Published on: October 8, 2025


കല്യാണി പ്രിയദർശനോട് സോഷ്യൽ മീഡിയ കെയറേട്ടന്മാർ; സായി പല്ലവിയെ പോലെ കുലീനമായ വേഷങ്ങളിൽ ശ്രദ്ധിക്കൂ...
കെയറേട്ടന്മാരുടെ നെഞ്ചത്തടി; വേണ്ടായിരുന്നു കല്ലൂ...
റിലീസ് ആയി ഒന്നരമാസം പിന്നിടുമ്പോൾ, 300 കോടി ക്ളബിൽ ഇടം പിടിച്ച ഓൾ ടൈം ടോപ് കേരളാ ഗ്രോസ്സർ മൂവി, ലോകഃ ചാപ്റ്റർ 1:ചന്ദ്രയുടെ തകർപ്പൻ വിജയത്തിനു പിന്നാലെ, മലയാളവും കടന്ന് ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ആയി അവരോധിക്കപ്പെടുന്ന കല്യാണി പ്രിയദർശന്റെ പുറത്തു വരാനിരിക്കുന്ന തമിഴ് ചിത്രം ജീനിയിലെ ഒരു ഐറ്റം ഡാൻസ് കണ്ട് ഹൃദയം തകർന്നിരിക്കുകയാണ് കല്യാണിയെന്ന കല്ലുവിന്റെ ആരാധകർ.
ജീനിയിലെ ‘അബ്ദി അബ്ദി’ പാട്ടിനൊപ്പമുള്ള കല്യാണിയുടെ ‘പൊക്കിൾ പെർഫോമൻസ്’ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് അവർ. മലയാളത്തിൽ അല്പസ്വല്പം എക്സ്പോസ്ഡ് ഒക്കെ ആണെങ്കിലും തമിഴിൽ പോയപ്പോൾ കല്ലു ഇത്രയും കടത്തിവെട്ടുമെന്ന് ആരാധകർ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ഞെട്ടലിലാണ് ഇപ്പോൾ അവർ.
‘നമ്മുടെ പ്രിയന്റെ മോളല്ലേ… അവളിങ്ങനെയൊക്കെ ചെയ്യോ…’
എന്ന് അവിശ്വാസത്തോടെ പരിതപിക്കുന്ന സോഷ്യൽ മീഡിയ അമ്മാവന്മാരും അച്ഛൻ സ്ഥാനിയന്മാരും എന്തിന്, മുതുമുത്തശ്ശന്മാർ വരെ കല്ലുവിന്റെ ഈ ‘ദുർനടപ്പിൽ’ ഇപ്പോൾ അതീവ ഖിന്നരരാണ്. ‘ശരീര പ്രദർശനം വേണ്ടായിരുന്നു, അനിയത്തിയെ പോലെയാണു കണ്ടത്’ എന്നു പരിതപിക്കുന്ന കെയറേട്ടന്മാരുടെ ഗദ്ഗദങ്ങളും കണ്ണീരും കല്ലുവിനുള്ള ഉപദേശങ്ങളും കൊണ്ട് സോഷ്യൽ മീഡിയ ഇപ്പോൾ നിറഞ്ഞു കിടക്കുകയാണ്. ‘സായ് പല്ലവിയെ പോലെ കുലീനമായ, നല്ല വേഷങ്ങളിൽ ശ്രദ്ധിക്കൂ…’, ‘ഇങ്ങനെയുള്ള വേഷങ്ങളിൽ അഭിനയിക്കക്കാതെ…’, ‘നിന്നെകൊണ്ട് കൊണ്ട് ഇതൊന്നും കൂട്ടിയാൽ കൂടില്ല കല്ലൂ…’ തുടങ്ങിയ ഉപദേശങ്ങളാണ് കല്ലുവിന് ആരാധകവൃന്ദം നല്കികൊണ്ടിരിക്കുന്നത്.
എന്നാൽ, ‘ഇക്കാലത്ത് സ്വന്തം വീട്ടിലെ പെണ്ണുങ്ങളുടെ തുണീടെ നീളം കുറഞ്ഞു വരുന്നത് കണ്ടാലും കണ്ടഭാവം നടിക്കാത്തവന്മാരാണ് ഇപ്പോൾ ആരാന്റെ കൊച്ചിന്റെ തുണീടെ നീളം അളക്കാൻ നടക്കുന്നത്’ എന്ന പതിവു പരിഹാസവും കൊണ്ടാണ് ഈ കെയറേട്ടന്മാരെ മറ്റുചില ആരാധകർ നേരിടുന്നത്.

അതേസമയം, കല്യാണിയ്ക്കൊപ്പം ഈ ഗാനരംഗത്ത് തകർത്താടിയ തമിഴ്- തെലുങ്ക് നടി കൃതി ഷെട്ടിയെ മലയാളി അണ്ണന്മാർ ഉൾപ്പെടെ അധികമാരും മൈൻഡ് ചെയ്തതായി കണ്ടില്ല. കൃതി ഷെട്ടിയുടെ എലഗൻസ്, എക്സ്പ്രഷൻ, ഡാൻസ് സ്കിൽസ് ഒന്നും കല്യാണിക്കില്ല എന്നൊരു പക്ഷം ഉണ്ടെങ്കിലും പൊതുവെ കൃതിയേക്കാൾ സോഷ്യൽ മീഡിയയിലും പുറത്തും റീച്ച് വാരിക്കൂട്ടിയതും നിറഞ്ഞു നിന്നതും കല്യാണിയാണ്. പ്രത്യേകിച്ചും, മല്ലു അണ്ണന്മാർക്കിടയിൽ.
കല്ലു നീലിയായപ്പോൾ ഇപ്പോഴവർക്ക് കല്യാണി ‘അയലത്തെ നീലിക്കുട്ടി’ കൂടിയായിരിക്കുകയാണ്. പക്ഷെ, കല്യാണിയിൽ നീലിയെ കണ്ടു ഞെട്ടിയ അവർക്ക് സ്വപ്‍നത്തിൽപോലും കിട്ടാനിടയില്ലാത്ത ഒരു ‘തീപ്പൊരി ട്രീറ്റ്’ ആയിരുന്നു ജെനിയിലെ ഈ ബെല്ലി ഡാൻസ്. ഭുവനേഷ് അര്‍ജുനന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ജീനിയിൽ രവി മോഹന്‍(ജയം രവി) ആണ് നായകൻ. കല്യാണിയും കൃതി ഷെട്ടിയുമാണ് നായികമാർ.
2024-ൽ പുറത്തിറങ്ങിയ, ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ അഭിനയിച്ച ‘അജയൻ്റെ രണ്ടാം മോഷണം (ARM)’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച കൃതി ഷെട്ടി കർണാടകകാരിയാണ്. മുംബൈയിലാണ് വളർന്നത്. 2021ലെ തെലുങ്ക് മൂവി, ‘ഉപ്പേന’ യിലൂടെയാണ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്. മനഃശാസ്ത്ര ബിരുദധാരിയായ ഇവർ മോഡലിംഗിൽ നിന്നാണ് സിനിമയിലെത്തുന്നത്.
അറേബ്യൻ രംഗ- വേഷ സംവിധാനത്തിൽ ബെല്ലി ഡാൻസ് സ്റ്റൈലിൽ ഒരുക്കിയ ‘അബ്ദി അബ്ദി’ ഗാനത്തിന്റെ വരികള്‍ മഷൂക് റഹ്‍മാന്‍ എഴുതിയിരിക്കുന്നു. എ. ആര്‍. റഹ്‍മാൻ ആണ് സംഗീതം. ദീപ്തി സുരേഷ് മൈസ കരയപം എന്നിവരാണ് പാടിയിരിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിക്കുന്നത്. ദേവയാനി, വാമിക ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ഇതിനിടെ, ബെംഗളൂരുവിനെ മയക്കുമരുന്നിന്റേയും അതുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെയും ഹബ്ബായി, ലോകഃ ചാപ്റ്റർ 1:ചന്ദ്രയിൽ ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ ‘ലോക’യ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ, കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ചു ചെയ്തതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചിത്രത്തിൽ നിന്നും അത്തരം പരാമർശം ഒഴിവാക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരുന്നത്.
വേഫെയറർ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ ‘ലോക’, വേഫെയറർ ഒരുക്കുന്ന ‘സിനിമാറ്റിക് യൂണിവേഴ്’ സീരിസിലെ ആദ്യ ചിത്രമാണ്. കള്ളിയങ്കാട്ട് നീലിയുടെ കഥയെ ആസ്പദമാക്കി, ലോകയുടെ കഥ- തിരക്കഥ- സംവിധാനം ഡൊമിനിക് അരുൺ ആണ് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദർശനെ കൂടാതെ നസ്ലെൻ കെ. ഗഫൂർ, സാൻഡി, അരുൺ കുര്യൻ, ചന്തു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, വിജയരാഘവൻ, നിത്യ ശ്രീ, ശരത്ത് സഭ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

300 കോടി ക്ളബിൽ ഇടം പിടിച്ച ആദ്യത്തെ മലയാളം സിനിമ എന്ന റെക്കോർഡിനു പുറമെ, പാന്‍ ഇന്ത്യന്‍ ഹിറ്റിൽ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും വമ്പന്‍ തരംഗമായി മാറിയ ലോക, ആഗോള തലത്തില്‍, 35 ദിവസംകൊണ്ട് ഒരു കോടി 18 ലക്ഷം പേര് കണ്ട ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ ചിത്രമെന്ന റെക്കോർഡും ഇട്ടിട്ടുണ്ട്. കേരളത്തിലെ തീയേറ്ററുകളില്‍ മാത്രം ആദ്യമായി 50, 000 ഷോകള്‍ പിന്നിട്ട് ‘ലോക’ ചരിത്രം കുറിച്ചു. മലയാളസിനിമാ ചരിത്രത്തില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ വഴി അഞ്ച് മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയി എന്നതും ലോകയുടെ ക്രെഡിറ്റിൽ ആയി.
ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് സ്വിസ് കമ്പനിയായ ഒമേഗയുടെ 9, 81, 800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ ’57 എന്ന മോഡല്‍ അത്യാഡംബര വാച്ച് കല്യാണി സമ്മാനമായി നല്‍കിയിരുന്നു. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഈ വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം









