കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഓരോ മാസത്തിന്റെയും ഒടുവിലത്തെ ഞായറാഴ്ചകളിൽ പൊന്നൂക്കരയിലെ ഗ്രാമീണ നാദത്തിനും കാറ്റിനും കലയുടെ ഏഴഴകിന്റെ സുഗന്ധമാണ്. അന്നിവിടത്തെ പകലിനും സന്ധ്യയ്ക്കും കലയെ ചേർത്തുപിടിക്കുന്ന ജീവിതങ്ങളുടെ തുടിപ്പും വിയർപ്പും ചാരുതയുമുണ്ട്.

തൃശൂർ നഗരത്തിൽ നിന്നും ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഈ മലയോര ഗ്രാമത്തിൽ രൂപം കൊണ്ട സംഗീത പ്രണയീ- പ്രണയിനികളുടെ കൂട്ടായ്മയായ, ‘അന്തര മ്യൂസിക്കൽ കളക്റ്റീവ് പൊന്നൂക്കര’ മാസാവാസന ഞായറാഴ്ചയിൽ ഇവിടെ ഒരുക്കുന്ന ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത സദസ് പൊന്നൂക്കരയ്ക്കു വെളിയിലേക്കും ഒഴുകി കൊണ്ടിരിക്കുന്നു. ഈ പരിപാടിയിലൂടെ ഇവർ നവാഗത ഗായകരെ പങ്കെടുപ്പിക്കുകയും അവർക്ക് വളർന്നു വരുവാനുള്ള പ്രോത്സാഹനങ്ങളും പരിശീലനങ്ങളും നല്കുന്നു. ഗ്രാമത്തിലെ വെളിയിലുള്ളവർക്കും ഈ പരിപാടിയിൽ പങ്കെടുക്കുവാനും ആന്തര നടത്തുന്ന സ്റ്റേജ് ഷോകളിൽ പാടാനുള്ള അവസരവും നല്കുന്നു. പ്രമുഖരായ സംഗീത സംവിധായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആന്തരയുടെ സ്റ്റേജ് ഷോകൾ കേരളത്തിൽ അറിയപ്പെടുന്ന സംഗീത വിരുന്നുകളിൽ ഒന്നാണ്.

2025 ജനുവരി 4, ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് പൊന്നൂക്കര ഗവൺമെന്റ് സ്കൂൾ അങ്കണത്തിൽ, തുറന്ന വേദിയിൽ നടത്തുന്ന അന്തരയുടെ ‘ഗസൽ സന്ധ്യ’ മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രഗാനരചയിതാവ് റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കലാനിരൂപകൻ ഇ. ജയകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നുണ്ട്. ഇബ്രാഹിം കുട്ടി (സിത്താർ), ബാബു കുമരനെല്ലൂർ (കീബോർഡ്, ഹർമോണിയം), സുരേന്ദ്രൻ (തബല), ഷാബു (റിഥം പാഡ്), ജയേഷ് (സൌണ്ട്), മുരളി തയ്യിൽ (ലൈറ്റ്) എന്നിവരാണ് ഓർക്കസ്ട്ര നയിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി അഫിലിയേഷനോടെ പ്രവർത്തിച്ചു വരുന്ന അന്തരയുടെ അമരത്ത്, എൻ.യു. സുബ്രഹ്മണ്യൻ(പ്രസിഡണ്ട്), എം. രഘുനാഥ്(സെക്രട്ടറി), നിഷ ബിജു( ട്രഷറർ) എന്നിവരാണ്. ഗായകരായ പാർത്ഥൻ, വൃന്ദ സുരേഷ്, ബി. അശോക് കുമാർ, ഹണി പാർത്ഥൻ, ഷീന അപ്പുണ്ണി, സുരേഷ് പി. എസ്. തുടങ്ങി നിരവധി കലാപ്രവർത്തകർ അന്തരയുടെ ആത്മാവിനെ സമ്പുഷ്ടമാക്കുന്നു; ഒപ്പം, പൊന്നൂക്കരയുടെ കലാഹൃദയത്തെയും പാരമ്പര്യത്തെയും ഉയർത്തി കൊണ്ടുവരികയും ചെയ്യുന്നു.