February 13: World Radio Day- 2025

ഫെബ്രുവരി 13: ലോകറേഡിയോ ദിനം. പതിനെട്ടാം നൂറ്റാണ്ടിൽ, ലോകശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ ഏറ്റവും വിപ്ലവാത്മകമായ ചരിത്രം സൃഷ്‌ടിച്ച ഒന്നായിരുന്നു റേഡിയോ. മനുഷ്യന്റെ കലാസ്വാദന മാർഗങ്ങളിലെ ആദ്യത്തെ സാങ്കേതികമാർഗമാണ് റേഡിയോ.

കലയിൽ റേഡിയോയുടെ പ്രസക്തിയും അതിൽ റേഡിയോ നാടകങ്ങൾ വഹിച്ച പങ്കും വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്, ആകാശവാണിയുടെയും ദൂരദർശന്റെയും പ്രോഗ്രാം മേധാവിയായി ദീർഘക്കാലം സേവനമനുഷ്ടിച്ചിട്ടുള്ള ഡോ. ടി. ടി. പ്രഭാകരൻ രചിച്ച ‘റേഡിയോ നാടകങ്ങളുടെ സൌന്ദര്യശാസ്ത്രം.’ ഈ ഗ്രന്ഥം.

ലോകറേഡിയോ ദിനമായി ആചരിക്കപ്പെടുന്ന ഇന്ന്, ആകാശവാണി റിട്ട. ഡപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാർ ഈ ഗ്രന്ഥത്തെകുറിച്ചുള്ള സൂക്ഷ്മമായ ഒരു അവലോകനം ഇവിടെ പങ്കുവെയ്ക്കുന്നു.

‘റേഡിയോ നാടകങ്ങളുടെ സൌന്ദര്യശാസ്ത്രം’ അവലോകനം.

മ്പമാർന്ന സംസാരശൈലികൊണ്ട് ആരേയും കീഴടക്കാം. ഉച്ചാരണവിന്യാസത്തിലൂടെ വാക്കുകൾക്ക് ഭാവാർത്ഥം പകർന്ന്, അതിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ മാധ്യമമാണ് റേഡിയോ. റേഡിയോ അവതാരകനും, ശ്രോതാവും അന്യോന്യം കാണുന്നില്ല എന്നതുകൊണ്ട് റേഡിയോയെ ഒരു അന്ധമാധ്യമം ആയിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇവർ അന്യോന്യം കാണുന്നുണ്ടുതാനും. അതാണ് മറ്റുമാധ്യമങ്ങളെ അപേക്ഷിച്ച് റേഡിയോ എന്ന ഈ മാധ്യമത്തിന്റെ സവിശേഷതയും സൌന്ദര്യവും. ശബ്ദംകൊണ്ടുള്ള ഒരു വിരുന്നായതുകൊണ്ടുതന്നെ ശബ്ദപ്രയോഗത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. മാത്രമല്ല, ശ്രോതാക്കൾക്ക് നല്ലൊരു ശ്രവ്യാനുഭൂതി നൽകുവാൻ കേൾവിയുടെ പ്രത്യേകതകളെ ചൂഷണം ചെയ്യുകയും വേണം. റേഡിയോ കലാകാരന്മാർക്ക്, സ്വരഭേദങ്ങളിലൂടെ മനുഷ്യവികാരങ്ങളെ പ്രകടിപ്പിക്കാനുള്ള അസാമാന്യ കഴിവും വേണം. പണ്ട് നാടകങ്ങളും മറ്റ് പരിപാടികളും തൽസമയം പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് കലാകാരന്മാരുടെ കഴിവും മനസ്സാന്നിധ്യവും വളരെയേറെ പ്രാധാന്യമർഹിച്ചിരുന്നു.

കേൾക്കുന്നത് കാതാണെങ്കിലും, കാതും മനസ്സും അടുത്ത കൂട്ടുകാരായതുകൊണ്ട് മനസ്സിന്റെ വ്യാപനത്തോടൊപ്പം കാതും കൂട്ടുകൂടും. മനസ്സ് കേൾക്കണ്ട എന്നു വിചാരിച്ചാൽ കാത് കേൾക്കില്ല, ഇനി കേൾക്കണം എന്നു മനസ്സു പറഞ്ഞാൽ എത്ര ബഹളം ഉണ്ടെങ്കിലും കേൾക്കേണ്ടത് കേൾക്കും. മനസ്സിന്റെ ഇഷ്ടമാണ് ചെവിയുടെ ഇഷ്ടം. ശബ്ദം തരംഗം ആയതുകൊണ്ട് ശബ്ദത്തിനു ആവർത്തി (Frequency) ഉണ്ട്. 20 hertz മുതൽ 20000 hertz വരെയാണ് അതിന്റെ ആവർത്തി. ചെവി വ്യത്യസ്ത ആവർത്തികളെ ഒരു പോലെ കേൾക്കില്ല. മാത്രമല്ല, കേൽക്കുന്ന രീതി ശബ്ദതീവ്രതയ്ക്ക് അനുസരിച്ച് മാറുകയും, സാമാന്യം ഉറക്കെയുഉള്ള ശബ്ദമാണെങ്കിൽ എല്ലാ അവർത്തിയേയും ഒരുപോലെ കേൾക്കുകയും ചെയ്യും. കൂടാതെ, വ്യത്യസ്ത ആവർത്തിയിലുള്ള ശബ്ദങ്ങൾ വ്യത്യസ്ത വികാരങ്ങളാണ് മനസ്സിന് നല്കുക. കുറഞ്ഞ ആവർത്തി ഉള്ള ശബ്ദം warmth എന്ന വികാരവും കൂടിയ ആവർത്തി live വികാരവും ആണ് ഉണർത്തുക. അതേ സമയം 2700 hertz നടുത്തുള്ള ആവർത്തി, ആ ശബ്ദം നമ്മുടെ തൊട്ടടുത്ത് (Presence) ഉണ്ടെന്ന തോന്നൽ ഉണർത്തുന്നു. ഇതൊക്കെ മനസ്സിലാക്കി കഠിനപരിശീലനത്തിലൂടെയാണ് റേഡിയോകലാകാരന്മാർ ശ്രോതാക്കളെ ആസ്വാദനത്തിന്റെ ഉച്ചിയിലേക്ക് കൊണ്ടുപോകുന്നത്.

പൊതുവെ, പലർക്കും കുളിമുറിയിൽ പാടുവാൻ ഭയങ്കര ഇഷ്ടമാണ്. അതിനു കാരണം, നമ്മുടെ ശബ്ദം അനുനാദത്തെ (Resonance) സൃഷടിക്കുന്നു എന്നുള്ളതാണ്. നെൽപ്പാടങ്ങളിൽ നിന്ന് നമ്മൾ ഉറക്കെ കൂവുമ്പോൾ അത് പ്രതിധ്വനിക്കുന്നത് (Echo) കേൾക്കാം. നമ്മൾ ഉണ്ടാക്കുന്ന ശബ്ദം ഒരു സെക്കൻഡിന്റെ പത്തിൽ ഒന്നു (1/10 sec) സമയത്തിനു ശേഷം നമ്മുടെ ചെവിയിൽ എത്തുമ്പോൾ മാത്രമാണ് വീണ്ടും ആ ശബ്ദത്തെ (echo) കേൾക്കുന്നത്. Echo ഉണ്ടാകാനുള്ള സാഹചര്യം (multiple reflection) ഇല്ലെങ്കിൽ സമയം കഴിയുതോറും ശബ്ദത്തിന്റെ ഊർജ്ജം കുറഞ്ഞു കൊണ്ടേയിരിക്കും. അങ്ങിനെ ശബ്ദ ഊർജ്ജത്തിന്റെ നിശ്ചിത തോത് കുറയാനുള്ള സമയത്തെ അനുരണന ദൈർഘ്യം (Reverberation time) എന്നു പറയും. ഈ സമയക്രമീകരണം വ്യത്യസ്ത ശബ്ദഭാവങ്ങളെ കൂടൂതൽ ഫലപ്രദമാക്കാനും ചാരുത നല്കാനും പ്രയോജനപ്രദമാണ്.

ഇത്രയും സൂചിപ്പിച്ചത്, ഒരു റേഡിയോ പ്രോഗ്രാം ഒരുക്കാനുള്ള പ്രയത്നത്തെ കുറച്ചെങ്കിലും മനസ്സിലാക്കാനാണ്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ഡോ. ടി ടി പ്രഭാകരൻ എഴുതിയ ‘റേഡിയോനാടകങ്ങളുടെ സൌന്ദര്യശാസ്ത്രം’ എന്ന ഗ്രന്ഥം വായിക്കപ്പെടേണ്ടത്. ഇതിൽ റേഡിയോ എന്ന ശബ്ദമാധ്യമത്തിന്റെ പ്രത്യേകതകളേയും റേഡിയോനാടകങ്ങളുടെ നിർമ്മാണ പ്രവർത്തനത്തെയും സാധ്യതകളെയും സവിസ്തരം വിശകലനം ചെയ്തിട്ടുണ്ട്.

“റേഡിയോ എന്നാൽ ഒരേ സമയം ഒരു സ്വീകരണിയും ഉദ്ഘോഷണ യന്ത്രവുമാണ്. അതായത് മനുഷ്യന്റെ ചെവിയുടെയും വായയുടെയും ധർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ട് റേഡിയോ എന്നർത്ഥം. മനുഷ്യാവയവങ്ങളുടെ വിപുലീകരണമാണ് മാദ്ധ്യമങ്ങൾ എന്ന, കനേഡിയൻ മാധ്യമ സൈദ്ധാന്തികൻ മാർഷൽ മഹ്‌ലുഹാൻ (Marshall MacLuhan) ന്റെ വാദഗതിയെ ശരിവയ്ക്കുന്നതാണ് ഈ യാഥാർഥ്യം.” എന്നു ഗ്രന്ഥകാരൻ പറയുന്നു.

ആദ്യകാലങ്ങളിൽ ജനങ്ങളുടെ അഭിപ്രായം റേഡിയോഅവതാരകർ കേട്ടിരുന്നത് എഴുത്തുപ്പെട്ടി എന്ന പ്രോഗ്രാമിലേക്ക് വരുന്ന കത്തുകളിലൂടെ ആയിരുന്നു. പിൽക്കാലത്ത് ടെലഫോണിന്റെ സഹായത്തോടെ അന്യോന്യസമ്പർക്കപരിപാടി ആരംഭിച്ച് ശ്രോതാക്കളുടെ ശബ്ദവും റേഡിയോയുടെ ഭാഗമായി. അങ്ങിനെ കാലാകാലങ്ങളിൽ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ടാണ് റേഡിയോ മുന്നോട്ട് പോയത്.

ബ്രിട്ടീഷ് എഴുത്തുകാരൻ റിച്ചാർഡ് ഹ്യൂസിന്റെ (Richard Hughes) വാക്കുകളും ഗ്രന്ഥകാരൻ ഇതിൽ പങ്കുവെക്കുന്നു, “അത് നിശബ്ദ സിനിമയുടെ കാലമായിരുന്നു. അതിനാൽ ഈ ശ്രവ്യനാടകങ്ങളെ നിശബ്ദ സിനിമകളുടെ നഷ്ടപ്പെട്ട പാതിയായി ഞാൻ സംശയിച്ചു. നിശ്ശബ്ദ സിനിമകൾക്ക് പോലും ദൃശ്യത്തെ മാത്രം പൂർണ്ണമായി ആശ്രയിക്കുന്നവയായിരുന്നില്ല.”

“Moving pictures need sound as much as Beethoven needs lyrics.” എന്ന് ചാർലി ചാപ്ലിൻ 1928 ൽ പറയുകയുണ്ടായി. എന്നാൽ അദ്ദേഹത്തിനും പിന്നീട് തന്റെ സിനിമകളിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കേണ്ടി വന്നു എന്നത് ശബ്ദത്തിന്റെ പ്രാധാന്യത്തെ ഉദ്ഘോഷിക്കുന്നു. എങ്കിലും പശ്ചാത്തല സംഗീതത്തിന്റെ പിൻബലം ഇല്ലാത്ത സിനിമകൾ വിരളം. “ദൃശ്യങ്ങൾക്ക് പുതിയമാനം നല്കുന്നത് ശബ്ദമാണ്.” എന്ന് അടൂർ ഗോപാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. ‘മതിലുകൾ’ എന്ന സിനിമയിൽ ശബ്ദംകൊണ്ടുമാത്രം ഒരു കഥാപാത്രത്തെ അനശ്വരമാക്കുകയുണ്ടായി അദ്ദേഹം.

ഗ്രന്ഥകാരൻ പറയുന്നു, “ശബ്ദമാധ്യമമായ റേഡിയോയും സിനിമയും ഏതാണ്ട് ഒരേ കാലത്ത് നിലനിന്നു എന്നത് ഒരു വൈരുധ്യം പോലെ തോന്നാവുന്ന സത്യമാണ്. നിശബ്ദ സിനിമ പിന്നീട് ശബ്ദ സിനിമയായി മാറുന്നതിന് മുമ്പ് ഉപശീർഷകങ്ങൾ (subtitles) ഉപയോഗിച്ചുകൊണ്ടാണ് പ്രേക്ഷകരുമായി സംവദിച്ചത്. ദൃശ്യങ്ങൾ കാണുന്നതിനോടൊപ്പം. അതിനിടയിലൂടെ പ്രത്യക്ഷപ്പെടുന്ന ഉപശീർഷകങ്ങൾ വായിക്കുകയും ചെയ്താൽമാത്രമേ യഥാർത്ഥത്തിലുള്ള ആശയവിനിമയം പൂർണ്ണമാവുകയുള്ളൂ എന്നർത്ഥം. അതിനുശേഷം സിനിമ ശബ്ദിക്കാൻ തുടങ്ങിയതോടെയാണ് അതിന് ബഹുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും പിന്നീട് ജനകീയതയും ലഭിച്ചത്. അതിനു ശേഷം വന്ന ടെലിവിഷനും സഞ്ചരിച്ചത് സിനിമയുടെ ഈ മാർഗത്തിലൂടെയാണ്. അപ്പോഴെല്ലാം ശബ്ദത്തിന്റെ അകമ്പടിയാണ് ദൃശ്യങ്ങളെ സമ്പന്നമാക്കിയത് എന്ന കാര്യം വിസ്മരിച്ചുകൂടാ.”

‘ജനിക്കുന്നതിനുമുമ്പുതന്നെ നാം കേൾക്കാൻ തുടങ്ങുന്നു. ഏതാണ്ട് ഗർഭധാരണം കഴിഞ്ഞ് നാലരമാസമാകുമ്പോൾ തന്നെ.’ എന്ന പ്രസിദ്ധ ശബ്ദവിന്യാസക്കാരനായ വാൾട്ടർ മൂർചന്റെയും ‘കാഴ്ചപരിമിതി മനുഷ്യരെ വസ്തുക്കളിൽ നിന്ന് അകറ്റുന്നതാണെങ്കിൽ ബധിരത മനുഷ്യരെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. മനുഷ്യശബ്ദം ഭാഷയും അതുമായി ബന്ധപ്പെട്ട ചിന്തകളും മറ്റു മനുഷ്യരുമായുള്ള ബന്ധവും സൃഷ്ടിക്കും.’ എന്ന ഹെലൻ കെല്ലറുടെയും അഭിപ്രായങ്ങളെ “എഴുത്തും അച്ചടിയും അർത്ഥത്തെ തടവിലിടുകയാണ് ചെയ്യുന്നത്. എന്നാൽ അങ്ങിനെ കൂട്ടിൽ അടക്കപ്പെട്ട അർത്ഥത്തെ തുറന്നുവിടണമെങ്കിൽ, ഒന്നുകിൽ വായിക്കണം. ആല്ലെങ്കിൽ അത് മനുഷ്യോച്ചാരണത്തിലൂടെ പുറത്തുവരണം. എഴുത്തിലോ അച്ചടിയിലോ ഭാഷയുടെ യഥാർത്ഥത്തിലുള്ള ‘പ്രയോഗം’ സംഭവിക്കുന്നില്ല.” എന്നവിധം ഗ്രന്ഥകാരൻ സാധൂകരിക്കുന്നുണ്ട്.

മേൽപ്പറഞ്ഞ വീക്ഷണ കോണുകളിലൂടെ നോക്കുകയാണെങ്കിൽ ദൃശ്യമാധ്യമങ്ങളുടെ വരവിന് മുൻപും, ക്രിക്കറ്റ്, ഫൂട്ബാൾ തുടങ്ങിയവയുടെ ദൃക്സാക്ഷിവിവരണം, ഓട്ടംതുള്ളൽ, കഥാപ്രസംഗം, ചാക്യാർകൂത്ത് എന്നീ കലാരൂപങ്ങളും ചലച്ചിത്ര ശബ്ദരേഖകളും റേഡിയോയിലൂടെ ഏറെ ആസ്വാദ്യകരമാണെന്നും കാണാവുന്നതാണ്.

എൻ എൻ പിള്ളയുടെ വാക്കുകളെ ഗ്രന്ഥകാരൻ ഇതിന് ഉപോൽബലമായി എടുക്കുന്നുണ്ട്. “രംഗജീവിതത്തിൽ നടന്റെ വിജയം തൊണ്ണൂറു ശതമാനം ശബ്ദവിന്യാസവൈഭവത്തിലും പത്തുശതമാനം ക്രമീകൃതവും ചടുലവും ആർത്ഥവത്തുമായ അംഗവിക്ഷേപങ്ങളിലുമാണ്. നാടകത്തിൽ മുഖാഭിനയം വളരെയൊന്നും ശ്രദ്ധിക്കപ്പെടാറില്ല. ശബ്ദം എന്ന മാധ്യമത്തിന്റെ സമ്പൂർണ്ണവിജയമണല്ലോ റേഡിയോ നാടകം.” എന്നാണ് എൻ എൻ പിള്ള പറഞ്ഞുവെച്ചിട്ടുള്ളത്.

നാടകരചനയെ, രണ്ട് കാലഘട്ടങ്ങളായാണ് ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നത്. ദൃശ്യമാധ്യമങ്ങൾക്ക് മുൻപും പിൻപും.

വിദ്യാഭ്യാസ വിദഗ്ദ്ധയയും നിരൂപകയും ആയിരുന്ന ബി. ഹൃദയകുമാരിയുടെ, “വാക്കുകളുടെ ഭാവവ്യഞ്ജനശക്തിയെ അങ്ങേയറ്റം ഉപയോഗിക്കുന്നതായിരിക്കണം റേഡിയോ നാടകങ്ങളുടെ ശൈലി” എന്ന വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ സ്റ്റേജിലോ സ്ക്രീനിലോ അവതരിപ്പിക്കുവാൻ ബുദ്ധിമുട്ടേറിയ യുദ്ധം, കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയെ ശബ്ദം കൊണ്ട് ശ്രോതാവിന്റെ മനസ്സിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാം. മാത്രമല്ല, അതീവ സുന്ദരിയെയും സുന്ദരനെയും ശബ്ദംകൊണ്ടുമാത്രം സൃഷ്ടിക്കാനും കഴിയും.

‘വാക്കുകളിലൂടെ, സ്തംഭം, സ്വേദം, രോമാഞ്ചം, വേപഥു തുടങ്ങിയവ ഭാവങ്ങളെ സംക്രമിപ്പിക്കുക എന്ന വെല്ലുവിളിയാണ് റേഡിയോനാടകകൃത്ത് സ്വീകരിക്കേണ്ടതെന്ന’ എസ്. കെ. വസന്തന്റെയും, ‘രംഗനാടകങ്ങളെ ശബ്ദംമാത്രമായി പ്രക്ഷേപണം ചെയ്യുന്നതല്ല റേഡിയോനാടകം.’ എന്ന ജി. ശങ്കരപ്പിള്ളയുടെയും വാക്കുകളെ റേഡിയോനാടക രീതിയുടെ സവിശേഷതകളെ വ്യക്തമാക്കാൻ ഗ്രന്ഥകാരൻ ഉപയോഗിച്ചിട്ടുണ്ട്. സ്വപ്നങ്ങൾ, അവകാശങ്ങൾ, വികാരവിക്ഷോഭങ്ങൾ, സൌന്ദര്യം തുടങ്ങി ജീവിത്തിന്റെ ഒരോ കണികയെയും ശ്രോതാക്കളിലേക്ക് എങ്ങിനെയാണ് കർണ്ണാനന്ദകരമായി റേഡിയോ സന്നിവേശിപ്പിക്കുന്നത് എന്ന് വിവിധ റേഡിയോനാടകങ്ങളെ അപഗ്രഥിച്ച്കൊണ്ട് ടി ടി പ്രഭാകരൻ ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കുന്നുണ്ട്.

ആദ്യകാലത്തെ റേഡിയോനാടകങ്ങളുടെ തത്സമയം പ്രക്ഷേപണങ്ങളിൽ ഉണ്ടായിട്ടുള്ള അബദ്ധങ്ങളും രസാത്മകമായ അനുഭവങ്ങളും ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നു. സാമൂഹ്യപ്രസക്തിയുള്ള പല റേഡിയോനാടകങ്ങളുടെയും അവതരണങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. റേഡിയോനാടകങ്ങളിലെ കഥാപാത്രങ്ങളുടെ ആധിക്യനിയന്ത്രണം, അവക്ക് ശബ്ദസാമ്യത ഉണ്ടാകാതിരിക്കുന്നതിൽ പുലർത്തേണ്ട സൂക്ഷ്മത തുടങ്ങിയവ ഈ മേഖലയിലെ വെല്ലുവിളിയും പരിമിതിയും ആണ്. ഇക്കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യപ്പെടുന്നു.

അക്കരെ, ശതാഭിഷേകം, ഒറ്റ, ജനാല എന്നീ നാടകങ്ങളെ വിശകലനം ചെയ്തുകൊണ്ട്, നൂതനസാങ്കേതികവിദ്യയുടെ വരവിന് മുൻപും പിൻപും എന്ന വിഭാഗങ്ങളിലാക്കി റേഡിയോനാടകങ്ങളുടെ സൌന്ദര്യശാസ്ത്രത്തിന്റെ വിശകലനവും ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. നവീനഗവേഷണസാധ്യതകളെ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ ഗ്രന്ഥം, മാധ്യമരംഗത്ത് വർത്തിക്കുന്നവർക്കും ഗവേകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്.

ടി. ടി. പ്രഭാകരൻ, ഗ്രന്ഥകാരൻ:
തൃശ്ശൂർ ജില്ലയിലെ വറവട്ടൂരിൽ (ദേശമംഗലം പഞ്ചായത്ത്) 1962ൽ ജനനം. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ എം. എ.,  കേരള സർവ്വകലാശാലയിൽ നിന്ന് എം. ഫിൽ, കേരള കല്പിതസർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി. ‘റേഡിയോനാടകങ്ങളുടെസൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തിൽ കേരളകലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. നിലവിൽ, കേരള നിയമസഭയുടെ ‘സഭ ടിവി’ യുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

ദേശബന്ധു പബ്ലിക്കേഷന്റെ കേരളവിജ്ഞാനകോശം(1987), കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് (1987) എന്നീ ഗ്രന്ഥങ്ങളുടെ അസോസിയേറ്റ് എഡിറ്ററും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂഷന്റെ ‘എം ടി യുടെ സർഗ്ഗപ്രപഞ്ചം’ (1997) എന്ന ഗ്രന്ഥത്തിന്റെ ഗസ്റ്റ് എഡിറ്ററുമായി പ്രവർത്തിച്ചിട്ടുണ്ട്.

1993ൽ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായി. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, ആകാശവാണി- ദൂരദർശൻ എന്നിവിടങ്ങളിൽ അസി. പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. 

1983ൽ, സാമൂഹ്യ പരിഷ്കർത്താവും സംസ്കൃത പണ്ഡിതനുമായിരുന്ന പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ പേരിലുള്ള ‘പുന്നശ്ശേരി നമ്പി പുരസ്കാരം’, 2010ൽ, പ്രക്ഷേപണകലക്കുള്ള (റേഡിയോ നാടകം) കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം, 2022ൽ, ആലുവ യു സി കോളേജിന്റെ ‘സിനു വർഗീസ് സ്മാരക ഗവേഷണ എൻഡോവ്മെന്റ്’ എന്നിവ ലഭിച്ചു.

റേഡിയോനാടകങ്ങളുടെസൌന്ദര്യശാസ്ത്രം(ഗവേഷണപ്രബന്ധം), നാടകശാല-അന്വേഷണം, ആസ്വാദനം (പഠനം), അടയാളവാക്യങ്ങൾ (വിമർശനം), ഒഴിഞ്ഞപാതി നിറഞ്ഞപാതി, സാഹിത്യസിദ്ധാന്തചർച്ച (പഠനം), സി. പി. അച്യുതമേനോന്റെ സാഹിത്യനിരൂപണങ്ങൾ(സമാഹരണം, പഠനം), പാഠമുദ്രകൾ(പഠനക്കുറിപ്പുകൾ), മന്ത്രികപ്പക്ഷി, ഉരുണ്ടുരുണ്ട്രുണ്ട്, ബുദ്ധിമാന്റെ തമാശകൾ(നാടോടിക്കഥകൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016ൽ, ‘റേഡിയോനാടകപ്രസ്ഥാനം’ എന്ന മലയാള റേഡിയോനാടക ലേഖന സമാഹരം കേരളസംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.