Sparsanam Anubhoothi

മൂര്‍ദ്ധാവില്‍ നല്‍കുന്ന

ഒരു ചെറുചുംബനത്തില്‍
പ്രാണന്‍വരെ നനവേകി

ദേഹമെങ്ങും ശാഖകള്‍ പടര്‍ത്തി
അബോധമനസ്സെങ്ങും വ്യാപിച്ചു,

ആശ്ലേഷിച്ചു, എന്റെ കേന്ദ്രനാഡീവ്യൂഹമാം
ചെറുവടത്തിനെ
അവിഭാജ്യമായ് എന്നോടിഴുകിച്ചേര്‍ത്തു
കുതികാലില്‍ വേരിറക്കുന്നു,
ഒരു മഹാവൃക്ഷമായ്…
ആരു നീ?…

പീലിക്കണ്ണിമകള്‍ വിടര്‍ത്തി
ഇരുമിഴികളെയും കറുപ്പിച്ചു
അധരത്തില്‍ രുചിയറിഞ്ഞു
നുണക്കുഴിക്കവിളില്‍
അല്പമൊന്നു ശങ്കിച്ചു നിന്നു
കര്‍ണ്ണപാളി തൊട്ടുതലോടി
രോമാഞ്ചം കൊള്ളുന്ന
ഞരമ്പുകളില്‍ തന്ത്രിവാദ്യത്തെ മീട്ടി
കഴുത്തിന്റെ വളവില്‍
അല്പനേരം നിന്നശേഷം
നിയന്ത്രണം നഷ്ടപ്പെടുന്ന
എന്റെ ദേഹരഹസ്യങ്ങള്‍
മുഴുവനും തിരഞ്ഞുപിടിച്ചു
കണ്ടറിയുന്നു
കള്ളക്കാമുകനായ്….
ആരു നീ?

🌳🌧💃

ഉണങ്ങിയ കാല്‍പ്പാടുകളുമായി
ഏകാന്തത ചുട്ടുപൊള്ളിക്കുന്ന
ഒരു കൊടുംവേനലിന്‍
മദ്ധ്യാഹ്നത്തില്‍
അതു നീയാണെന്നറിഞ്ഞു ഞാന്‍
പരിപ്പൂര്‍ണമായി
നിന്നില്‍ മുഴുകി ആസ്വദിക്കും,
എന്റെ പുന്നാരമഴയേ …