ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി കിടന്നിരുന്ന തലസ്ഥാന നഗരി; ഹംപി. ഇന്നും നിലനിൽക്കുന്ന ആ നഗരിയോടു ചേർന്ന്, പൗരാണികതയുടെ ആഭിജാത്യം മാറിൽ പുണർന്നു വകിഞ്ഞൊഴുകുന്ന തുംഗഭദ്ര അഥവാ, പുരാതന പമ്പ.
ഇന്നത്തെ ഉത്തരകർണാടകത്തിലെ ബെല്ലാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അതിപുരാതന നഗരത്തിനെ ഒരു തീർത്ഥാടക പുണ്യത്തോടെ വലംവെച്ചെത്തിയ കഥകൾ പറയുന്ന യാത്രാവിവരണം മലയാളത്തിലെ പ്രമുഖ കവയിത്രി സന്ധ്യ ഇ പ്രതിഭാവത്തിലൂടെ പങ്കുവെയ്ക്കുന്നു.
‘ഹംപി: കാലം കാത്തുവെച്ച കലവറ’ എന്ന പേരിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന ഈ ലേഖന പരമ്പരയുടെ തുടക്കം, ‘ചിത്രദുർഗ്ഗയിലെ പെൺകാറ്റ്’ ഒന്നാം ഭാഗം.
■ ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: ഒന്നാം ഭാഗം.
ഹംപിയിലേക്ക് ഒരു യാത്രയുണ്ടെന്ന് അറിയിച്ചപ്പോൾ സുഹൃത്തും കഥാകൃത്തുമായ ഷാഹിന ആദ്യം പറഞ്ഞത് ‘ചിത്രദുർഗയിലെ കാറ്റുകൊണ്ടാസ്വദിക്കൂ’ എന്നാണ്. എന്താണതിനിത്ര പ്രത്യേകത എന്നു ഞാൻ ഓർക്കാതെയല്ല. പക്ഷേ അനുഭവിച്ചപ്പോഴാണ് ഷാഹിന പറഞ്ഞതിന്റെ പൊരുളറിഞ്ഞത്.
അതെ. അതൊരു പ്രത്യേക കാറ്റാണ്. കഥ പറയുന്ന കാറ്റ്, പൊട്ടിച്ചിരിക്കുന്ന കാറ്റ്, അസ്വസ്ഥത പേറുന്ന കാറ്റ്, സാന്ത്വനിപ്പിക്കുന്ന കാറ്റ്. ചിത്രദുർഗ്ഗയിൽ എവിടെയും ആ കാറ്റിൻ്റെ സാന്നിധ്യമുണ്ട്. അങ്ങോട്ടു പോകുന്ന വഴികളിൽ ധാരാളമായി വലിയ കാറ്റാടിയന്ത്രങ്ങൾ കാണാം. മടങ്ങിയാലും കണ്ട കാഴ്ചകൾ മുഴുവൻ മറന്നാലും ആ കാറ്റിനെ നമ്മൾ കൂടെ കൊണ്ടുവരും.
ചിത്രദുർഗയിലെ കാറ്റ് പെൺകാറ്റായിരുന്നു എന്നാണെനിക്ക് അനുഭവപ്പെട്ടത്. അതെന്നെ ചുറ്റിപ്പറ്റിയാണ് അധികസമയവും ഉണ്ടായിരുന്നത്. എന്നോടാണത് ധാരാളമായി സംസാരിച്ചത്. എന്റെ മുടിയും വസ്ത്രങ്ങളുമാണ് പറത്തിയത്.
മിക്കവാറും എല്ലാ സ്മാരകങ്ങൾക്കും പറയാനുള്ള കഥകൾ- വിജയത്തിന്റെയും തോൽവിയുടെയും യുദ്ധങ്ങളുടെയും പിടിച്ചടക്കലുകളുടെയും കഥകൾ- പുരുഷന്മാരുടെതാണല്ലോ. അവർക്കിടയിൽ ജീവിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് നമുക്കധികം അറിയില്ല. ആരുടെയൊക്കെയോ ഭാര്യയോ അമ്മയോ മകളോ സഹോദരിയോ കാമുകിയോ ആയിരുന്നവരുടെ കഥകൾ. അവളുടെ സന്തോഷങ്ങൾ, വേദനകൾ, കാത്തിരിപ്പുകൾ, അസ്വാതന്ത്ര്യം, കീഴടങ്ങലുകൾ, ചെറുത്തു നില്പുകൾ… എന്തിന്, അവരുടെ പേരുകൾപോലും!
ചിലപ്പോൾ ചിത്രദുർഗ്ഗയിലെ കാറ്റിന് പറയാനുണ്ടായിരുന്നത് അതൊക്കെയാകാം. ‘കേൾക്കൂ… എന്നിട്ട് നീ നിൻ്റെ നാട്ടിലും ചെന്ന് ഞങ്ങളുടെ കഥകൾ പറയൂ’ എന്ന ആ കാറ്റ് ഏതോ ഒരു പെൺഭാഷയിലൂടെ എന്നോട് നിമന്ത്രണം ചെയ്യുന്നതുപോലെ. അവൾ എന്നോട് പറഞ്ഞു കൊണ്ടിരുന്നത് മുഴുവൻ എനിക്ക് മനസ്സിലായില്ല. എങ്കിലും, ഞങ്ങൾ സ്ത്രീകൾക്ക് പരസ്പരം അറിയാനും പറയാനുമുള്ളതെല്ലാം അവൾ, ആ കാറ്റ് പറഞ്ഞതിലുണ്ടായിരുന്നു. അവ മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നാം. അവഗണിക്കപ്പെടാം. പക്ഷെ അവളുടെ ആ ഭാഷ എന്നെ തൊട്ടു. അവളിലെ ആ കാറ്റ് എന്നെ വിസ്മയിപ്പിച്ചു. പതിയെ ഞാനും അവളും ഒന്നായി.
ബാംഗ്ലൂരിൽ നിന്ന് കാറിലായിരുന്നു യാത്ര. 200 കിലോമീറ്റർ ദൂരമുണ്ട് ബാംഗ്ലൂർ സിറ്റിയിൽ നിന്നങ്ങോട്ട്. നഗരാതിർത്തി കഴിഞ്ഞാൽ വിജനമായ വഴികളാണ്. ഗ്രാമങ്ങളും മനുഷ്യരും നന്നേ കുറവ്. വഴിവക്കിൽ കാണുന്നവരിൽ ഭൂരിഭാഗവും തിരക്കില്ലാത്തവരാണ്. വയലുകളിൽ ചോളവും കരിമ്പും ബജ്റയും കൃഷി ചെയ്യുന്നവരെ കാണാം. കാളവണ്ടികൾ. മെലിഞ്ഞ കാളകൾ. മറ്റെവിടെത്തേയും പോലെ ആഹ്ലാദഭരിതരായ കുഞ്ഞുങ്ങൾ. ചെറിയ ചെറിയ വീടുകൾ.
പിന്നീട് ചിത്രദുർഗ ജില്ലയുടെ ആസ്ഥാന നഗരത്തിലൂടെയായി യാത്ര. അവിടെത്തെ കോട്ടയാണ് ഈ നഗരത്തിന് ‘ചിത്രദുർഗ’ എന്ന പേര് നല്കിയത്. കന്നഡയിൽ ‘കല്ലിനാ കോട്ടെ’ എന്നറിയപ്പെടുന്ന കോട്ടയിൽ നിന്നാണ് ചിത്രദുർഗയുടെ പരിണാമം. ‘ചിത്രത്തിലെന്ന പോലെയുള്ള കോട്ട എന്നർത്ഥം വരുന്ന ഇത് ‘ചിത്രകൽദുർഗ’ എന്നും അറിയപ്പെടുന്നു. ‘ചിറ്റൽ ഡുർഗ്’ എന്നാണ് ബ്രിട്ടീഷുകാർ ഇതിനെ വിളിച്ചിരുന്നത്.
പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ചാലൂക്യരും ഹോയ്‌സാലരും പിന്നീട് വിജയനഗര സാമ്രാജ്യവും ഉൾപ്പെടെയുള്ള രാജവംശങ്ങളുടെ കാലഘട്ടത്തിലാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്.
ഹോയ്സാല രാജാക്കന്മാരിൽ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം വിജയനഗര രാജക്കന്മാർക്ക് ലഭിക്കുകയും AD 1565-ൽ വിജയനഗര സമ്രാജ്യം അസ്തമിക്കുകയും ജന്മിത്ത പ്രഭുക്കന്മാരായിരുന്ന നായകരുടെ കയ്യിൽ അധികാരം എത്തിച്ചേരുകയും ചെയ്തു. തുടർന്ന് 200 വർഷത്തോളം നായക രാജക്കന്മാർ ഇവിടം ഭരിച്ചു. 1779 ൽ മൈസൂർ രാജാവായിരുന്ന ഹൈദർ അലി ഈ കോട്ട പിടിച്ചെടുത്തുവെങ്കിലും ഇരുപത് വർഷത്തിനു ശേഷം ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന്റെ മകനായ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുത്തു.
ചാലൂക്യരുടെയും ഹോയ്‌സാലരുടെയും വിജയനഗര രാജാക്കന്മാരുടെയും നിരവധി ലിഖിതങ്ങൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയിലേക്ക് കടക്കണമെങ്കിൽ പ്രവേശന ഫീസുണ്ട്. ഡിജിറ്റൽ ആയി മാത്രമേ പണമടക്കാനാവൂ. ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ദുർബലമാണ്. പലതവണ ക്യു ആർ കോഡ് സ്കാൻ ചെയ്ത് നോക്കിയെങ്കിലും സാധിച്ചില്ല. ഞങ്ങൾക്ക് മാത്രമല്ല പലർക്കും അതുതന്നെ സ്ഥിതി. അരമണിക്കൂറിലധികം നിന്നിട്ടും പണം അടയ്ക്കാനായില്ല. കാവൽക്കാരൻ ക്ഷമയോടെ ഓരോരുത്തർക്കും പണമടക്കേണ്ട വിധം പറഞ്ഞുകൊടുക്കുന്നുണ്ട്. ഞങ്ങളെയും അയാൾ സഹായിച്ചു. പല ശ്രമങ്ങൾക്കു ശേഷം ഒടുവിൽ അയാളുടെ ഫോണിൽ ഹോട്ട്സ്പോട്ട് ഷെയർ ചെയ്താണ് ഫീസ് അടച്ചത്. ചെയ്ത ഉപകാരത്തിന് പ്രതിഫലം കൊടുക്കാൻ ശ്രമിച്ചുവെങ്കിലും ‘ഇതെൻ്റെ ജോലിയാണെ’ എന്നയാൾ പറഞ്ഞൊഴിഞ്ഞു.
കരിങ്കൽ പടവുകളിലൂടെ കോട്ടയിലേക്ക് കയറുമ്പോൾ ആദ്യമാലോചിച്ചത് (സമാനമായ സ്ഥലങ്ങളിൽ പോകുമ്പോഴൊക്കെ തോന്നാറുള്ളതുപോലെ) ഈ നിർമ്മിതികളൊക്കെ എങ്ങനെ സാധ്യമായി എന്നാണ്. വലിയ വലിയ കല്ലുകൾ എപ്രകാരമായിരിക്കണം അക്കാലത്ത് ഉയരത്തിലുള്ള നിർമ്മാണത്തിന് മുകളിലെത്തിച്ചിരിക്കുക? അതിൽ പ്രവർത്തിച്ചവർ… പൊലിഞ്ഞുപോയവർ… അങ്ങനെ പലതും മനസ്സിലേക്കെത്തി.
പ്രധാനപ്പെട്ട കവാടവും പൊക്കത്തിലുള്ള കോട്ടമതിലുകളും കരിങ്കൽപ്പടവുകളും പിന്നിട്ട് മുന്നോട്ടു നടന്നാൽ ഇടതോ വലതോ തിരിയാം. ധാരാളം ഗൈഡുകൾ ഉണ്ട്. അവർ പിന്നാലെ നടന്ന് സഹായം വേണോ എന്ന് ചോദിച്ചു കൊണ്ടിരുന്നു. അവരുടെ സഹായമില്ലാതെ മുഴുവൻ കാര്യങ്ങൾ മനസ്സിലാവില്ല എന്നവർ പല ഭാഷകളിൽ ആവർത്തിച്ചുവെങ്കിലും ഞങ്ങൾ സഹായമെടുത്തില്ല.
ഇടത്തോട്ട് കാറ്റിനെയും കൂട്ടി നടന്നാൽ ബാണശങ്കരിഅമ്പലവും വെടിമരുന്ന് പൊടിക്കുന്ന സംവിധാനവും കാണാം. അമ്പലം തുറന്നിരുന്നില്ല. വെടിമരുന്ന് പൊടിക്കുന്ന രീതി വ്യത്യസ്തവും ഏറെ കൗതുകകരവുമാണ്. വൃത്താകൃതിയിലുള്ള ഗ്രൈൻഡറുകൾ സ്ഥാപിച്ചിരിക്കുന്നത് വലിയ ബീമുകളിലാണ്. അവ കറങ്ങുന്നതിനായി നാല് ദിശകളിലും സ്ഥാപിച്ചിരിക്കുന്ന കറക്കുഭാഗങ്ങളുണ്ട്. ഈ കൂറ്റൻ ഗ്രൈൻഡറുകളുടെ മുകൾഭാഗം ഭ്രമണം ചെയ്യുന്ന ഗ്രൈൻഡറിൻ്റെ പകുതി വശങ്ങളിൽ പല്ലുകൾ ഘടിപ്പിച്ചിരിക്കുന്നു. അവയെ വൃത്തത്തിൻ്റെ മധ്യധ്രുവത്തിൽ ഉറപ്പിച്ചിരിക്കുന്ന ഒരു റൊട്ടേറ്ററിൻ്റെ മെക്കാനിക്കൽ ഉപകരണത്തിൽ ഉറപ്പിക്കുന്നു. താഴെയുള്ള ഓരോ ഗ്രൈൻഡറിനും തോക്ക് പൊടി സ്വീകരിക്കാൻ സ്വതന്ത്ര അറകളുണ്ട്.
കൊട്ടാരത്തിന് സമീപത്തെ അറകളിലേക്കാണ് ഈ പൊടി എത്തുക. നടുവിലെ തൂണിൽ ഉറപ്പിച്ചിരിക്കുന്ന ഗ്രൈൻഡർ നുകങ്ങളിലൂടെ തിരിക്കുന്നതിന് മൃഗമോ മനുഷ്യനോ ആവശ്യമാണ്. മിൽകല്ലുകൾ പണിയാൻ ആനകളെ ഉപയോഗിച്ചിരിക്കാം. വടക്കുപടിഞ്ഞാറും തെക്കുകിഴക്കും ഉള്ള പടികൾ ഗ്രൈൻഡറുകളുടെ കിണറ്റിലേക്ക്. അക്കാലത്തെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിൻ്റെ സാക്ഷ്യമാണ് ഈ നിർമ്മിതി.
– തുടരും…

സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസർ ആയിരുന്നു.