വർഷങ്ങൾക്കിപ്പുറം നിനക്കെഴുതുകയാണ്,
അതേ ഹൃദയത്തുടിപ്പോടെ
നീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല.
എങ്കിലും, നിനക്കെഴുതുമ്പോൾ മനസ്സിന്
എന്തെന്നില്ലാത്തൊരു ലാഘവം,
എന്നത്തേയും പോലെ…

നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല,
മഴ ചാറിത്തുടങ്ങി. ചന്നം പിന്നം
കന്നിമഴ. ഹാ, മൺവാസന!

ഇവിടെ കൊടും വേനലാണ്.
മണ്ണിലെത്തും മുൻപേ
മഴത്തുള്ളികളെ വെയിൽ
കുടിച്ചു വറ്റിച്ചു കളയുന്നു.
എങ്കിലും, ഈ മഴച്ചാറ്റലിന്
നല്ല തണുപ്പുണ്ട്.

വേനലിൽ കരിഞ്ഞു പോയതെന്തോ
മണ്ണിൽ കിളിർത്തു പൊന്തുന്നുണ്ട്.
എങ്ങു നിന്നോ പാറി വന്ന
രണ്ടു മഞ്ഞക്കിളികൾ ജാലകത്തിന്
അരികിലുള്ള നെല്ലിമരക്കൊമ്പിൽ
ഒച്ച വെക്കുകയും തൂവൽ പൊഴിച്ച്
പറന്നു പോവുകയും ചെയ്തു.

മഴ മെല്ലെ കനക്കുകയാണ്.
മഴയൊരു പുഴയാകുന്നു.
മഴയത്ത് ഒരു കടത്തുതോണിയകന്ന്,
മാഞ്ഞുപോകുന്നു.
നീ പുഴയുടെ മറുകരയിലാണെന്ന് ഞാനറിയുന്നു.
നിനക്കേറെ പ്രിയപ്പെട്ട, പേരറിയാപ്പൂക്കളുടെ
സുഗന്ധം ഇവിടമാകെ പരക്കുന്നു.
പൂക്കൾ പുഴ നിറയുന്നു.

പിന്നെയും മഞ്ഞക്കിളികൾ പാറി വന്ന്
ചിറകു ചിക്കുന്നു.
ജാലകത്തിലൂടെ ഇറച്ചാറ്റൽ എന്നെ തൊടുന്നുണ്ട്.

ഞാൻ നനഞ്ഞ മഴത്തുണ്ട്
ഒരു വെയിൽ കഷണത്തിൽ
പൊതിഞ്ഞ് നിനക്കയക്കുന്നു.
നീയും നനയുമല്ലോ.
മഴ മണക്കുന്ന,
നിനക്കെന്റെ സ്നേഹവും ഇതോടൊപ്പം!