Published on: October 2, 2025

'ഫുൽമാനി ഓ കരുണാർ ബിബരൺ' അഥവാ, 'ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം'; ഒരു അനുബന്ധം
രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ഈ ബംഗ്ലാ കൃതി, ഓസ്ട്രിയയിലെ ‘ഓസ്ട്രിയൻ നാഷണൽ ലൈബ്രറി’ യിൽ നിന്നാണു കണ്ടെടുത്തതെന്നു കരുതപ്പെടുന്നു. നിലവിൽ ലഭ്യമാകുന്ന ബംഗാളി പതിപ്പിൽ, ഓസ്ട്രിയൻ നാഷണൽ ലൈബ്രറിയുടെ പഴയ പേരായ, വിയന്നയിലെ ‘ഇംപീരിയൽ റോയൽ കോർട്ട് ലൈബ്രറി’ യുടെ പേരും മുദ്രയും ലേബൽ നമ്പർ(30.517-B Neu), ബാർകോഡ്(+Z222388803) എന്നിവയും ജർമ്മൻ ഭാഷയിലുള്ള ലൈബ്രറിയുടെ പേരും( österreichische national bibliothek) രേഖപ്പെടുത്തിയിട്ടുണ്ട്.
1852ൽ, സ്വീഡൻ വംശജയും ലണ്ടൻ ക്രിസ്തുമത പ്രചാരകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഹന കാതറീൻ മുള്ളൻസ്, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ബംഗ്ലായിൽ രചിച്ച, ‘ഫുൽമാനി ഓ കരുണാർ ബിബരൺ’ എന്ന ഈ കൃതിയുടെ പുതിയ ലിപിയിലുള്ള മലയാളം പരിഭാഷയാണ്, ‘ഫുൽമാനിയുടെയും കരുണയുടെയും ചരിത്രം.’ ‘ഫുൽമാനി ഓ കരുണാർ ബിബരൺ’ എന്ന കൃതി, ഒരു ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ നോവലായി അറിയപ്പെടുന്നു.
ക്രിസ്തുമതം സ്വീകരിച്ച ഒരു ബംഗാളി ഗ്രാമീണ ഹിന്ദു കുടുംബത്തെ കേന്ദ്രീകരിച്ച്, പത്ത് അധ്യായങ്ങളിലൂടെ, അക്കാലത്തെ ബംഗാളി ജനജീവിതത്തിലൂടെയും സാമൂഹ്യക്രമങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ബംഗാളി നോവൽ, അക്കാലത്തെ സ്ത്രീകൾ ഉയർന്ന വിഭ്യാഭ്യാസ നേടുന്നതിന്റെയും ഉന്നത ജീവിതനിലവാരം പുലർത്തേണ്ടതിന്റെയും സമൂഹത്തിൽ സദാചാരമൂല്യങ്ങൾ നിലനിർത്തേണ്ടതിന്റെയും മറ്റുമുള്ള ആവശ്യകതകളിലേക്കു വിരൽ ചൂണ്ടുന്ന ലക്ഷണമൊത്ത ഒരു കൃതിയാണ്. നോവലിലുടനീളം ഇല്ലുസ്ട്രേഷൻസ് ചേർത്തിട്ടുണ്ട്.
‘THE HISTORY OF PHULMANI AND KARUNA’ എന്ന ടൈറ്റിലും അതിനു താഴെ ‘A BOOK FOR NATIVE CHRISTIAN WOMEN’ എന്ന ഉപശീർഷകവും(വിവരണം) മുകളിലായും അതിനുശേഷം, ‘ഫുൽമാനി ഓ കരുണാർ ബിബരൺ'(চিত্র:ফুলমণি ও করুণার বিবরণ) എന്ന ബംഗ്ലാ ടൈറ്റിലും അതിനു താഴെ ‘സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി'(স্ত্রীলোকদের শিক্ষার্থে বিরচিত) എന്ന ഉപശീർഷകവും അച്ചടിച്ചിട്ടുള്ള ഈ കൃതി പ്രസാധനം ചെയ്തത്, ജെ. ബാപ്റ്റസ്റ്റ് ആണ്. ‘ദി കൽക്കട്ട ക്രിസ്ത്യൻ ട്രാക്ക് ആൻഡ് ബുക്ക് സൊസൈറ്റി’ യുടെ ബിഷപ് കോളേജ് പ്രസ്സിൽ പ്രിന്റ് ചെയ്തിരിക്കുന്നു.

1852ൽ, മുന്നൂറുൽ പരം പേജുകളിൽ മുവ്വായിരം കോപ്പിയുമായി ആദ്യ എഡിഷൻ പുറത്തിറങ്ങിയ ഈ കൃതി ഒരു നൂറ്റാണ്ടിലധികം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നു എന്നതു മറ്റൊരു ചരിത്രമാണ്. ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പതിയെ വിസ്‌മൃതിയാഴ്ന്നു പോയ ഈ കൃതി 1957ൽ, കൽക്കത്ത നാഷണൽ ലൈബ്രറിയിൽ നിന്നും ചിത്തരഞ്ജൻ ബാനർജി കണ്ടെടുത്തുവെന്നും സുനിൽകുമാർ ചാറ്റർജിയുടെ മുഖവുരയോടുകൂടി ഇതിന്റെ രണ്ടാം പതിപ്പ് അദ്ദേഹം പ്രസിദ്ധീകരിച്ചുവെന്നും 1989ൽ ഡി. സി. ബുക്സ് ഇറക്കിയ ഇതിന്റെ രണ്ടാം ഘട്ട മലയാള പരിഭാഷാ പതിപ്പിലെ ആമുഖത്തിൽ പ്രശസ്ത പ്രാചീന ഗ്രന്ഥ ഗവേഷകനായിരുന്ന സ്കറിയ സക്കറി പറയന്നു.
അതേസമയം, ഇപ്പോൾ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ഈ ബംഗ്ലാ കൃതി, ഓസ്ട്രിയയിലെ ‘ഓസ്ട്രിയൻ നാഷണൽ ലൈബ്രറി’ യിലാണ് ആദ്യം സൂക്ഷിച്ചിരുന്നതെന്ന് അനുമാനിക്കാൻ തക്ക രേഖകൾ നിലവിൽ ലഭ്യമായ ബംഗ്ളാ പതിപ്പിന്റെ ഡിജിറ്റൽ കോപ്പി(Pdf) യിൽ രേഖപ്പെടുത്തി കാണുന്നു. ഓസ്ട്രിയൻ നാഷണൽ ലൈബ്രറിയുടെ പഴയ പേരായ, വിയന്നയിലെ ‘ഇംപീരിയൽ റോയൽ കോർട്ട് ലൈബ്രറി’ യുടെ പേരും മുദ്രയും ലേബൽ നമ്പർ(30.517-B Neu), ബാർകോഡ്(+Z222388803) എന്നിവയും ജർമ്മൻ ഭാഷയിലുള്ള ലൈബ്രറിയുടെ പേരും( österreichische national bibliothek) അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കറുപ്പിലുള്ള കവർ പേജിന്റെ മുകളിൽ, ചെറിയൊരു കള്ളിയിൽ ലൈബ്രറി പേരിന്റെ ചുരുക്കെഴുത്തായ kais kon hof bibliothek എന്നും കൊടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ പതിപ്പ് മൂലകൃതിയുടെ അസ്സൽ ഡിജിറ്റൽ പകർപ്പാണെന്ന് അനുമാനിക്കാവുന്നതാണ്. ഇതിൽ രചയിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല എന്നൊരു ന്യൂനതയുമുണ്ട്.
ഈ ന്യൂനത മറികടക്കുന്നത്, 1853ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷ് പരിഭാഷയിലാണ്. ഇതിൽ രചയിതാവ് ‘മിസിസ്സ് മുള്ളൻസ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് പതിപ്പിൽ ഇല്ലുസ്ട്രേഷൻസ് ചേർത്തു കാണുന്നില്ല. മൂലകൃതിയിലെ, ‘THE HISTORY OF PHULMANI AND KARUNA’ എന്ന ശീർഷകവും ‘A BOOK FOR NATIVE CHRISTIAN WOMEN’ എന്ന ഉപശീർഷകവുമാണ് ഇംഗ്ലിഷ് പരിഭാഷയ്ക്കും നല്കിയിരിക്കുന്നത്. കൽക്കട്ടയിലെ ലാൽബസാറിലുണ്ടായിരുന്ന സാൻഡേഴ്സ് പ്രസ്സിലായിരുന്നു അച്ചടിച്ചത്. ഇംഗ്ലിഷ് പതിപ്പിനെ തുടർന്ന്, മലയാളം, കന്നഡ, തെലുങ്ക്, അസാമിയ തുടങ്ങി പന്ത്രണ്ടോളം ഇന്ത്യൻ ഭാഷകളിലേക്കും അക്കാലത്ത് ഈ കൃതി വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ കൃതിയുടെ ആദ്യത്തെ ഇന്ത്യൻ ഭാഷാ തർജ്ജമ മലയാളത്തിലാണ് ഉണ്ടായത്.
ഫുൽമോനി ഓ കരുണാർ ബിബരൺ ബംഗാളി ഭാഷയിൽ വായിക്കാം:
1858ൽ, ‘ഫുൽമോനിയും കരുണയും'( PHULMANI AND KARUNA) എന്ന പേരിലാണ് ഈ കൃതി മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടത്. ടൈറ്റിലിനു മുകളിൽ, ‘ഇന്ദ്യായിലെ സ്ത്രീജനങ്ങൾക്ക പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവൎകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ’ എന്നും കൊടുത്തിരിക്കുന്നു. റവ. ജോസഫ് പീറ്റ് ആണ് പരിഭാഷകൻ. കോട്ടയത്തെ സി. എം. (ക്രിസ്ത്യൻ മിഷണറി) പ്രസ്സിലായിരുന്നു അച്ചടി. ഈ പരിഭാഷാ കൃതിയിലും നോവൽ രചയിതാവിന്റെ പേര് കൊടുത്തിട്ടില്ല. ഇംഗ്ലീഷ് പതിപ്പിലെന്നപോലെ മലയാളം പതിപ്പിലും ഇല്ലുസ്ട്രേഷനും കൊടുത്തിട്ടില്ല. അതേസമയം, ഈ നോവലിന്റെ ടൈറ്റിൽ കഥാപാത്രങ്ങളിൽ രണ്ടാമത്തെ ആളായ കരുണയുടെ പേര് ‘കോരുണ’ എന്നാക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ വിവർത്തന കൃതിയായി ഈ പരിഭാഷ ഗണിക്കപ്പെടുന്നു.
1986ൽ, സ്കറിയ സക്കറിയയുടെ നേതൃത്വത്തിലുള്ള മലയാള സാഹിത്യ ഗവേഷക സംഘമാണ്, വെസ്റ്റേൺ ജർമ്മനിയിലെ ട്യൂബിങ്ങൺ സർവ്വകലാശാലയിൽ സൂക്ഷിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരങ്ങളിൽ നിന്ന് ഈ ബംഗാളി നോവലിന്റെ മലയാളം പരിഭാഷ കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് 1988 ഒക്ടോബർ 30ന്, മലയാള മനോരമയുടെ ‘അക്ഷരങ്ങളും അക്ഷരങ്ങളും’ എന്ന പംക്തിയിൽ സ്കറിയ സക്കറിയ എഴുതിയ, ‘ആദ്യനോവൽ ഇതാ’ എന്ന ലേഖനത്തിലൂടെ ഒന്നര നൂറ്റാണ്ടോളം വിസ്‌മൃതിയിലാഴ്ന്നു കിടന്നിരുന്ന ഈ കൃതി വീണ്ടും മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ജോസഫ് പീറ്റിന്റെ ഈ മൊഴിമാറ്റ നോവലാണ്, 1989ൽ ഡി. സി. രണ്ടാം പതിപ്പായി ഇറക്കിയത്. ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്നായിരുന്നു ടൈറ്റിൽ. ഇതിൽ നോവലിസ്റ്റിന്റെ പേര്, ‘കാതറൈൻ ഹന്നാ മുല്ലൻസ്’ എന്നു കൊടുത്തിട്ടുണ്ട്. ഇതൊരു പഠന പതിപ്പായാണ് ഇറക്കിയത്. ഈ പരിഭാഷാ കൃതിയുടെ സമ്പാദനവും ആമുഖപഠനവും സ്കറിയ സക്കറിയ ചെയ്തിരിക്കുന്നു. ജോസഫ് പീറ്റിന്റെ വിവർത്തനത്തോടൊപ്പം അതിലെ ഭാഷാപരവും ലിപിപരവും ഉൾപ്പെടെ, അക്കാലത്തെ എഴുത്തുരീതികളെ പുതിയ കാലത്ത് എങ്ങനെ വായിക്കണം തുടങ്ങിയ സൂചകങ്ങളും ചേർത്തിട്ടുണ്ട്.
സംവൃതോകാര(മീത്തൽ/ചന്ദ്രക്കല അടയാളം/ ് ) ത്തിന്റെ അഭാവം, ഒറ്റപ്പുള്ളി(െ), കെട്ടുപ്പുള്ളി(േ) എന്നിവ ഒരേ വാക്കിൽതന്നെ പലയിടങ്ങളിലും മാറി മാറി വരുന്ന രീതി തുടങ്ങിയ ഭാഷാ പ്രയോഗവ്യതിയാനങ്ങളെയും അക്കാലത്തെ സംസാര രീതികളെയും മറ്റും ഭാഷാ പഠനത്തിന്റെ ആവശ്യാർഥം അതേപടി നിലനിർത്തുകയും പുതിയ കാലത്തെ ഭാഷാന്തരം കുറിപ്പായി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, ജേർണൽ ഓഫ് കോമൺവെൽത്ത് ലിറ്ററേച്ചറിൽ, ജവർലാൽ നെഹ്‌റു സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത ഇംഗ്ലീഷ് നിരൂപകയുമായിരുന്ന ഡോ. മീനാക്ഷി മുഖർജി എഴുതിയ, ‘Christianity’s Gift to Indian Fiction’ എന്ന ഫുൽമോനി ഓ കരുണാർ ബിബരണിന്റെയും കോളിൻസ് മദാമ്മയുടെ സ്ലേയർ സ്ലെയിനിന്റെയും താരതമ്യ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.
1884ൽ ബാസൽമിഷൻ ‘പത്മിനിയും കരുണയും’ എന്ന പേരിൽ മറ്റൊരു തർജമകൂടി ഉണ്ടായിട്ടുണ്ടെന്ന്, ഡോ. ജോർജ്ജ് ഇരുമ്പയം ചൂണ്ടിക്കാണിച്ചിട്ടുള്ളതായി ആമുഖത്തിൽ സ്കറിയ സക്കറിയ പറയുന്നു. ഈ തർജമ കണ്ടുകിട്ടിയില്ലെന്നും ആമുഖത്തിൽ പറയുന്നു. 2013ൽ, ജോസഫ് പീറ്റിന്റെ ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ'(Fulmoni Ennum Koruna Ennum Peraya Randu Sthreekalude Katha) യുടെ മറ്റൊരു പതിപ്പ് ചിന്ത പബ്ലിക്കേഷൻ ഇറക്കുകയുണ്ടായി. പി. പി. രവീന്ദ്രന്റെ പഠനമായാണ് ഇതു പബ്ലിഷ് ചെയ്തത്.

ജോസഫ് പീറ്റിന്റെ പരിഭാഷ കണ്ടെത്തുന്നതിനും മുൻപേ, മലയാളത്തിലെ പ്രഥമ നോവലായോ പ്രഥമ പരിഭാഷാ നോവലായോ ഗണിച്ചിരുന്നത് 1860കളിൽ കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഇംഗ്ലണ്ടിലെ ബിക്കർ സ്വദേശി റിച്ചാർഡ് കോളിൻസ് പരിഭാഷപ്പെടുത്തിയ ‘ഘാതകവധം’ എന്ന നോവൽ ആയിരുന്നു. റിച്ചാർഡിന്റെ ഭാര്യ, ഫ്രാൻസെസ് ആൻ കോളിൻസ് എന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച ‘സ്ലേയർ സ്ലെയിൻ’ എന്ന നോവൽ 1877-78 കാലഘട്ടത്തിലാണ് അദ്ദേഹം തർജ്ജമ ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ കുടുംബവ്യവസ്ഥിതികളിലൂടെ അക്കാലത്തെ സ്ത്രീധന സമ്പ്രദായങ്ങളെ വിമർശന വിധേയമാക്കുന്നതാണ് ഈ കൃതിയുടെ ഇതിവൃത്തം.
അതുപോലെ തന്നെ, പതിനേഴാം നൂറ്റാണ്ടിലെ സുവിശേഷപ്രചാരകനായിരുന്ന ഇംഗ്ലണ്ടുകാരൻ ജോൺ ബന്യൻ 1628ൽ പ്രസിദ്ധീകരിച്ച ‘പിൽഗ്രിംസ് പ്രോഗ്രസ്'(തീർത്ഥാടകന്റെ വഴി) എന്ന കൃതിയ്ക്ക് 1847ൽ ആർച്ച് ഡീക്കൻ കോശി, റവ. ജോസഫ് പീറ്റ് എന്നിവർ ‘പരദേശി മോക്ഷയാത്ര’ എന്ന പേരിലും റവ. സി. മുള്ളർ, റവ. പി. ചന്ദ്രൻ എന്നിവർ ‘സഞ്ചാരിയുടെ പ്രയാണം’ എന്ന പേരിലും മലയാള വിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അവയെല്ലാം അപൂർണ്ണങ്ങളാണെന്നും ‘പിൽഗ്രിംസ് പ്രോഗ്രസ്’ ഒരു ആലഗോറി(അന്യാപദേശം) മാത്രമാണെന്നും നോവൽ ഗണത്തിൽ പെടുന്നില്ലെന്നും സ്കറിയ സക്കറിയ ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം, 1887ൽ ഇറങ്ങിയ, വിവർത്തനമല്ലാതെ മലയാള ഭാഷയിൽ സ്വതന്ത്രമായി രചിക്കപ്പെട്ട, മലയാളത്തിലെ ആദ്യത്തെ നോവലായ, അപ്പു നെടുങ്ങാടിയുടെ കുന്ദലതയ്ക്കും മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലായ, 1889-ൽ പുറത്തിറങ്ങിയ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ഒപ്പം മലയാള നോവൽ ചരിത്രത്തിൽ പ്രഥമ സ്ഥാനമാണ്, ‘ഫുൽമോനി ഓ കരുണാർ ബിബരൺ’ എന്ന കൃതിയുടെ മലയാളം തർജ്ജമയ്ക്കുള്ളതെന്നു സ്കറിയ സക്കറിയ ശക്തിയുക്തം വാദിക്കുന്നുമുണ്ട്. ഈ കൃതിയാണ്, മലയാള ഭാഷയിലെ ആദ്യ നോവൽ എന്നും അദ്ദേഹം ഊന്നിപറയുന്നു. അതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, “മലയാള ഭാഷ, നോവൽ എന്ന സാഹിത്യരൂപത്തിന് ആദ്യമായി മാധ്യമമായിത്തീർന്നത് ഫുൽമോനിയുടെയും കോരുണയുടെയും കഥയിലൂടെയാണ്.” എന്നാണ്. തന്റെ വാദത്തിന് ഉപോദ്ബലകമായി, റവ. ജോർജ്ജ് മാത്തൻ തന്റെ ബാലാഭ്യാസനം എന്ന പ്രബന്ധത്തിൽ എഴുതിയ, “ഫുല്മോന എന്ന കഥ മലയാളഭാഷയുടെ വർണനാശേഷിക്കു തെളിവാണ്.” എന്ന പ്രസ്താവ്യത്തെ എടുത്തുക്കാട്ടുന്നു. “മലയാളം, കെല്പില്ലാത്ത ഭാഷയാണെന്ന വിശ്വാസത്തിൽ നമ്മുടെ പണ്ഡിതന്മാർ സംസ്കൃതത്തെയും ഇംഗ്ലീഷിനെയും മാറി മാറി ശരണം പ്രാപിച്ചിരുന്ന ചരിത്രസാഹചര്യത്തിൽ മലയാള ഭാഷയുടെ ശേഷി സാഹസികമായി തെളിച്ചു കാട്ടിയ കൃതിയാണ് ഫുൽമോനി… എന്നു മനസിലാക്കാൻ ജോർജ്ജ് മാത്തന്റെ പ്രസ്താവം ഉപകരിക്കും.” എന്നും അദ്ദേഹം പറഞ്ഞു വെയ്ക്കുന്നുണ്ട്, ഡി. സി. പതിപ്പിന്റെ ആമുഖത്തിൽ.
കുന്ദലതയ്ക്ക് അഞ്ചുവർഷം മുന്നേ 1882ൽ ഇറങ്ങിയ, മലയാള ഭാഷയിലെ സ്വതന്ത്ര കൃതിയായ ആർച്ച് ഡീക്കൻ കോശിയുടെ ‘പുല്ലേലിക്കുഞ്ചു’ വിനെയും ഒരു നോവലായി അക്കാലത്തെ പ്രധാന സാഹിത്യ നിരൂപകർ അംഗീകരിച്ചിരുന്നില്ല. ഒരു സംവാദ രചന മാത്രമായാണ്, ‘പുല്ലേലിക്കുഞ്ചു’ വിനെ കണക്കാക്കിയിട്ടുള്ളത്. ഡീക്കൻ കോശിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘ജ്ഞാനനിക്ഷേപം’ മാസികയിൽ 1860-ൽ ഖണ്ഡശയായാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
തർക്കവിതർക്കങ്ങൾ നിലനില്‌ക്കെ തന്നെ, ഇതുവരെയുള്ള കണ്ടെത്തലുകളിൽനിന്നു മനസിലാക്കാൻ കഴിയുന്ന ഏറ്റവും സുപ്രധാനമായ കാര്യം, പരിഭാഷയാണെങ്കിലും ‘മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട നോവൽ’ എന്ന ബഹുമതിക്ക് ജോസഫ് പീറ്റിന്റെ ‘ഫുൽമാനിയും കരുണയും’ അർഹമാണ് എന്നതാണ്.

ഹന്നാ കാതറീൻ മുള്ളൻസിന്റെ മറ്റു രചനകൾ:
ഹന്നാ കാതറീൻ മുള്ളൻസ് ബംഗാളിയിൽ വേറെ രചനകൾ നടത്തിയതിന്റെ വിവരങ്ങൾ ലഭ്യമല്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ‘ഫുൽമാനി ഓ കരുണാർ ബിബരൺ’ അവരുടെ അച്ചടിക്കപ്പെട്ട ഒരേയൊരു ബംഗാളി രചനയാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. 1861ൽ കാതറീൻ മരണപ്പെട്ടതിനുശേഷം, 1862ൽ കാതറീന്റെ ഭർത്താവ് ജോസഫ് മുളൻസ് പ്രസിദ്ധീകരിച്ച, കാതറീന്റെ പിതാവും മിഷണറി പ്രവർത്തകനുമായിരുന്ന റവ. അൽഫോൺസ് ഫ്രാൻസിസ് ലാക്രോയ്സിനെ കുറിച്ചുള്ള, ‘BRIEF MEMORIALS OF THE REV. ALPHONSE FRANCOIS LACROIX,’ എന്ന പുസ്തകത്തിന്റെ ഉപവിഭാഗമായി കാതറീന്റെ ഒരു സഹോദരി(പേര് വെച്ചിട്ടില്ല) കാതറീനെ കുറിച്ചെഴുതിയ ‘BRIEF MEMORIALS OF MRS MULLENS’ എന്ന ഓർമ്മക്കുറിപ്പിലും ഈ ബംഗാളി കൃതിയെ കുറിച്ചുമാത്രമാണു പറഞ്ഞിട്ടുള്ളത്. ‘Phulmani and Karwna; a hook for native Christian women’ എന്നാണ് ഈ കൃതിയെ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്. അതുപോലെ, ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇംഗ്ലീഷ് ഉൾപ്പെടെ മറ്റു ഭാഷകളിൽ അച്ചടിക്കപ്പെട്ടതോ മറ്റോ ആയ രചനകളും ലഭിച്ചിട്ടില്ല.
അതേസമയം, കാതറീന്റെ മരണശേഷം 1867ൽ ‘Life by the Ganges, or Faith and victory’, 1885ൽ Faith and Victory: A Story of the Progress of Christianity in Bengal, 1915ൽ Prasanna And Kamini എന്നിവ ‘മിസിസ്സ് മുള്ളൻസ്’ എന്ന പേരിൽ അവരുടെ കുടുംബം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റവ. ജോസഫ് പീറ്റിന്റെ ‘ഫുൽമോനിയും കരുണയും’ വായിക്കാം
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








