രണാനന്തരം

ഞാനെൻ്റെ ഓർമ്മയെ
നാട്ടുകവലയിൽ നാട്ടി നിർത്തും.

പെട്ടിക്കടയിലെ പൊതുചർച്ചയിൽ
അത് കാതുകൂർപ്പിക്കും.
വായനശാലയുടെ
തണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.

കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽ
പതുങ്ങിയിരിക്കും.
സ്ഥിരമായി പോയി വരാറുള്ള
ട്രെയിനിൽ
ഒറ്റക്കാലിൽ നിവർന്നു നിൽക്കും.

പടിയിറങ്ങിയ ഓഫീസിൽ,
ഫയലുകൾക്കിടയിൽ ഒളിച്ചിരിക്കും.
ഒപ്പുകൾക്കും ഒത്തുചേരലുകൾക്കും മധ്യേ
ഒരടയാളമാകും.

അക്കാദമിഹാളിൽ
ഒച്ചകൾക്കൊപ്പം നൃത്തം വെയ്ക്കും.
മണ്ണൂർക്കാവിൽ കളിവിളക്കെരിയുമ്പോൾ
കാറ്റിനെ മറച്ചു പിടിക്കും.

പാർട്ടിക്കമ്മിറ്റിയിൽ, മിന്നിറ്റ്സ് ബുക്കിലെ
മറ്റത്യാവശ്യങ്ങളിൽ കുടുങ്ങിക്കിടക്കും.
പ്രസ്സ് ക്ലബ്ബിലെ വരണ്ടമേശവിരിയിൽ
പറ്റിയിരിക്കും.
കടലാസ്സിലെ അക്ഷരപ്പടർപ്പിൽ
മഷിയൊലിച്ച മറ്റൊരക്ഷരമാകും.

വീട്ടുപറമ്പിൽ,
എരിഞ്ഞൊടുങ്ങിയ ചിതപ്പാടിൽ
കിളുത്തുവന്ന ധാന്യമണിയാകും.
അഴിഞ്ഞോടി വന്ന പശുക്കിടാവ്
അതിനെ ഭക്ഷണമാക്കും.

ഓർമ്മകളിപ്പോൾ ചാണകപ്പുഴുക്കളായി
ഇഴയുന്നു.
അതിനെയൊക്കെ ഉപ്പനും കോഴികളും
കൊത്തി വിഴുങ്ങുന്നു.

അവയുടെ ചുവന്ന കൺനോട്ടങ്ങളിൽ
എൻ്റെ ഓർമ്മകൾ കൂകിവിളിക്കുന്നു.
അനന്തരം ഞാൻ,
കൊത്തിവിഴുങ്ങലുകളുടെ നൈരന്തര്യത്തിൽ
ഇരുളടഞ്ഞ ആമാശയങ്ങളിൽ
സമാധി കൊള്ളുന്നു.

എൻ്റെ സ്വർഗ്ഗമേ,
വെറുതെ നീയെന്നെ ജീവിതത്തിൽ മോഹിപ്പിച്ചു.
എൻ്റെ നരകമേ,
വെറുതെ നീയെന്നെ ജീവിതത്തിൽ പേടിപ്പിച്ചു.