ഓരോ ഫെബ്രുവരിയും കടന്നുവരുമ്പോൾ,
ഒപ്പമൊരു സുഗന്ധവും കൊണ്ടുവരുന്നുണ്ട്.
ഞാനോർക്കുന്നു,
ഒരു സുന്ദര സായ്ഹ്നത്തിന്റെ അവസാനം;
കടലിൽ തനിയെ നൃത്തം ചെയ്യാനെത്തിയതാണ്,
ചന്ദ്രിക.
അതൊരു ഫെബ്രുവരിയായിരുന്നു.
ആദ്യമൊട്ടും തിടുക്കപ്പെടാതെ,
സാവധാനമാണവൾ നൃത്തം ചെയ്യാൻ തുടങ്ങിയത്.
കാഴ്ചക്കാരനായി ഞാനും; പിന്നെ,
അല്പം ദൂരെ, ദ്രവിച്ച ഓലകൾ മേളിലാടുന്ന,
തുരുമ്പിച്ച തകര ഷീറ്റുകൾ വട്ടംപൊതിഞ്ഞ
ചായപ്പീടികയ്ക്കു മുന്നിലെ പൂഴിയിൽ
നിറയെ നിരയായ് പൂത്തുനിന്നിരുന്ന
റോസാച്ചെടികളും അവയെ കടന്ന്,
കടലിനെ വിജനമാക്കികൊണ്ടിരിക്കുന്ന
കാഴ്ചക്കാരും കടൽക്കര വാണിഭക്കാരും.
പൂഴിയിൽ ഒരു പേര് ആവർത്തിച്ചെഴുതുകയും
ആർത്തിപ്പിടിച്ചോടിയെത്തുന്ന തിരകളതു
നക്കിന്നുണഞ്ഞു രസിച്ചോടി പോകുന്നതും
അരസികമോടെ രസിച്ചുകൊണ്ടിരുന്ന ഞാനും
കടലിനോടു വിടപറയാനൊരുങ്ങുകയായിരുന്നു.
താളം പിഴച്ച തുഴകളുടെ തുഴയൽപോലെ,
തിരത്തല്ലിയുയർന്നെത്തുന്ന തിരകളെ
തിടുക്കത്തിലവളുടെ കൈകൾ തുഴയാൻ
തിടുക്കം പൂണ്ടു തുടങ്ങിയപ്പോഴാണ്
അവൾക്കൊപ്പം ഞാനും നൃത്തം ചെയ്യാനെത്തിയത്.
അലറുന്ന ലൈഫ് ഗാർഡ് പീപ്പികൾ ദൂരെനിന്നും
അടുത്തേക്കു വരുന്നതറിഞ്ഞ നേരത്താണ്
അവൾ തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതും.
കടൽകാറ്റിന്റെ ഉപ്പുമണമുള്ള കോട്ട്
കട്ടെടുത്താണാ സമയം ഞാൻ
അവൾക്കൊപ്പം നൃത്തം ചെയ്യാനിറങ്ങിയത്.
ഒറ്റയായ് തുടങ്ങിയ നൃത്തം ഞങ്ങളുടെ
ഒറ്റപ്പെട്ട കൈകളെ പിണച്ചുകെട്ടാൻ നേരം
ആകാശപ്പാട്ടുകാർ നിശബ്ദരാകാൻ തുടങ്ങി.
ആകാശത്തെ നക്ഷത്രങ്ങളുടെയും
അങ്ങുദൂരെ മീൻപിടുത്ത വഞ്ചികളുടെയും
ആഴമേറിയ കണ്ണുകൾ ഞങ്ങളെ നോക്കി
അർത്ഥംവെച്ചെന്തോ പറയുന്നതുപോലെ.
ഞങ്ങൾ നൃത്തം തുടർന്നുകൊണ്ടിരുന്നു.
അടുത്തെത്തിയ ഒരു ലൈഫ് ഗാർഡ് പീപ്പി
ഞങ്ങളെ നോക്കിയെന്തോ മുഴക്കി; കണ്ണിറുക്കി;
പിന്നെ, പതിയെയകന്നു പോയി.
അല്പം കഴിഞ്ഞാണ്, പൊടുന്നനെ,
അല്പമകലെ നങ്കൂരമിട്ടുക്കിടന്നിരുന്ന
കപ്പലിന്റെ ഹുങ്കാരത്തോടൊപ്പം
എന്റെ നെഞ്ചിൽ കിടന്നെന്തോ
പൊട്ടിപ്പിളർന്നതിന്റെ ശബ്ദം ഞാൻ കേട്ടത്.
ആ സമയം,
എന്റെ ഉപ്പുക്കോട്ടിൽ തറഞ്ഞുക്കേറിയ
ഹൃദയച്ചീളുകൾ തനിയെ പൂക്കളാകുന്നതും
എനിക്കു ചുറ്റും വസന്തം മുഴങ്ങുന്നതും
ഞാനൊരു പാട്ടുമൂളിപക്ഷിയാകുന്നതും
കണ്ടുകൊണ്ട്,
കുളിരാർന്ന രാക്കാറ്റ് തന്റെ കളിയാട്ടം
തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
പതിയെ ഞാനവളുടെ വലംകാതിൽ മന്ത്രിച്ചു,
“ഈ കടലാഴത്തോളമളക്കാമീ കണ്ണാഴത്തെയും.”
ഇടംകണ്ണെറിഞ്ഞെന്നെ നോക്കിയവൾ പയ്യെ
എന്നെയും തിരകളെയും വകഞ്ഞ്,
പൂഴിയിൽ കാൽപാടുകളെ പതിപ്പിച്ച്,
പിൻവിളി കേൾക്കാതെ നടന്നകന്നു.
അവിചാരിതമായ് വീണുക്കിട്ടിയൊരു കാവ്യം
എഴുതപ്പെടാതെ പോയതിന്റെ ഭംഗിക്കേടിൽ,
ഓലക്കതക് ചേർത്തടച്ച ചായപ്പീടികയ്ക്കു
മുന്നിലെത്തിയ എന്നിലേക്കാ സമയം
റോസിലും ചോപ്പിലും മഞ്ഞയിലും വെള്ളയിലും
നിറഞ്ഞു നിന്നു പൊട്ടിച്ചിരിക്കുന്ന
റോസാച്ചെടികളുടെ ആനന്ദത്തിന്റെ നേർത്ത
സുഗന്ധം ആവാഹിക്കപ്പെടുകയായിരുന്നു.
ഓരോ ഫെബ്രുവരിയും കടന്നുപോകുമ്പോഴും
ഫെബ്രുവരിയിലെ റോസാപ്പൂക്കളുടെ സുഗന്ധം
ഒരിക്കലും കടന്നുപോകുന്നില്ല.