സുറാബ്:

‘വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ’ എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്ന ‘അരയാക്കടവിൽ’ എന്ന മലയാളസിനിമയിലെ ‘കയ്യൂരിൽ ഉള്ളോർക്ക്’ എന്ന ഗാനത്തിന്റെ രചയിതാവായ സുറാബ് നോവൽ, കഥ, കവിത തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്. കുടുംബസമേതം ഏറെക്കാലം ഷാർജയിൽ ആയിരുന്നു. ഇപ്പോൾ, ബേക്കൽ കോട്ടയ്ക്കടുത്തുള്ള ബേക്കൽ കുന്നിൽ താമസിക്കുന്നു.

‘അഞ്ചില്ലം’, ‘പുതുമന’ ‘കല്ലിവല്ലി’, ‘നീ പോകുന്നിടം’, ‘പത്തേമാരി’, ‘ഷാർജ’, ‘ഉപ്പയുടെ പ്രണയം മകൻ എഴുതുന്നു’, ‘രണ്ട് നോവല്ലകൾ’ എന്നീ നോവലുകളും ‘നിഴൽപ്പുര’, ‘ഓരോരോ വഴികൾ’, ‘ഒരിടത്ത് ഒരു മരമുണ്ട്’, ‘ജീവിതം എടുത്തു വായിക്കുമ്പോൾ’, ‘നഗരത്തിൽ സംഭവിക്കുന്നത്’, ‘അക്ക പുക്ക’, ‘അപ്പൂപ്പൻ തെരുവ്’ എന്നീ കഥാ സമാഹാരങ്ങളും ‘തബല’, ‘പൂക്കളോടു മാത്രം വർത്തമാനം പറയുന്നു’, ‘അവിടെ മഴ പെയ്യാറില്ല’ ‘ബസാർ’, ‘തെരെഞ്ഞെടുത്ത ഭ്രാന്തുകൾ’, ‘രാവുനിറയെ ഒലിവു മരങ്ങൾ’, ‘പൊട്ടുന്നത്’, ‘കാസർകോട്’, ‘തെരെഞ്ഞെടുത്ത കവിതകൾ’, ‘എന്റെ കവിതകൾ’, ‘മാവ് പൂക്കും കാലം’, ‘ഹോസ്ദുർഗ്’ എന്നീ കവിതാ സമാഹാരങ്ങളും ‘ഷെയറിങ് അക്കമ്മഡേഷൻ’, ‘പ്രവാസി എന്റെ പേര്’, ‘തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ’, ‘മന്ദംപുറത്തിന്റെ മന്ദസ്മിതങ്ങൾ’, ‘മടങ്ങിവന്നവന്റെ വർത്തമാനങ്ങൾ’ ‘എന്നെ അഴിച്ചു വിടൂ’, ‘അയാൾ’, ‘ശനിയാഴ്ച്ച കണ്ട ദിവസങ്ങൾ’ എന്നീ അനുഭവം/ഓർമ്മക്കുറിപ്പുകളും ‘അറ’, ‘പടിഞ്ഞാറ്’, ‘കയറ്റം’, ‘മണൽ നഗരം’, ‘ലോക്ക് ഡൗൺ’, ‘ലോക്കർ’ എന്നീ തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കെകെ’ എന്ന നോവലും ‘ബേക്കൽകോട്ട.പി.ഒ.’ എന്ന കവിതാസമാഹാരവും ഉടൻ പുറത്തിറങ്ങും.

‘മഹാകവി കുട്ടമത്ത് അവാർഡ്’, ‘അബുദാബി ശക്തി അവാർഡ്’, ‘മലയാള മനോരമ യുവ അവാർഡ്’, ‘കാസർകോട് പബ്ലിക് സെർവെൻറ്സ് അവാർഡ്’ എന്നീ പുരസ്കാരങ്ങൾ കവിതാ വിഭാഗത്തിലും ‘കമലാസുരയ്യ അവാർഡ്’ കഥാ വിഭാഗത്തിലും ‘കൈരളി ബുക്സ് അവാർഡ്’ നോവൽ വിഭാഗത്തിലും ‘സെവൻ ആർട്ട്സ് ചിത്രഭൂമി അവാർഡ്’ തിരക്കഥാ വിഭാഗത്തിലും ആയി ലഭിച്ചിട്ടുണ്ട്. 2017ലെ ഭരണഭാഷവാരാചരണത്തിനോടനുബന്ധിച്ച്, കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ ആദരവും ലഭിച്ചിരുന്നു.

പരേതരായ കുണ്ടംകടവത്ത് അഹമ്മദിന്റെയും നാലുപുരപ്പാട്ടിൽ ആയിഷയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കൾ: സവാദ്, സജാദ്, ഫിദ. കൊച്ചു മക്കൾ: ലയാൻ സെയ്ഫ്, അർഹം സവാദ്.
മരുമക്കൾ: സെയ്‌ഫുദ്ദീൻ, ഫമീന.

■■■