Published on: November 13, 2025

ഒരാണ്ട്
ഒരാണ്ട് കഴിഞ്ഞുപോയി.
ഇലകളൊക്കെ കൊഴിഞ്ഞു.
എങ്കിലും തളിരിലകൾക്ക് ആ കഥയറിയാം,
ചിറകുകളുടെ ചൂടറിയാം
എങ്ങനെയെന്നല്ലേ…
വേരുകൾ പറഞ്ഞു കൊടുത്തിരുന്നു.
കൊത്തിയെടുത്ത ചുള്ളിക്കമ്പുകൾ ഓരോന്നായി
ചേർത്തുവെച്ചൊരു കൊച്ചുകൂട്.
ആർത്തുപെയ്ത മഴയിലാ കൂടൊരു വീടായി,
ഉദ്യാനം ഒരു കാടും…
പിറവിയുടെ വേദനയിൽ ഞങ്ങളും
സൃഷ്ടിയുടെ വേദനയിൽ അവളും പിടഞ്ഞു.
പിന്നെ ഞങ്ങൾ കരയുകയും
അവൾ ചിരിക്കുകയും ചെയ്തു.
അവളുടെ ചിറകൊരു കമ്പിളിപ്പുതപ്പായി,
ഊട്ടി ഊട്ടിചുണ്ടുകൾ അക്ഷയപാത്രവും.
ഞാൻമാത്രം കണ്ണും വായും തുറന്നു…
ഞാൻമാത്രം…
തണുത്തു വിറങ്ങലിച്ചു മരിച്ചുപോയത്
എൻ്റെയും കുഞ്ഞുങ്ങളാണ്.
അല്ല, ഞാൻതന്നെയാണ്…
ഞാൻതന്നെയാണ്…
ചൂടേകിയ ചിറകുകൾ പറന്നകന്നപ്പോൾ
അനാഥമായത് എൻ്റെമാത്രം ബാല്യമല്ല,
അവരുടേതുകൂടിയാണ്…
നഷ്ടം അവർക്കും കൂടിയാണ്…
ഒരാണ്ടിനുശേഷം നഷ്ടമായവയെ
വീണ്ടെടുക്കാൻ വന്നതല്ല.
പിറവിയുടെ വേദനയിൽ അവർ പിടയുമ്പോഴും
പിന്നീട് കരയുമ്പോഴും എനിക്ക് ചിരിക്കണം.
വേരുകൾ അപ്പോൾ പുതിയ കഥയെഴുതാൻ
തുടങ്ങിയിട്ടുണ്ടാവും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

അഞ്ജലി. കെ. എൽ.: കാലിക്കറ്റ്സർവ്വകലാശാല മലയാള – കേരളപഠനവിഭാഗം ഗവേഷക.






