പ്രിയരേ…
2025ലെ ഈ ആദ്യദിന പുലരിയിൽ ആദ്യമായി നിങ്ങൾക്കേവർക്കും ‘പ്രതിഭാവം’ ടീമിന്റെ പുതുവത്സരാശംസ നേരുന്നു. അതോടൊപ്പം, സാഹിത്യപ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങൾ തുടക്കമിടുന്ന പ്രതിഭാവത്തിന്റെ ഈ ഓൺലൈൻ ആനുകാലികത്തിനു നിങ്ങളുടെ സർവ പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ്, ഇതുപോലൊരു ജനുവരി പുതുവത്സര ദിനത്തിലായിരുന്നു ആദ്യമായി പ്രതിഭാവം ഉദയം കൊണ്ടത്. അന്നത്തെ അച്ചടിയുടെ കാലത്ത്, മാസത്തിൽ ഓരോ എഡിഷനുകൾ എന്ന കണക്കിന് ഒരു പത്രമായിട്ടായിരുന്നു പ്രതിഭാവം ഇറങ്ങിയിരുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിൽ അധിക എഡിഷനുകൾ ഇറക്കാനായില്ല. എങ്കിലും, പുറത്തിറക്കിയ എഡിഷനുകൾ തികഞ്ഞ സംതൃപ്തി നല്കുന്നതായിരുന്നു. മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ആയിരുന്ന ഗീതാ ഹിരണ്യന്റെ അവസാനകാല കൃതിയായി കരുതപ്പെടുന്ന ‘സുഖം’ എന്ന കവിതയെ പ്രകാശിതമാക്കുവാനുള്ള ഒരു അസുലഭ സൗഭാഗ്യവും പ്രതിഭാവത്തിനു ലഭിച്ചു എന്നതും ഈ അവസരത്തിൽ എടുത്തുപറയേണ്ട ഒന്നാണ്.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുൻപ്, ഇതുപോലൊരു ജനുവരിയിലെ രണ്ടാം തിയ്യതി ആയിരുന്നു ആ അനുഗൃഹീത എഴുത്തുകാരി വിടപറഞ്ഞത്. നാളെ, ഗീത ടീച്ചറുടെ ഇരുപത്തിമൂന്നാം ചരമവാർഷികമാണ്. ആ ഓർമ്മകൾക്കു മുൻപിൽ ഒരുപിടി വെളുത്ത പൂക്കൾ അർപ്പിക്കുകയാണ്.
അതോടൊപ്പം, അക്കാലത്ത്, എന്നോടൊപ്പം ചേർന്നു പ്രവർത്തിച്ചവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. പ്രതിഭാവത്തിന്റെ സബ് എഡിറ്റരായിരുന്നത് എന്റെ സഹോദരീ പുത്രനായ സുജിത് ആലുങ്ങലും റിപ്പോർട്ടർ ശ്രീനാഥുമാണ്. വർഷങ്ങളുടെ വേഗപ്രയാണത്തിൽ, എന്റെ ചങ്ങാത്ത വലയത്തിന്റെ കണ്ണികളിൽ നിന്നും ശ്രീനാഥ് അനവധി കാതം കടന്നുപോയിരിക്കുന്നു. എന്നിരിക്കലും, അവനേയും മനസാ ചേർത്തുവെച്ച്, പ്രതിഭാവത്തിന്റെ തുടർപ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
ഒപ്പം,
നിങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…
സതീഷ് കളത്തിൽ.
* 2020ൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച, ടീച്ചറോടൊത്ത് എനിക്കു ലഭിച്ച ഒരുപിടി നിമിഷങ്ങളുടെ ഓർമ്മക്കുറിപ്പിന്റെ ലിങ്കും നിങ്ങളുടെ വായനയ്ക്കായി ഇതോടൊപ്പം ചേർക്കുന്നു.
‘ഒരു ഗീതകം പോലെ, മലയാളികളുടെ പ്രിയങ്കരിയായ സാഹിത്യകാരിയുടെ ഓർമ്മയ്ക്ക്’