Published on: October 19, 2025

തലയില്ലാ തച്ചൻ
അന്നു വൈകുന്നേരമാണവൾ പറഞ്ഞത്,
“നീയീ പറയുന്ന ഗോതമ്പോ കതിരോ കരിമ്പോ ഒന്നും ആയിട്ട് ഒരു കാര്യവും ഇല്ല സെലിൻ. പൊന്നിനെ പൊന്നാക്കുന്നത് അതണിയുന്ന പെണ്ണാണ്. പെണ്ണിനു വേണ്ടെങ്കിൽപിന്നെ പൊന്നിനെന്തു പൊന്നുംവില?”
രാത്രിയുടെ അവസാന യാമം തീരാൻ ഏതാനും വിനാഴികമാത്രം. ചീവീടുകളുടെ കരച്ചിൽപോലും ഉയർന്നു കേൾക്കാത്ത ഒരു കാട്ടുപ്രദേശം. അത്ര വന്യമല്ല. നേർത്ത നീലവെളിച്ചം, ഒരു സ്പോട്ട് ലൈറ്റ് പോലെ അവൾക്കൊപ്പം കൂടെ പോകുന്നുണ്ട്.
പഞ്ഞികഷണങ്ങളെപോലെ, കുനുകുനെ മഞ്ഞിൻ കണങ്ങൾ അവളിൽ വീണുകൊണ്ടിരിക്കുന്നു. എന്നിട്ടും, തണുത്തു വിറയ്ക്കുന്ന ലക്ഷണമൊന്നും അവൾക്കില്ല. പരവശയായി, കാലുകൾ ഇടറി, തിടുക്കത്തിലുള്ള നടത്തമാണ്. മുഖത്ത് ഭയപ്പാടില്ല; ചുറ്റുപാടും എന്തോ തിരയുന്ന വ്യഗ്രതയുണ്ട്. പിന്നിലേക്കു പിന്നിയിട്ടിരിക്കുന്ന, അരയോളമെത്തുന്ന നീളൻ മുടി. സാരിയാണു വേഷം. ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ് തോന്നിക്കും.
സമയം പിന്നെയും ഒരുപാട് നീളുന്നു. പക്ഷെ, എത്ര നടന്നിട്ടും അധികദൂരം അവൾ പിന്നിടുന്നില്ല. സ്ഥലകാല ദൃശ്യം മാറുന്നില്ല. ഒരേ സ്ഥലം… അതേ നിലാ വെളിച്ചം… തികഞ്ഞ നിശബ്ദത. നിഗൂഢമായ തലങ്ങൾ ഒന്നുംതന്നെയില്ല. പക്ഷെ, ഒരേ ദൃശ്യത്തിന്റെ ആവർത്തനം മനസിന്റെ സമനില തെറ്റിക്കുന്നു. ഉറക്കെ വിളിച്ചുകൂവാൻ… നിലവിളിക്കാൻ… ഓടിയൊളിക്കാൻ ഒരുപാടു ശ്രമിക്കുന്നുണ്ട്. കഴിയുന്നില്ല. ശ്വാസോച്ഛാസം പിടിവിട്ടു പോകുന്നു.
ഗാഢമായ ഉറക്കത്തിൽ, ആരോ ശക്തമായി കിതക്കുന്നതിന്റെ ശബ്ദം കേട്ടാണ് സെലിൻ, തലമൂടി കിടന്നിരുന്ന ബ്ലാങ്കറ്റ് മാറ്റി കണ്ണുതുറന്നത്. ആര്യയാണ്. സെലിനു കാര്യം മനസിലായി. കുറച്ചു ദിവസമായി, അവളിൽനിന്നുള്ള ഇത്തരം അപശബ്ദങ്ങൾ കേട്ട് ഉറക്കമുണരുന്നു.
ആദ്യത്തെ ദിവസം ഒരു അലർച്ച കേട്ടാണ് ഉണർന്നത്. അന്നവൾ കണ്ടത്, തലയില്ലാത്ത ഒരു ഉടലായിരുന്നു, ഒരു പ്രതിമയുടെ. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വീണ്ടും കേട്ടു ഒരു അലർച്ച. അന്നു കണ്ടത്, അവൾ അതിനെ തൊഴുതു നില്ക്കുന്നതായിരുന്നു. ഏതോ ഒരു കാട്ടിലെ ക്ഷേത്രമണ്ഡപത്തിൽ എന്തോ ധ്യാനിച്ചിരിക്കുന്ന, തലയില്ലാത്ത ഒരു പ്രതിമ.
പിന്നെ ഒന്നോ രണ്ടോ വട്ടം കൂടി അങ്ങനെയെന്തോക്കെയോ കണ്ടത്രെ. എന്തായാലും, ആദ്യത്തെപോലെ ഇപ്പോൾ അധികം അലർച്ചയും ആർപ്പുവിളിയും ഞെട്ടിപ്പിടഞ്ഞെണീക്കലും ഒന്നുമില്ല.
‘നീയീ കാണുന്നത് അത്രയ്ക്കു വലിയ ഭീകരസ്വപ്നങ്ങളൊന്നുമല്ലല്ലോ, ഇങ്ങനെ അലറിവിളിക്കാൻ. തലയില്ലെങ്കിലും, ഒരു ക്ഷേത്രത്തിലെ പ്രതിമയല്ലേ അത്. അതെന്തോ ദൈവീകമായ കാര്യമല്ലേ. അതിനു നീയിങ്ങനെ പേടിച്ചാലോ? കാട്ടിൽ കാലങ്ങളായി ആരും കാണാതെ കിടക്കുന്ന ക്ഷേത്രമാകും. എപ്പോഴോ അതിന്റെ തല നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെ വല്ല സ്റ്റോറി എപ്പോഴെങ്കിലും നീ വായിച്ചിട്ടുമുണ്ടാകും. അത് ഉള്ളിൽ കിടക്കുന്നതിന്റെ വല്ല ഏനക്കേടോ മറ്റോ ആകും ഇത്.’
അവളെ സമാധാനിപ്പിക്കാൻ പാതി കളിയായും പിന്നെ, ഉള്ള അറിവുവെച്ച് അല്പം ഗൗരവത്തിലും ചുമ്മാ തട്ടിവിട്ടതാണ്. അതിൽപിന്നെ, സുഷുപ്തിയിൽ കിടന്നുകൊണ്ടുള്ള സ്വപ്നം കാണലേ ഉള്ളൂ. ഞെട്ടലും പെടയലും അലറലും നിന്നു. അതുകൊണ്ട്, കഴിഞ്ഞ മൂന്നാലു ദിവസമായി തന്റെ പുലർക്കാല നിദ്രയ്ക്കു ഭംഗമില്ല.
ഇന്നെന്തു മാരണമാണാവോ കണ്ടത്. ഇടത്തേക്കു ചെരിഞ്ഞ്, സെലിൻ അവളെ അനുതാപത്തോടെ നോക്കി. മലർന്നാണു കിടക്കുന്നത്. അത്ര മെലിഞ്ഞതല്ലെങ്കിലും, ‘വെളുത്തുകൊലുന്നനെ’ എന്ന പ്രയോഗം തെറ്റാവില്ല. ഒരു നാടൻ സ്ലിം ബ്യൂട്ടി.’ സാരി കൈവിട്ടൊരു കളിയില്ല. മോഡേൺ ഡ്രസ്സ് ഒന്നും പറ്റില്ല. നൈറ്റിപോലും അലർജി.
ഏ. സിയുണ്ടെങ്കിലും, ആ നീണ്ടു ചുവന്ന മുഖത്തു സ്വേദക്കണങ്ങൾ ലാസ്യം പൂണ്ടു കിടക്കുന്നു. മങ്ങിയ വെളിച്ചത്തിലും, നാസികത്തുമ്പിലും മേൽചുണ്ടിനു മുകളിലും തിണർത്തുകിടക്കുന്ന വിയർപ്പുത്തുള്ളികളുടെ നക്ഷത്രത്തിളക്കം തന്റെ കണ്ണുകളെപോലും എങ്ങോ കൊണ്ടുപോകുന്നു. ഇറുക്കമുള്ള ബ്ലൗസിനുള്ളിൽ അനങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന, ഒതുക്കമുള്ള മാറിന്റെ സംഭ്രമംകൂടി അവളുടെ തൊണ്ടക്കുഴിയിൽ കിടന്നു പുളയുന്നുണ്ട്. വിളിച്ചുണർത്താൻ തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു. ഈയിടെ അടിക്കടി ഉള്ളതല്ലേ… എന്തിന് അവളുടെ ഉറക്കംകൂടി കളയുന്നു. സമയം നാലോ നാലരയോ ആയിക്കാണണം. ഇനിയേറിയാൽ ഒരര മണിക്കൂർ. അഞ്ചുമണിക്കുള്ളിൽ എണീക്കുന്ന പതിവുണ്ട്. കുറച്ചുകൂടി കിടന്നോട്ടെ.
ആ കിടപ്പിനുതന്നെ കൊതി പെരുപ്പിക്കുന്ന സുഭഗത്വമാണ്. കാലുകൾ നീട്ടിയിട്ട്, ഒരു കാലിൻമേൽ മറുകാല് കയറ്റിവെച്ച്, കൈകൾ നെറ്റിയിൽ പിണച്ചുകെട്ടി, ‘ഞാനൊന്നും അറിഞ്ഞില്ലേ…’ എന്നും പറഞ്ഞുള്ള കിടപ്പ്… ഓയെൻവിയുടെ ഗോതമ്പുപാടത്തെ, വിളഞ്ഞു കിടക്കുന്ന ആ കതിർക്കുലയെ നോക്കിയങ്ങനെ കിടക്കേ, അവളോളം ഒരു സുന്ദരിയെ മുൻപൊന്നും കണ്ടിട്ടില്ലെന്നു സെലിനു തോന്നി.
അവളെ ആദ്യം കണ്ടപ്പോൾ തോന്നിയ ഫീലാണ്. അതും പറഞ്ഞ് അവളെ കൊറേ സുഖിപ്പിക്കാനും നോക്കി. കേൾക്കുമ്പോൾ വെറുതെ ഒന്നു ചിരിക്കുമെന്നല്ലാതെ, ഇപ്പറയുന്ന സൗന്ദര്യം തനിക്കുണ്ടെന്ന ഒരു തോന്നലോ നാട്യമോ അവൾക്കുള്ളതായി കണ്ടിട്ടില്ല. ഒരിക്കൽമാത്രം അവളൊന്നു പ്രതികരിച്ചു കണ്ടു. അന്നാണവളും ശ്രീയും ജോയിന്റായി ഡിവോഴ്സ് പെറ്റീഷൻ കൊടുത്തത്.
അന്നു വൈകുന്നേരമാണവൾ പറഞ്ഞത്,
“നീയീ പറയുന്ന ഗോതമ്പോ കതിരോ കരിമ്പോ ഒന്നും ആയിട്ട് ഒരു കാര്യവും ഇല്ല സെലിൻ. പൊന്നിനെ പൊന്നാക്കുന്നത് അതണിയുന്ന പെണ്ണാണ്. പെണ്ണിനു വേണ്ടെങ്കിൽപിന്നെ പൊന്നിനെന്തു പൊന്നുംവില?”
അന്നവളിൽ കണ്ട ആ വേദാന്തിയാണ്, ശരിക്കുള്ള അവൾ. അതുകൊണ്ടാണവൾ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടത്. ശ്രീപോലും സ്വപ്നത്തിൽ പ്രതീക്ഷിക്കാത്തതാകണം അത്. എന്തിനായിരുന്നു അതെന്നു ചോദിക്കാൻ കൂടിയാണ് അവളെ നിർബന്ധിച്ചു ഡിന്നറിനു കൊണ്ടുപോയത്. ഒരുമിച്ചുള്ള താമസം തുടങ്ങിയ അന്നുതന്നെ മനസിലായതാണ് അവളെ. അതുകൊണ്ട്, ഒരുമിച്ചുള്ള ഔട്ടിങ്ങോ പുറമെ നിന്നുള്ള ഭക്ഷണമോ കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ അപൂർവ്വം.
ഒഴിഞ്ഞ ഒരു കോണിൽ, ടേബിളിൽ മുഖാമുഖം ഇരിക്കുമ്പോൾ, എങ്ങനെ ചോദിക്കണം എന്നൊരു വീർപ്പുമുട്ട് തന്നെ വരിഞ്ഞുമുറുക്കിയ ആ സമയത്താണ് അപ്രതീക്ഷിതമായി അവൾ അങ്ങനെ പറഞ്ഞത്. പിന്നെയൊന്നും ചോദിച്ചില്ല. ചോദിക്കാൻ പിന്നെയൊന്നും ഉണ്ടായില്ല. ഉള്ളിലെ മുഴുവൻ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളെല്ലാം ഒന്നായി അവളുടെ ആ വാക്കുകളിൽ അടങ്ങിയിരുന്നു.
എങ്കിലും, ‘ആര്യാ…’ എന്നു നീട്ടി വിളിച്ചു. വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ മൂളിയില്ല. പക്ഷെ, നേർത്ത, ചിലമ്പിച്ച തന്റെയാ വിളി കേട്ടപ്പോൾ, സ്വതവേ പാതിയടഞ്ഞിരിക്കാറുള്ള ആ വാർമിഴി മുഴുവനായും അടഞ്ഞു. അതു കണ്ടപ്പോൾ, തന്റെയുള്ളിലെ നൊമ്പരം അവളറിയാതെ എങ്ങനെ അടക്കിവെയ്ക്കുമെന്നു താൻ ഭയപ്പെട്ടു.
ആ മിഴികളുടെ ആഴങ്ങളിൽ തളംകെട്ടി നിർത്തിയിരിക്കുന്ന വലിയൊരു നദി, അണപൊട്ടി തന്റെ നെഞ്ചിലൂടെയാണ് ഒഴുകാൻ തുടങ്ങുന്നത് എന്നറിഞ്ഞപ്പോൾ പതിയെ എഴുന്നേറ്റു. ഭക്ഷണം എത്തിയതും ആ സമയത്താണ്. സെർവ് ചെയ്യേണ്ട, പാക്ക് ചെയ്തോളാൻ പറഞ്ഞു ഞാൻ വേഗം പുറത്തേക്കിറങ്ങി.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.







