Published on: September 7, 2025


ഒരു യാചകി
മാറാപ്പു തട്ടിക്കുടഞ്ഞ്
വിലപ്പെട്ടതെന്തെങ്കിലുമുണ്ടോയെന്ന്
തപ്പിനോക്കുന്ന തിടുക്കത്തോടെ
വൈകുന്നേരങ്ങളിൽ ഞാനെന്നെ
അപ്പാടെ കുടഞ്ഞിടുന്നു
ദിവസം മുഴുവനുമുള്ള അലച്ചിലിനിടയിൽ
കിട്ടിയ വകയെല്ലാം
തെരുവോരത്ത്
നിരത്തിനോക്കലാണ് പിന്നെ
പരിഹാസം കൊണ്ട് വക്കു കോടിയ ചിരികൾ
ആർത്തിയുടെ തുപ്പല് വഴുക്കുന്ന വാക്കുകൾ
നിസ്സംഗമായ ചില നാട്യങ്ങൾ
കണ്ടിട്ടും കാണാതെ പോകുന്ന തിരക്കുകൾ
എല്ലാം വൈകും മുമ്പ് പെറുക്കിക്കളയണം
തിളക്കമുള്ളതെന്തോ ഒന്നുണ്ടായിരുന്നല്ലോ
നിന്റെ കണ്ണുകൾ പോലെ
അതാണു വേണ്ടത്
ഉച്ചമയക്കത്തിൽ കണ്ട
കിനാവിന്റെ
കസവുനൂലിഴ
അതുമാത്രം മതിയെനിക്ക്
ഒരു രാത്രി താണ്ടുവാൻ ധാരാളം
വർഷങ്ങളും
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






