Published on: December 9, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
ഭാഗ്യലക്ഷ്മി: വേട്ടക്കാരുള്ള സംഘടനകളിൽ പ്രവർത്തിക്കാനില്ല; സുപ്രീംകോടതിവിധിവരെ കാത്തിരിക്കുമെന്നു പ്രതീക്ഷിച്ചതു തെറ്റ്.
ദോഷൈകദൃക്ക്:
‘അവസാന നീതിപീഠംവരെ ഒരാൾ കുറ്റവാളിയാകുന്നില്ല’ എന്നൊരു അളവുകോലുമുണ്ടല്ലോ… മാഡമേ, ഇന്നാട്ടിൽ…

പിൻകുറിപ്പ് :
മലയാള ചലച്ചിത്ര നടിയുടെ പീഡനകേസിൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള മലയാള ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്കയിൽനിന്നും രാജിവെയ്ക്കുകയുണ്ടായി.
“ഞാനുൾപ്പെടുന്ന സംഘടനയിലെ നേതാക്കന്മാരെങ്കിലും സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കും എന്നു ഞാൻ പ്രതീക്ഷിച്ചത് തെറ്റായിപ്പോയി. അതുകൊണ്ടുതന്നെ ഇനി മലയാള സിനിമയിൽ ഒരു സംഘടനയിലും ഞാൻ അംഗമല്ല എന്നു പറയാനാണു ഞാൻ ആഗ്രഹിക്കുന്നത്. എനിക്കിനി ഇവരോടൊപ്പം സഞ്ചരിക്കാനാവില്ല. ഞാൻ ആ സംഘടനയിൽ അംഗമായി തുടർന്നാൽ ഈ വേട്ടക്കാരനും ആ സംഘടനയിൽ അംഗമാണ്, വേട്ടക്കാരനെ സംരക്ഷിച്ച പലരും ആ സംഘടനയിൽ അംഗങ്ങളാണ്, അതിന്റെ പ്രതിനിധികളാണ്, അതിന്റെ ഭരണകർത്താക്കളാണ്. എനിക്കെങ്ങനെയാണ് അവിടെ സഞ്ചരിക്കാൻ സാധിക്ക? എനിക്കെങ്ങനെയാണ് അവിടെ കുറ്റബോധമില്ലാതെ ഇരിക്കാൻ സാധിക്ക? അതുകൊണ്ടുതന്നെ ഞാൻ ആ സംഘടനയിൽനിന്ന് ഇറങ്ങിപ്പോകാൻതന്നെ തീരുമാനിച്ചു.”
തുടങ്ങിയ കാര്യങ്ങളാണ്, തന്റെ ഫേസ് ബുക്ക് വീഡിയോയിലൂടെ അവർ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ നിയമത്തിൽ ഒരാൾ ഒരു ക്രിമിനൽ കേസിൽ പ്രതിചേർത്താലുടൻ അയാൾ കുറ്റവാളിയാകുന്നില്ലെന്നും ‘പ്രതിചേർക്കപ്പെട്ട ആൾ’ മാത്രമാണെന്നും കുറ്റം സംശയാതീതമായി, ആത്യന്തികമായി തെളിയുന്നതുവരെ അയാളെ നിരപരാധിയായി തന്നെ പരിഗണിക്കേണ്ടതാണെന്നും ഉള്ള നീതിബോധമോ സാമാന്യബോധമോ ഈ കേസിൽ ദിലീപിനു നിഷേധിക്കപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. ഒരു ജനാധിപത്യ നിയമവ്യവസ്ഥിതിയിൽ നീതിയെന്നത്, വാദിക്കുമാത്രമുള്ളതല്ലെന്നും പ്രതിചേർക്കപ്പെട്ടവർ ശിക്ഷിക്കപ്പെടുന്നതുവരെ അവർക്കുംകൂടിയുള്ളതാണെന്നും ഓർക്കേണ്ടതുണ്ട്.
എട്ടുവർഷത്തോളം ഒരു സംസ്ഥാനത്തിന്റെ അന്വേഷണ ശേഷി മുഴുവനും ഉപയോഗിച്ച് അന്വേഷിച്ച ഈ കേസിൽ, ദിലീപിനുമേൽ ചുമത്തപ്പെട്ട ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിന് ഒരു സോളിഡ് എവിഡൻസ് പോലും കോടതിയിൽ ഹാജരാക്കാനോ സാഹചര്യ തെളിവുകളെ കൂട്ടിയിണക്കി സംശയാതീതമായി കുറ്റം സ്ഥാപിക്കാനോപോലും കഴിയാതിരുന്ന സാഹചര്യത്തിൽ ദിലീപ് കുറ്റക്കാരനോ വേട്ടക്കാരനോ എന്നു തറപ്പിച്ചു പറയാൻ ഭാഗ്യലക്ഷ്മി ഉൾപ്പെടെ, വിചാരണ കോടതിയുടെ തീരുമാനത്തെ എതിർക്കുന്നവരുടെ കയ്യിൽ സംസ്ഥാന പോലീസിനു ലഭിക്കാത്ത എന്തു തെളിവാണ് ഉള്ളതെന്ന ചോദ്യം സോഷ്യൽ മീഡിയ ഉൾപ്പെടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം ആളുകൾ ഇന്ത്യൻ നിയമവ്യവസ്ഥിതിയെ വെല്ലുവിളക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം, ഈ കേസിൽ താനാണ് ഇരയാക്കപ്പെട്ടതെന്നും തന്നെ പ്രതിചേർക്കാൻ ഉന്നതങ്ങളിൽ അതിശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വിധി വന്നയുടൻ നടൻ ദിലീപ് പ്രതികരിക്കുകയുണ്ടായി.
ഇന്ത്യയിലെ ആദ്യത്തെ ‘ക്വട്ടേഷൻ ലൈംഗികാതിക്രമ കേസ്’ ആയ ഈ കേസിന്റെ മുഖ്യസൂത്രധാരനും ക്വട്ടേഷൻ നല്കിയ വ്യക്തിയും ദിലീപ് ആണെന്നാണു പ്രോസിക്യൂഷൻ വാദം.
ക്വട്ടേഷൻ ഏറ്റെടുത്ത്, ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽവെച്ച്, നടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത പൾസർ സുനിയെ ഒന്നാംപ്രതിയാക്കി രെജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.
2017 ഫെബ്രുവരി 17ന്, അങ്കമാലിക്കും കളമശേരിക്കും ഇടയിൽ നടന്ന ഈ കേസിൽ വിധി പറഞ്ഞത്, ജഡ്ജി ഹണി എം വർഗീസ് ആണ്.







