ചെറുപ്പക്കാരിപ്പെണ്ണിന്റെ
ആദ്യചുംബനമായി
നിന്റെ വസന്തകാലത്തളിരിനെ
ഭോഗി വര്‍ണ്ണിക്കുന്നു.
സര്‍വ്വ വ്യാപിയായ മഹാശൂന്യതയില്‍
ഒരു ആന്തരിക ശൂന്യതയായി
നിന്റെ ഇലപൊഴിയും കാലത്തിന്റെ
ശൂന്യതയെ
യോഗി ദര്‍ശിക്കുന്നു.
ഉള്ളും പുറവും
വെന്തുചുരുങ്ങുന്ന ഉലര്‍ച്ചയായി
നിന്റെ വേനല്‍ച്ചൂടിനെ
രോഗി രൂപകപ്പെടുത്തുന്നു.
വിത്തിനുള്ളില്‍ ശ്വാസമടക്കി
അഖണ്ഡവിശാലതയിലേക്കു
ജീവന്‍ വിരിഞ്ഞു പരക്കുന്ന
പ്രാണായാമ മഹാമാന്ത്രികനായി
നിന്നെ ജ്ഞാനി
മനസ്സ് കൊണ്ടറിയുന്നു.
കടുംപച്ചയില ഇളംചുവപ്പായ് മാറുന്ന
നിന്റെ നൈമിഷിക രസതന്ത്രം
മനസ്സിലാകാതെ ആശയക്കുഴപ്പത്തിലാകുന്ന
ഞാനോ,
പ്രതിബിംബങ്ങളുടെ ഉടയാടയില്ലാത്ത
നിന്റെ നഗ്നതയെ വാക്കുകളെന്ന
ഹവ്വയുടെ ആപ്പിള്‍ പൊതിഞ്ഞു മൂടാതിരിക്കട്ടെ
എന്ന ഒറ്റ പ്രാര്‍ത്ഥനയുമായി
ഉരിയാടാതിരിക്കുന്നു,
വളരെ സാധാരണയായ ഒരുവളായ്.