Ezhutth-Malayalam poem by Padmadas

എഴുത്ത്

നിങ്ങൾ
മറ്റൊരാൾക്കു വേണ്ടി എഴുതുമ്പോൾ
കാറ്റത് പെട്ടെന്ന് കണ്ടുപിടിക്കുന്നു.
നിങ്ങൾ, വെളിവില്ലാതെ,
നിങ്ങളുടെ പ്രത്യയശാസ്ത്രം മാത്രം
നിരാർദ്രമായി കഥയിലിറക്കി വെയ്ക്കുമ്പോൾ
അച്ചടിമഷി പെട്ടെന്നതിന്റെ കറുപ്പുനിറം കൂട്ടുന്നു.
നീരു വറ്റിയ ഒരാദർശം
നിങ്ങൾ കവിതയാക്കുമ്പോൾ
വരികൾ പെട്ടെന്നതു കുറേക്കൂടി നിരാർദ്രമാക്കുന്നു.

മറ്റൊരാൾക്കായി നിങ്ങൾ
കൂലിയെഴുത്തു നടത്തുമ്പോൾ
അതിനു പ്രതിഫലമായി പറ്റാൻ പോകുന്ന പണം
ഖണ്ഡികകൾക്കിടയിലൂടെ തല പുറത്തിട്ട്
നിങ്ങളെ കോക്രി കാട്ടുന്നു.

കലാപത്തിനെതിരെയോ,
അഴിമതിക്കെതിരെയോ,
ആൺകോയ്മയ്ക്കെതിരെയോ
കവിത വെറും മുദ്രാവാക്യം മാത്രമാവുമ്പോൾ,
വാക്കുകൾ തിരിച്ചറിയാതെ
ദിഗന്തങ്ങൾ അതിന്റെ അവസാനവാക്കു മാത്രം
വെറുതെ മാറ്റൊലിയാക്കുന്നു.

നിന്റെ പെണ്ണിനെ അടിമയാക്കി
നീ എഴുത്തിൽ മാത്രം
ഫെമിനിസ്റ്റ് നല്ലപിള്ള ചമയുമ്പോൾ
മഴ വന്ന്
നിന്റെ കവിതയുടെ പുറം പൂച്ച്
വരിവെള്ളത്തിലൊലിപ്പിച്ചു കളയുന്നു.

നാട്യങ്ങളില്ലാതെ,
ചമയങ്ങളില്ലാതെ,
നിനക്കുറപ്പുള്ളത്,
മറ്റൊരാൾ പറയാത്തത്,
മറ്റൊരു സമാനഹൃദയന്
സാന്ത്വനമാവുന്നത്
വരികളിലിറക്കി വെയ്ക്കുമ്പോൾ..
അപ്പോൾ മാത്രം കാറ്റ് ഓടി വന്ന്
അതിനൊരു പൂ സമർപ്പിക്കുന്നു,
ഇരുവശത്തു നിന്ന്
രണ്ടു മരച്ചില്ലകൾ
കാറ്റിൽ ചാഞ്ഞു വന്ന്
ഇരുകരങ്ങൾ കൂപ്പുന്ന പോലെ
അതിനു മുന്നിൽ
ശിരസ്സുനമിയ്ക്കുന്നു.
എവിടെ നിന്നോ
ഒരു സുഗന്ധം
ആരും വിളിക്കാതെ
അവിടെ സന്നിഹിതമായി
അതിനൊരു വെൺതുകിൽ ചാർത്തി
എങ്ങോട്ടോ ഒന്നും പറയാതെ
പോയ്മറയുന്നു.