Published on: September 6, 2025


കാലിയായിരിക്കുന്ന ഇരിപ്പിടങ്ങൾ
എന്നും പരിഭ്രമം സൃഷ്ടിക്കുന്നു.
ഇരിയ്ക്കാമല്ലോ എന്ന് അടുത്തു ചെന്നപാടെ
ആ സ്ഥാനം മറ്റൊരാൾക്കാണു
എന്നു പ്രസ്താവിക്കുന്ന തൂവാലയവിടെക്കാണും.
തനിക്കായി കാത്തിരിക്കുന്നുവെന്നു കരുതി
വേഗത്തിലോടിച്ചെന്നാൽ
മറി കടക്കുന്നൊരു
കൈമുട്ടു നമ്മെയിടിക്കും.
സ്വയമൊന്നുഴിഞ്ഞു നിവരും മുമ്പ്
കൊഴുത്തു തടിച്ചൊരാൾ
ഒളിമ്പിക് വിജയിയുടെ
ചിരിയുമായവിടെ ഇരിപ്പുണ്ടാവും.
ദുർഗ്ഗന്ധം പരത്താത്ത ഒരു സഹയാത്രികൻ വരുംവരെ
അസ്വസ്ഥതനാകാതെ ഒഴിഞ്ഞ സീറ്റിനടുത്തു
ഇരുന്നു മയങ്ങാൻ കഴിയാറില്ല.
ജോലിയിൽ നിന്നു വിരമിച്ചു പോയവരുടെ
പേരു കുറിച്ചിട്ട കസേരകളിൽ ചിലതു
കാലിയാണെങ്കിലും
പെട്ടെന്നു മടിയില്ലാതെ ചെന്നു
കയറിയിരിയ്ക്കാൻ കഴിയാറില്ല .
ജീവിച്ചു മൺമറഞ്ഞു പോയവരുടെ കസേരകൾ
മിക്കതും കാലിയായവയാണു.
പൊടിപടലം പോലെ അതിൽ പരന്നിരിക്കുന്ന
അദൃശ്യ ബിംബങ്ങളിൻ മീതെയായി
അല്പം ഭയത്തോടെ അധിക നേരം
ഇരിയ്ക്കാൻ സാധിക്കുമോ ആവോ?
പാപ വിമുക്തി നല്കുന്ന, ആവശ്യപ്പെടുന്ന
കസേരകളും കാലിയായവതന്നെയാണു.
പക്ഷെ ഒരിയ്ക്കലും
അതിൽ ഇരിയ്ക്കാൻ തോന്നിയിട്ടേയില്ല.
പവിത്രമായ് കരുതപ്പെട്ട കസേരകൾ പലതും
ഇരിയ്ക്കാൻ ആരുമില്ലാതെ തിളക്കത്തോടെ നില്ക്കുന്നു.
അതിന്റെ പുതുമയും പത്രാസും
ചുഴി മണലിനെ ഓർമ്മിപ്പിക്കുന്നു.
കാലിയാണല്ലോയെന്നു കരുതി
ഏതിലും വെറുതെയങ്ങു കയറിയിരിയ്ക്കാൻ
ഒരു സാമാന്യനെക്കൊണ്ടാവില്ല.
ഉദ്യാനങ്ങളിൽപ്പോലും
കാക്കയുടെ കാഷ്ഠമല്ലയോ
നമുക്കു മുൻപായി സ്ഥാനം പിടിച്ചിരിക്കുന്നത്.
മുൻപേക്കൂട്ടി അധികാരം സ്ഥാപിച്ചുറപ്പിക്കാത്ത
ഏതെങ്കിലുമൊരു കസേര
ശ്മശാനത്തിലെ മരത്തടിയിൽ നിർമ്മിച്ചതാകാം
എന്ന ശുഭസന്ദേശം കൊണ്ടുവരുന്ന ദേവദൂതൻ
ഇവിടെയെത്തുമ്പോൾ ഇരുത്താൻ
ഒരു ഭംഗിയുള്ള കാലിയായ കസേരയ്ക്കു
എവിടെ പോകാനാണു?
ഭാഗ്യമെന്നു തന്നെ പറയാമല്ലോ
മേല്പറഞ്ഞ ദേവദൂതനു
ചിറകുകളുണ്ടല്ലോ!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ടി.എം. രഘുറാം: കണ്ണൂർ തലശ്ശേരി സ്വദേശി. മഞ്ചേരിയില്‍ സ്ഥിരതാമസം. ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവര്‍ത്തകനുമായ രഘുറാം അറിയപ്പെടുന്ന പുല്ലാങ്കുഴല്‍ സംഗീതജ്ഞനും ചിത്രകാരനുമാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായി 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.