ഇസുമിയുടെ കടൽപാത

ഇസുമി പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റിലും കടൽ…. കലങ്ങിചുവന്ന കടൽ വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകള്‍.

രു ഊയലാട്ടത്തിന്റെ താളത്തിലേക്കാണ് ഇസുമി കണ്ണുതുറന്നത്. ഏതോ ഒരു ഉപകരണത്തിൽ കിടക്കുകയാണ് താന്‍. നനവും തണുപ്പും ദേഹത്തനുഭവപ്പെടുന്നു. ചുറ്റിലും കടലിന്റെ ആരവം. എവിടെ ആണ് താന്‍…. മക്കളും അമ്മയും ഹൊത്കും എവിടെ….

ഒരു അവധിസായാഹ്ന ചായക്കായി ഒരുങ്ങുകയായിരുന്നു ആ കുടുംബം. ഹൊത്ക് അങ്ങിനെയാണ്. അവധിദിനങ്ങളിൽ എല്ലാ ഭക്ഷണങ്ങളും കുടുംബം ഒന്നിച്ചു കഴിക്കണം. സായാഹ്ന ചായക്ക് അസാമ പർവ്വതത്തിലൂടെ കടലിലേക്കിറങ്ങുന്ന അസ്തമയം കാണുക ഹൊത്ക് ന് ഒരു ലഹരിയാണ്. ഇസുമി തന്റെ പിങ്ക് നിറമുള്ള കിമോണോ ധരിച്ചു. മുടി പിറകിൽ ഉയർത്തി കെട്ടി. ചന്ദനമരത്തിന്റെ മുടി പിന്ന് കുത്തിയുറപ്പിച്ചു.

ലാണിലേക്ക് നീലവിരിപ്പിട്ട വട്ടമേശ ഹൊത്ക് എടുത്തു വെച്ചു. ഹനാക്കോ അപ്പോള്‍ ഇറുത്തെടുത്ത സോമയ് പുഷ്പങ്ങള്‍ കൊണ്ട് നിറച്ച ഫ്ലവർപോട്ട് മേശക്ക് നടുവില്‍ വെച്ചു. താൻ സൂപ്പ് ബൗളുകളിലേക്ക് സൂപ്പ് പകർന്നു. ഹൊത്ക് കടലറ്റും നൂഡിൽസും ട്യൂണ ബേക്ക് ചെയ്തതും മേശപുറത്തെത്തിച്ചു.

ഇസുമിയുടെ ചിന്തകൾ വഴിമാറി ഒരു നിമിഷം ഐവാക്കി നദീതടത്തിലെ വീട്ടിലെത്തി. അതിനുവേണ്ടിയാണ് ഐവാക്കി നദീകരയിലെ വീട് മാറി ഇങ്ങോട്ട് വന്നത്. തന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത് ഐവാക്കിയുടെ തീരത്തെ വീട്ടിലേക്കാണ്. പ്രണയം എന്നത് വിവാഹത്തിന് ശേഷമായിരുന്നു. എല്ലാ സായാഹ്നങ്ങളിലും തന്നെ ചേർത്തു പിടിച്ചു ഐവാക്കിയിലേക്ക് ചൂണ്ടയിട്ട് മീൻപിടിക്കുക ഹൊത്കിന്റെ കൗതുകമായിരുന്നു. പുഴമീൻ പുഴുങ്ങി താനുണ്ടാക്കുന്ന സലാഡ് ഹൊത്കിന്റെ പിതാവിനും പ്രിയമായിരുന്നു.

അവിടെ ആണ് കിയോ ജനിച്ചത്. അവനെ താരാട്ടുപാടി ഉറക്കിയിരുന്നത് ഐവാക്കിയുടെ തീരത്തെ പുഴക്കാറ്റേറ്റ് ആയിരുന്നു. കിയോക്ക് രണ്ട് വയസ്സായപ്പോഴേക്കും ഹൊത്ക് ഒരു പെൺകുട്ടിക്കായി ആകുലപ്പെടാൻ തുടങ്ങി. ശ്രീബുദ്ധവിഹാറുകളിലെ ശ്രീചക്രങ്ങൾ എന്നും നാമജപത്തോടെ ഹൊത്ക് കറക്കാറുണ്ടായിരുന്നു, മകൾ ജനിക്കാന്‍.

അങ്ങിനെ ഹനാക്കോ ജനിച്ചു. ആ ദിനം ഹൊത്ക് ആഘോഷഭരിതമാക്കി. കാലത്തിലേക്ക് തന്റെ കൊച്ചു പാദങ്ങള്‍ വെച്ച് ഹനാക്കോ നടന്നു തുടങ്ങി. അതിന് ശേഷം… ഹൊത്ക്ന്റെ പിതാവ് മരിച്ചു. അതോടെ അമ്മ കിടപ്പിലായി.

ആ വർഷം അതിവർഷത്തിൽ ഐവാക്കി നിറഞ്ഞു കവിഞ്ഞു. ഡോർസ്റ്റെപ്പിനെ വെള്ളം കടന്നു കയറി പുണർന്നു. ഭയം നിറഞ്ഞ ഒരു രാത്രിക്ക് ശേഷം ഐവാക്കി കടവിലേക്ക് തിരിച്ചിറങ്ങി…..

ഒരു വലിയ ശബ്ദത്തോടെ താന്‍ കിടക്കുന്ന പ്രതലം ഇടിച്ചപ്പോൾ ഓർമ്മകളിൽ നിന്ന് ഉണർന്നു ഇസുമി വശങ്ങളില്‍ മുറുകെ പിടിച്ചു…

വീണ്ടും അവളുടെ ഓർമ്മകൾ വീട്ടുമുറ്റത്ത് എത്തി. നീലവിരിപ്പിട്ട മേശപ്പുറത്തിരുന്ന വെളുത്ത ബൗളുകളിലെ കൊഴുത്ത സോയാബീന്‍ സൂപ്പിലേക്ക് നാലുപേരുടേയും വിരലുകള്‍ക്കിടയിലൂടെ സ്പൂണ്‍ ഇറങ്ങി. പെപ്പറിന്റെ എരുവോടെ ഇളം ചൂടോടെ സൂപ്പ് നുകർന്നു ഹൊത്ക് വാചാലനായി. ജാപ്പനീസ് കഥകളും മറ്റുമായി നേരം പോകവേ…. അസാമയിലൂടെ ചെരിഞ്ഞിറങ്ങുന്ന സൂര്യനെ ഒരു മേഘപാളി വന്നു മൂടിയപ്പോൾ ഹൊത്ക് ഒച്ച വെച്ചു.
“ലുക്ക്…. എത്ര മനോഹരമായ കാഴ്ച. ഇതുവരെ നമ്മള്‍ കാണാതെ പോയ ഒരു അസ്തമയം.”

എല്ലാവരും അതിലേക്ക് ഉറ്റുനോക്കി. യക്കോഹാമ പോർട്ടിനപ്പുറം ഭീകരമായ ശബ്ദം ഉയര്‍ന്നു. എന്താണ് എന്ന് നിർവചിക്കാനാവാത്ത ധ്വനി. അന്തരീക്ഷത്തില്‍ കാറ്റില്‍ ജലകണികകൾ പറക്കുന്നു. കടലിന്റെ മുരൾച്ച അതിക്രമിച്ചു.
“തസുനാമി”
ഹൊത്ക് അലറി…
“രക്ഷപ്പെടു…”

പോർട്ടിലേക്കും അതുകടന്നു. കരയിലേക്കും തിരമാലകള്‍ ചീറ്റിക്കയറി വന്നപ്പോള്‍ അവിടെല്ലാം മായകാഴ്ചപോലെ ശൂന്യത പരക്കുന്നതു കണ്ടു. വെയർഹൗസുകളും റസിഡൻസികളും വാഹനങ്ങളും നിമിഷാർദ്ധം കൊണ്ട് അപ്രത്യക്ഷമായി. മക്കളെ ചായമേശക്കരികിൽ നിന്ന് ചേർത്തു പിടിച്ചു. എങ്ങോട്ട് ഓടണം എന്നറിയാതെ ഹൊത്ക് അലറികരഞ്ഞുകൊണ്ട് വീടിനകത്തേക്ക് ഓടി. അപ്പോഴേക്കും താഴെ പോർട്ട് റോഡ് തൂത്തുതുടച്ച് നുരയും പതയും അലർച്ചയുമായി കടൽ കൺമുന്നിലെത്തി. താൻ ഒറ്റ ഓട്ടത്തിന് അകത്തുകയറി വിഡ്ഢിയെ പോലെ കതകു ചേർത്തടച്ചു. ആശ്വസിച്ചു.
‘ഇല്ല. അകത്തേക്ക് കയറില്ല. എന്റെ കുടുംബം ഈശ്വരന്റെ കയ്യിൽ സുരക്ഷിതമായിരിക്കും.’

ജനൽ കാഴ്ച ഭീകരമായിരുന്നു. മനുഷ്യ നിർമ്മിതമായ സകലതും ഒന്നോടെ വേലിതകർത്ത് മുറ്റത്തേക്ക്. മക്കളുടെ, അമ്മാ എന്ന അലർച്ച നിലച്ചു. ഹൊത്കയുടെ ഇസൂ… എന്ന വിളിയില്ല.

അടർന്നു വീണ തിരമാലയിലേക്ക് ബോധം നഷ്ടപ്പെട്ട മനുഷ്യർ വീണുകൊടുക്കുകയായിരുന്നു. അവരേയും കൊണ്ട് അടുത്ത വീടുതകർക്കാൻ. അടുത്ത പട്ടണം വിഴുങ്ങാൻ കടൽ പടയാളിയെ പോലെ കുതിച്ചു.

‘മക്കള്‍, ഹൊത്ക് എവിടെ… താൻ രക്ഷപ്പെട്ടു. എങ്കില്‍ അവരും രക്ഷപ്പെട്ടു കാണും.’ ഇസുമി പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റിലും കടൽ…. കലങ്ങിചുവന്ന കടൽ വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകള്‍.

ഒരു പൊളിഞ്ഞ കപ്പലിന്റെയൊ മറ്റോ അവശിഷ്ടങ്ങള്‍ക്കിടയിലാണ് താന്‍ എന്ന് അവളറിഞ്ഞു.
“എന്റെ കുടുബത്തെ കാണിച്ചുതരു ഭഗവാനേ” നിസ്സഹായയായി അവൾ ആകാശത്തേയ്ക്ക് കൈകൾ ഉയർത്തി. കടലിന്റെ നീണ്ട മുരൾച്ചയല്ലാതെ വേറെ ഒരു ഉത്തരവും കിട്ടാതെ അവൾ മരത്തട്ടിലേക്ക് വീണു.

ഇത് ഏതുകടലാവാം?
ഏതു വൻകരയിലാകാം?

രോഷം ശമിച്ചിട്ടില്ലാത്ത ശക്തികുറഞ്ഞ അലമാലകൾ മരത്തട്ടിനെ ചെറുതായി അമ്മാനമാടിക്കൊണ്ടിരുന്നു.
വെയില്‍ നിറം മങ്ങി നില്ക്കുന്നു. സായാഹ്നമാണോ..? ഹൊത്ക് ഗ്രീന്‍ ടീ കുടിച്ചുകാണുമോ? അമ്മക്ക് ആരാണ് മരുന്ന് എടുത്തു കൊടുക്കുക? കിയോവും ഹനാക്കോയും കട്ലറ്റിനും സൂപ്പിനും വാശിപിടിച്ചാൽ ഹൊത്ക് എന്തുചെയ്യും?

“എനിക്കൊരു പാത തുറന്നു തരു ജഗദീശ്വരാ… എനിക്ക് കുടുംബത്തിലെത്തേണം”

അപ്പോഴാണ് അവൾ കണ്ടത്, ചുറ്റും അലകളിൽ അമ്മാനമാടുന്ന ഒട്ടനവധി ശരീരങ്ങള്‍. വീട്ചുവരുകളും വാഹനങ്ങളുടെ പൊളിഞ്ഞ ഭാഗങ്ങളും അടി പുഴുകിയ വൻമരങ്ങളും ഒഴുകി നടക്കുന്നു. ഏതോ ഒരു വൻ മരത്തിന്റെ ചില്ലയിൽ ഒരു ലാദൂസ് പക്ഷി കൊക്കുവിടർത്തി ഇരിക്കുന്നു. ഒരുപക്ഷേ ആ മരചില്ലയില്‍ അവളുടെ കൂടും, അതില്‍ വിരിഞ്ഞിറങ്ങിയ മക്കളും ഉണ്ടായിരിക്കും.

മൂവായിരത്തോളം ദ്വീപുകളുളള തന്റെ നാടിന് ഒരു കരയെങ്കിലും തനിക്ക് നീന്തി കയറാന്‍ തന്നു കൂടെ..
ഇങ്ങിനെ ജീവിതം മുഴുവന്‍, തലമുറകളായി അഗ്നി പർവ്വതങ്ങളുടെയും കടൽക്ഷോഭങ്ങളുടെയും ഇരയായി കഴിയാനാണോ ഓരോ ജാപ്പാനീസിന്റെയും വിധി.

കടലിനടിയിൽ ശ്രീബുദ്ധൻ തനിക്കായി ഒരു പാത വെട്ടിവെച്ചിട്ടുണ്ടായിരിക്കും. അതിന്റെ അങ്ങേയറ്റത്ത് മക്കളെ ചേർത്തു പിടിച്ചു ഹൊത്ക് തന്നെ കാത്തു നിൽപ്പുണ്ടായിരിക്കും.

ഇസുമി തണുത്തുമരവിച്ച പാദങ്ങള്‍ പതിയെ കടലിലേക്ക് വെച്ചു.
(സുനാമിയുടെ ഒരു ദിനം)■