Malayattoor Ramakrishnan and Vayalar Ramavarmma walks at Cherthala-AI illustration by Surya
മലയാറ്റൂർ രാമകൃഷ്ണനും വയലാർ രാമവർമ്മയും/ എഐ ചിത്രം/ സൂര്യ

നിനക്ക് മരണമില്ല

വയലാറിന്റെ കവിതകളും ഗാനങ്ങളും അടങ്ങിയ സമ്പൂർണ്ണ സമാഹാരത്തിന്, മലയാറ്റൂർ എഴുതിയ അവതാരിക.

“പ്രഭാതത്തിന്റെ പുതിയ മുഖം ചുവന്നപ്പോൾ,
കായലിലെ ഓളങ്ങളുണർന്നപ്പോൾ,
ഞാൻ വന്നു… വയലാറിലേക്ക്…
നിന്നെക്കാണാൻ –
അതൊരു പഴയ കാലം,
ആത്മാർത്ഥതയുടെ കാലം –
ചേർത്തലയിലെ ചേറിലും ചൊരിമണലിലും
ചോര പുരണ്ട കാലം –
കൊടിക്ക് ചങ്കിലെ നീരിന്റെ നിറമുള്ള കാലം –
രക്തസാക്ഷികളുടെ കാലം.
അക്കാലത്താണ് ഞാൻ വന്നത്,
നിന്നെത്തേടി…
നിന്നെക്കാണാൻ.
സർപ്പക്കാവുകളുടെ മണം മുറ്റിനിന്ന തളത്തിൽ
അമ്മ നമുക്ക് കഞ്ഞി വിളമ്പിത്തന്നു.
ചൊരിമണൽതട്ടുകളിലൂടെ നാം നടന്നു…
ഒരു രാത്രിയിൽ…
കളവങ്കോടം ബാലകൃഷ്ണനും
എൻ.എസ്.പി പണിക്കരും
നമ്മോടൊത്തുചേർന്നു.
ആ രാത്രിയിൽ,
ഏതോ പച്ചക്കുളത്തിന്റെ,
പായൽ കുളത്തിന്റെ, വക്കിൽ
നോക്കുകുത്തിയെപ്പോലെ നിന്നിരുന്ന
ഒരു വിഗ്രഹം നാം പിഴുതെറിഞ്ഞു…
വർഷങ്ങൾ കഴിഞ്ഞു…
നീ ഈ നാടിന്റെ ഗാനമായി,
ജ്വാലയായി, ലഹരിയായി, ഉൻമാദമായി.
ഒടുവിൽ, നീ യാത്ര പറഞ്ഞുപോയപ്പോൾ
കരയാനറിയാത്ത ദൈവങ്ങളും
കരയാൻ മാത്രം പഠിച്ച ഞങ്ങളും കണ്ണീരൊഴുക്കി.
നീ മലയാള ഭാഷയുടെ അഭിമാനമാണ്.
നീ എന്നും അതായിരിക്കും –
നിനക്ക് മരണമില്ല.“

Ninakku Maranamilla- Preface of Vayalar Krithikal written by Malayattoor Ramakrishnan
'നിനക്ക് മരണമില്ല', മലയാറ്റൂരിന്റെ കൈപ്പടയിൽ.