Published on: September 6, 2025

സരോജിനി ഉണ്ണിത്താൻ: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി സ്വദേശിനി. ‘വിവർത്തന രത്ന- സമഗ്ര സംഭാവന പുരസ്ക്കാര’ ജേതാവ്. അധ്യാപിക, സാഹിത്യ- സാമൂഹിക പ്രവർത്തക.
1959ല്‍ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്റിന്റെ അധീനതയിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 66മുതല്‍ സാഹിത്യ- സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചു തുടങ്ങി. എ. ആര്. സ്മാരക അക്ഷരശ്ലോക സമിതി, അധ്യാപികാകലാവേദി, വായന, സമന്വയം സാഹിത്യ സമിതി, മലയാളവേദി എന്നീ സാഹിത്യസംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.
ചുഴികള്‍(1977), വൈരുദ്ധ്യങ്ങള്‍(1981), മുക്തി(1985), അവള് കാത്തിരിക്കും, ഫാല്‍ഗുനം, അടിയൊഴിക്കുകള്‍, ഒരു യാത്രയുടെ അന്ത്യം(2009), തപസ് എന്നീ നോവലുകളും പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ പ്രതിഭാറായുടെ ഒറിയ നോവലുകളായ ശേഷ ഈശ്വര(2016), പുണ്യതോയ(2016), മഗ്നമാട്ടി(2021) തുടങ്ങിയ പരിഭാഷകളും അര്‍ച്ചന(1974), തീര്‍ത്ഥയാത്ര(2004), ഊന്നുവടി(2006), ആലീസിന്റെ വീട്(2007), ഗൗരീ ശങ്കരം(2010) ഒരു കുടന്ന ചെമ്പകപ്പൂക്കൾ(2013), ആർക്കോ വേണ്ടി ഒരു ജീവിതം(2016), വാടകയ്ക്കൊരു ഗർഭപാത്രവും മറ്റു ചില കഥകളും(2018), തണൽ മായുമ്പോൾ(2021) തുടങ്ങിയ കഥാ സമാഹാരങ്ങളും 2024ൽ പുറത്തിറങ്ങിയ, പ്രതിഭാറായ് കഥകളുടെ മലയാളം പരിഭാഷ ‘യശോദയുടെ സ്വപ്നം’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ‘മിടുക്കിയായ സുനേയി’ എന്ന പേരിൽ 2007ൽ ഒറിയാ നാടോടിക്കഥകളുടെ ബാലസാഹിത്യ പരിഭാഷാ കൃതിയും പുറത്തിറക്കിയിട്ടുണ്ട്. 2023ൽ ടാഗോർ കഥകളും ബിപിന്‍ ബിഹാരി മിശ്രയുടെ നോവല്‍ അടക്കം നിരവധി വിവർത്തന കൃതികൾ പുറത്തിറക്കിയിട്ടുണ്ട്. സരോജിനി ഉണ്ണിത്താന്റെ ‘കാലമാറ്റം’ എന്ന നോവൽ കുളച്ചൽ യൂസഫ് തമിഴിലേക്കു വിവർത്തനം ചെയ്യുകയുണ്ടായി. 2025ൽ, സംസ്ഥാന സർക്കാരിന്റെ വിവർത്തന രത്ന- സമഗ്ര സംഭാവന പുരസ്ക്കാരവും ‘അവള് കാത്തിരിക്കും’ എന്ന നോവലിന് 2009ലെ കാവ്യ രശ്മി അവാര്‍ഡും ‘ഒരു യാത്രയുടെ അന്ത്യം’ എന്ന നോവലിനു സമന്വയം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാരം നേടിയ പ്രതിഭാറായുടെ ഫിലോസഫിക്കൽ നോവൽ, ശേഷ ഈശ്വര(Shesha Ishwara) യുടെ മലയാളം പരിഭാഷയായ ‘അന്തിമേശ്വരൻ’ എന്ന കൃതിയാണ് ‘വിവർത്തന രത്ന- സമഗ്ര സംഭാവന പുരസ്ക്കാര’ ത്തിന് അർഹമായത്. ‘ഇന്ത്യൻ സാഹിത്യ വിനിമയ’ ത്തിന്റെ ഭാഗമായി, സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ്, ഇത്.


പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് വായിക്കാം








