Navyayude Chilanthikal-Malayalam Story by Surab

2019ൽ, സാഹിത്യ പ്രവർത്തക കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിദ്ധീകരിച്ച, സുറാബിന്റെ ‘നഗരത്തിൽ സംഭവിക്കുന്നത്’ എന്ന കഥാസമാഹാരത്തിലെ 21 കഥകളിൽ രണ്ടാമത്തെ കഥയാണ്, ‘നവ്യയുടെ ചിലന്തികൾ.’ ഈ സമാഹാരത്തിലെ മുഴുവൻ കഥകളും ഇവിടെ വായിക്കാം.

നവ്യയുടെ ചിലന്തികൾ

പിറ്റേന്ന് ചിലന്തികൾ നഷ്ടപ്പെട്ട നവ്യ കീഴടങ്ങിയ ഒരു രാജ്യം പോലെ ചിരി മറന്ന് തന്റെ അഴുകിയ ക്യാൻവാസ് അഴിച്ചുവെച്ച് തണുത്ത തറയിൽ പൂർണ്ണമായി നഗ്നയായി.

അപ്പോൾ വരൾച്ചയ്ക്കുശേഷം കൊടുങ്കാറ്റും പിന്നെ പേമാരിയും പ്രളയവും ഉണ്ടായി. ആ പ്രളയാധിക്യത്തിൽ രൂപേഷ് തന്റെ മണിയറയിലെ ഏകാന്തതയിലിരുന്ന് പിയാനോ വായിച്ചുകൊണ്ടിരുന്നു.

വ്യ ചിരിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നത് രാത്രിയിലാണ്. അവൾ ചിത്രകാരിയല്ല. വെറുതെ ചിരിക്കാൻ അവൾക്കു ഭ്രാന്തുമില്ല. എന്നിട്ടും അവൾ ചിരിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നു. അവളുടെ ചിരിക്കു ശബ്ദമില്ല. ഒരു തരം നിസ്സംഗത എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ട് അവൾക്കു വിഷാദരോഗമാണെന്ന് അവളുടെ കുടുംബവൈദ്യരും പറയില്ല. എന്നിട്ടും ഒരു നിമിത്തം പോലെ അവൾ ചിത്രം വരയ്ക്കുകയും ചിരിക്കുകയും ചെയ്യുന്നു. അതിലുപരി അവളുടെ ചിത്രത്തിൽ ചിലന്തികൾ വന്നു നിറയുന്നു. എവിടെ വരയിട്ടാലും ഏതു ക്യാൻവാസിലായാലും ഒരത്ഭുതം പോലെ അവിടെ അപ്പോൾ ഒരു ചിലന്തി രൂപപ്പെടുന്നു.

     “വട്ട്, ഇതൊക്കെ വട്ടല്ലാതെ പിന്നെന്ത്..?”
ഇത്തരം രൂപപ്പെടലുകൾ കണ്ട് രൂപേഷ് അവളുടെ ചിലന്തികളെ അടിവരയിട്ടു വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്. രൂപേഷ്, യഥാർത്ഥത്തിൽ ഒരു ചിത്രകാരനാണ്, പാട്ടുകാരനാണ്. രവിവർമ്മയുടെ സ്വാധീനവും യേശുദാസിന്റെ താളലയവും ഒന്നിച്ചു കുടികൊണ്ടവൻ.

എന്നാൽ അങ്ങനെ പറഞ്ഞാൽ തീർച്ചയായും നവ്യ തിരിച്ചടിക്കും.

     “ഓ, രവിവർമ്മയെപ്പോലെ രവിവർമ്മയും യേശുദാസിനെപ്പോലെ യേശുദാസും മാത്രമേ ലോകത്തുള്ളു. ഇതൊക്കെ ആളാവാൻ വേണ്ടി വെറുതെ ചുമ്മാ…”

     “ഏതായാലും ചുമ്മാ പറയുന്ന സ്വഭാവമൊന്നും രൂപേഷിനില്ല.”
     “വേണമെങ്കിൽ…”
     “വേണമെങ്കിൽ പിന്നെന്താണ്? പറ.”
     “രൂപേഷ്… എന്താണു പറയാൻ ഭാവിച്ചത്…?”

സംശയിച്ചു നിൽക്കുന്നവരോടു രൂപേഷ് എന്തോ പറയാൻ തുടങ്ങുന്നു. അപ്പോൾ അതാ അവൾ ഒരു ചിലന്തിയായി അവനു ചുറ്റും വലകെട്ടുന്നു. (വലകെട്ടിപ്പാർക്കുന്ന ചിലന്തികൾ ഒളിച്ചിരിക്കുകയും ഇരയെ പിടിക്കുകയും ചെയ്യുന്നു എന്നാണല്ലോ, പഴയ പാഠത്തിൽ.)

അങ്ങനെ അവരുടെ ശാഠ്യങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് ലോകത്തിൽ ഒരിടത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

മരുഭൂമി ചുട്ടുപെയ്യുന്ന വെയിൽ. വിങ്ങുന്ന ആകാശം. ഘോരമായ വെടിയൊച്ചകൾ. നുഴഞ്ഞു കയറുന്ന പൊടിക്കാറ്റ്. ചുറ്റും നിലവിളികളും ആക്രമണങ്ങളും. ഇടിഞ്ഞുവീഴുന്ന കൊട്ടാരങ്ങൾ, മനുഷ്യക്കുന്നുകൾ, ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന നിസ്സഹായർ, രാജ്യങ്ങൾ, റൊട്ടിക്കും വെള്ളത്തിനും വേണ്ടി വാപിളർക്കുന്ന കുഞ്ഞുങ്ങൾ, അമ്മമാർ…

അങ്ങനെ യുദ്ധം അതിന്റെ മുറിവുകളിലേക്കും നോവിലേക്കും വരൾച്ചയിലേക്കും നീണ്ടുപോകുമ്പോഴാണ് നവ്യയുടെ ചിലന്തികൾ പുതിയ യുദ്ധക്കുപ്പായം അണിഞ്ഞു രംഗപ്രവേശം ചെയ്യുന്നത്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിലൂടെ ഈന്തപ്പനകളും ഒട്ടകങ്ങളും കടന്ന്, അറബിക്കഥകളും ആയിരത്തൊന്നു രാവുകളും കടന്ന് തീർത്തും പട്ടാളവേഷത്തിൽ ഇഴഞ്ഞുവരുന്ന ഒരുപറ്റം വെള്ളച്ചിലന്തികൾ. അവയിൽ എണ്ണയിട്ടു മദോന്മത്തരായവരും അതിവേഗതയിൽ ഇഴയാൻ കഴിയുന്നവരും വേണ്ടിവന്നാൽ ഭൂലോകംതന്നെ നിമിഷംകൊണ്ടു പിടിച്ചു കുലുക്കാൻ കെൽപ്പുള്ളവരും ഉണ്ട്. കൂട്ടത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഒരാണും പെണ്ണുമാണ്. അവർക്കു മലയാളമല്ലാതെ മറ്റൊന്നുമറിയില്ല. അരിഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടുമില്ല. അതിന്റെ ലക്ഷണവും കിതപ്പും അവരിൽ വേണ്ടുവോളമുണ്ട്. മാത്രമല്ല, പിന്നിൽ നിൽക്കുന്നതാണ് ഏറ്റവും സുരക്ഷിതത്വമെന്നും അവരറിയുന്നു(ഭയംകൊണ്ടല്ല.). ആ സുരക്ഷിതത്വത്തോടെ അവർ പറഞ്ഞുതുടങ്ങുന്നു.

     ആൺചിലന്തി:
“നവ്യയുടെ വിവാഹരാത്രിയിൽ നീ എന്തിനാണ് അവളുടെ ജാലകത്തിൽ വലകെട്ടിയത്…?”

     പെൺചിലന്തി:
“അപ്പോൾ, പറയുന്ന ആൾ ശത്രുക്കളെ ഭയന്നാണോ കിണറ്റിൽ പതുങ്ങിയിരുന്നത്…?”

     ആൺചിലന്തി:
“കിണറുകൾ ഒളിത്താവളമല്ല. അതൊരു ഉറവയാണ്. വറ്റാത്ത നീരുറവ.”

     പെൺചിലന്തി:
“എന്തുറവ്…?”

     ആൺചിലന്തി:
“പരിഹസിക്കരുത്. അന്നും ഇന്നും കിണറാണു നമ്മുടെ ലോകം. കിണറുകൾ ആഴമാണ്. ആഴത്തിലേക്കു പോകുമ്പോഴാണ് പലർക്കും ജ്ഞാനമുണ്ടാകുന്നത്. പിന്നെ ഇരതേടുന്നതും ഇണചേരുന്നതും രക്ഷിക്കുന്നതും ഭക്ഷിക്കുന്നതും അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതും കിണറിന്റെ നീറ്റലിൽ അതിന്റെ തണുപ്പിൽതന്നെയാണ്. അല്ലെങ്കിൽ നമുക്ക് എടുത്തുപറയാൻ എന്താണുള്ളത്…? കിണറുകളും നൂൽനൂൽപ്പും ചിലന്തിവലകളുമല്ലാതെ…? അങ്ങനെ നവ്യയുടെ വിവാഹരാത്രിയിൽ ആ കിണർപ്പടവുകളിൽവെച്ചു പതുക്കെ ഞാൻ നിന്നെ വളയ്ക്കാൻ തുടങ്ങിയപ്പോൾ എന്നെ തട്ടി മാറ്റി നീ എളുപ്പം അവളുടെ ജാലകത്തിലേക്ക് വലിഞ്ഞുപോയി. എന്നാൽ, നിന്നെ ഒളിഞ്ഞിരുന്ന് ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്ന രൂപേഷിന്റെ നഗരത്തിൽ നീ വീണുപോവുകയായിരുന്നു. വെന്തുരുകുകയായിരുന്നു.”

Read Also  ഉണർവോടു വിളയാടും പറവൈകൾ/ഇടമൺ രാജൻ പരിഭാഷപ്പെടുത്തിയ, പി. കരുണാകര മൂർത്തിയുടെ തമിഴ് കഥ/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

     പെൺചിലന്തി:
“എന്നിട്ട്…?”

     ആൺചിലന്തി:
“ഓ, എന്നിട്ട് ഒന്നും അറിയാത്തതുപോലെ. ഒന്നും സംഭവിക്കാത്തതുപോലെ, വാസ്തവത്തിൽ നവ്യയുടെ വിവാഹരാത്രിയിലായിരുന്നു ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങിയത്. നവ്യ, ക്യാൻവാസിൽ അവളുടെ ആകാശത്ത് നമ്മളെ ഒറ്റയ്ക്കാക്കിയ ആ ഏകാന്തതയിൽ. ഒരർത്ഥത്തിൽ അന്നത്തെ ഏകാന്തതയാണ് മരുഭൂമിവരെ നമ്മെ എത്തിച്ചതും പിന്നീടു യുദ്ധവേഷം ധരിപ്പിച്ചതും.”

     പെൺചിലന്തി:
ചുരുക്കിപ്പറഞ്ഞാൽ പ്രേമിച്ചു പടപൊരുതി പരാജയപ്പെടുന്നവർ എന്നർത്ഥം.”

     ആൺചിലന്തി:
“അനന്തസാദ്ധ്യതയ്ക്ക് ആരും അർത്ഥം നോക്കാറില്ല. അതൊക്കെ കട്ടുറുമ്പുകളുടെ സൂത്രവാക്യം.”

     പെൺചിലന്തി:
“എങ്കിൽ വഴിയിൽനിന്നും കിട്ടിയ മിസൈലുകൾ എവിടെ നമ്മൾ കുഴിച്ചിടും..?”

     ആൺചിലന്തി:
(ഒട്ടും ആലോചിക്കാതെ) “രൂപേഷിന്റെ തറവാട്ടിൽ!”

     പെൺചിലന്തി:
“എന്തിന്..?”

     ആൺചിലന്തി:
“നവ്യയുടെ ചിരി തൽക്കാലം അടങ്ങണമെങ്കിൽ, അവളിൽ നിന്നും നമ്മൾ പുറത്തുപോകണമെങ്കിൽ അങ്ങനെ സംഭവിച്ചേ മതിയാകൂ.”

     പെൺ ചിലന്തി:
(പൊട്ടിച്ചിരിക്കുന്നു. എന്നിട്ട് തന്റെ ഏറ്റവും പുതിയ വല കുലുക്കിക്കൊണ്ട്) “നിങ്ങളൊരു മരമണ്ടനാണ്, പഴയ കോൺഗ്രസ്സുകാരെപ്പോലെ. എന്നാൽ ഞാൻ കരുതി ഏതെങ്കിലും കൊടുമുടിയുടെ ഉച്ചിയിലായിരിക്കുമെന്ന്. ഛേയ്, നാണക്കേട്. അതും രൂപേഷിന്റെ ഇടിഞ്ഞു പൊളിയാൻ നിൽക്കുന്ന പഴഞ്ചൻ തറവാട്ടിൽ. അവിടെയാണെങ്കിൽ ചാവാൻ കിടക്കുന്ന രണ്ടു പശുക്കളും ഏതുനേരവും നെഞ്ഞും തടവി കുരച്ചുകൊണ്ടിരിക്കുന്ന ഒരപ്പൂപ്പനും. ആ മുഷിഞ്ഞ നാലുകെട്ടു നശിപ്പിച്ചിട്ട് നമ്മൾക്ക് എന്തു പുണ്യമാണുണ്ടാവുക?”

     ആൺചിലന്തി:
“ചിലന്തികൾക്കും ഒരു യോഗമുണ്ട്. അത് ചിലപ്പോൾ പുണ്യമാവാം. മറ്റു ചിലപ്പോൾ മറ്റുപലതും. അത് സംഭവിച്ചേ മതിയാവൂ. കേട്ടില്ലേ സംഭവാമി യുഗേ യുഗേ എന്ന്?”

നവ്യയും രൂപേഷും വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ രാത്രിയിൽ രൂപേഷിന് ഒരുഗ്ലാസ്സ് പാലു കൊടുത്ത് അവൾ അവളുടെ ഡ്രോയിംഗ് റൂമിൽ കയറി വാതിലടച്ചു. കഷ്ടം. തന്റെ കാൻവാസിൽനിന്നും ഹൃദയത്തിൽനിന്നും ചിലന്തികൾ അപ്രത്യക്ഷമായിരിക്കുന്നു. മരുഭൂമി ഒന്നടങ്കം ചുറ്റിക്കറങ്ങിയ ചിലന്തികൾ ഒടുവിൽ യുദ്ധത്തടവുകാരെപ്പോലെ എണ്ണയ്ക്കു പകരം മണലിൽ പൂണ്ട് എങ്ങോ ഒളിച്ചിരിക്കുന്നു. ഒരുപക്ഷേ, യുദ്ധവേഷം അഴിച്ചുവെച്ച് അവരിപ്പോൾ മറ്റൊരു സാമ്രാജ്യത്തിന്റെ സുവിശേഷത്തിനായി നോമ്പനുഷ്ഠിക്കുന്നുണ്ടാകും. കാത്തിരിക്കുന്നുണ്ടാകും.

പിറ്റേന്ന് ചിലന്തികൾ നഷ്ടപ്പെട്ട നവ്യ കീഴടങ്ങിയ ഒരു രാജ്യം പോലെ ചിരി മറന്ന് തന്റെ അഴുകിയ ക്യാൻവാസ് അഴിച്ചുവെച്ച് തണുത്ത തറയിൽ പൂർണ്ണമായി നഗ്നയായി.

അപ്പോൾ വരൾച്ചയ്ക്കുശേഷം കൊടുങ്കാറ്റും പിന്നെ പേമാരിയും പ്രളയവും ഉണ്ടായി. ആ പ്രളയാധിക്യത്തിൽ രൂപേഷ് തന്റെ മണിയറയിലെ ഏകാന്തതയിലിരുന്ന് പിയാനോ വായിച്ചുകൊണ്ടിരുന്നു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹