം, ചെങ്കുത്തായ മലയെ പുണർന്ന്‌, താഴോട്ടൊഴുകുന്ന വഴിയിലൂടെ മടങ്ങി ഞങ്ങൾ കാറിനരികിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു നാലുവരി അറിയാതെ ചേക്കേറി…

മന്മഥഗന്ധം പരന്നോ…. മുന്നിൽ,
മല്ലികപ്പൂവു വിരിഞ്ഞോ?
മാലേയഹാരമണിഞ്ഞോ.. തെന്നൽ,
മന്ദസ്മിതം തൂകി നിന്നോ?