“തെക്കൻ തമിഴ് നാട്ടിലെ ഗ്രാമീണ ജീവിതമാണ് എന്നെ എഴുത്തുകാരിയാക്കിയത്”: തമിഴച്ചി തങ്കപാണ്ഡ്യൻ

Thamizhachi Thangapandian | Kerala Literature Festival(KLF-2025) | Calicut

കോഴിക്കോട്: തങ്ങളുടെ ചുറ്റുപാടുകളെ, ജീവിതങ്ങളെ നിരന്തരം നിരീക്ഷിക്കുമ്പോഴാണ് ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ തന്റെ മാസ്റ്റർ പീസിലേക്കുള്ള വഴി എളുപ്പമാകുന്നതെന്ന് പ്രശസ്ത തമിഴ് കവയത്രിയും വിവർത്തകയുമായ ഡോ. തമിഴച്ചി തങ്കപാണ്ട്യൻ. കോഴിക്കോട് കടപ്പുറത്ത് നടന്നു വരുന്ന എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളം- ഇംഗ്ലീഷ് കവിയും വിവർത്തകയുമായ ഡോ. നിത്യ മറിയം ജോണുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മറ്റൊരു സെക്ഷനിൽ ‘ആധുനിക തമിഴ് എഴുത്ത്’ എന്ന വിഷയത്തിൽ, പുതുതലമുറയിലെ ശ്രദ്ധേയയായ ഇംഗ്ലീഷ് കവയിത്രിയും വിവർത്തകയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയുടെ,
‘പഠിച്ചത് ഇംഗ്ളീഷും ഇംഗ്ളീഷ് സാഹിത്യവുമാണ്. എന്നാൽ, എഴുതുന്നതു കൂടുതലും തമിഴിലുമാണ്. ഇതെങ്ങനെ സാധിക്കുന്നു?’ എന്ന ചോദ്യത്തിന്, ‘തെക്കൻ തമിഴ് നാട്ടിലെ തൻ്റെ ഗ്രാമീണ ബാല്യവും അവിടത്തെ  സ്ത്രീ ജീവിതങ്ങളും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമാണ് എഴുത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള ഘടകങ്ങളെന്നും തമിഴിന്റെ ശുദ്ധമായ ഗ്രാമീണ ഭാഷയാണ് ആഴത്തിൽ തന്നിൽ വേരോടിക്കിടക്കുന്നതെന്നും ഇതൊക്കെകൊണ്ടാണ് തൻ്റെ രചനകളിൽ പെണ്ണെഴുത്തുകളെ സൂക്ഷ്മമായി കൊണ്ടുവരുവാൻ കഴിയുന്നതെന്നും തമിഴച്ചി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ഇടപെടലുകൾ നടത്തുന്ന തമിഴകത്തെ ഒരു ലീഡിങ് രാഷ്ട്രീയ പാർട്ടിയുടെ മുൻനിര നേതൃത്വത്തിൽ ഉൾപ്പെടുന്ന ഒരു കുടുംബമാണ് തന്റേത്. അതുകൊണ്ടുതന്നെ തമിഴകത്തിനു പുറത്തുള്ള കമ്മ്യൂണിക്കേഷന് ഏറ്റവും നല്ല ഉപാധി ഇംഗ്ലീഷ് ആണ്. എന്നാൽ എന്റെ ഉള്ളിലെ ഭാഷ എന്നും തമിഴാണ്. കാവ്യസപര്യയിൽ ഏർപ്പെടുമ്പോൾ രാഷ്ട്രീയം ഉൾപ്പെടെ ബാഹ്യമായ ഒന്നും തന്നെ ബാധിക്കാറില്ലെന്ന്  അതുമായി ബന്ധപ്പെട്ട മീനയുടെ ചോദ്യത്തിനും ഡിഎംകെ ചെന്നൈ സൗത്ത് മണ്ഡലം എംപി കൂടിയായ തമിഴച്ചി വ്യക്തമായ മറുപടി നല്കി. എഴുത്തുകാർ, പ്രത്യേകിച്ചും പുതുതലമുറക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയൊരളവിൽ അകലം പാലിച്ചുകൊണ്ട്, നേരിട്ടുള്ള തങ്ങളുടെ സാമൂഹിക ഇടപെടലുകളിൽ നിരന്തരം ഏർപ്പെടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കെ.എൽ.എഫ് 2025 സമാപനം ഇന്ന്:

‘കെ.എൽ.എഫ് ബുക്ക് ഓഫ് ദി ഇയർ’ പുരസ്‌കാരത്തിനു തുടക്കം. 

ജനുവരി 23മുതൽ നടന്നുവരുന്ന കെ.എൽ.എഫ് 2025 എഡിഷൻ ഇന്നു സമാപിക്കാൻ പോകുന്നത് മറ്റൊരു പുതുമയോടെയാണ്. ഈ വർഷംമുതൽ ഈ ഫെസ്റ്റിന്റെ മുഖമുദ്രയാകുന്നത് ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ഫെസ്റ്റ് പുരസ്‌കാരമാണ്. ‘കെ.എൽ.എഫ് ബുക്ക് ഓഫ് ദി ഇയർ’ എന്നു പേരിട്ടിട്ടുള്ള ഈ പുരസ്‌കാരം ഓരോ വർഷത്തെയും മികച്ച പുസ്തകത്തെ കണ്ടെത്തുന്നു.

ബുക്കർ പ്രൈസ് ജേതാക്കളായ ജെന്നി ഏർപെൻബെക്ക്, ജോർജി ഗൊസ്-പോഡിനോവ് തുടങ്ങിയ രാജ്യാന്തര എഴുത്തുകാരും ജയമോഹൻ, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, കെ. ആർ. മീര, ശശി തരൂർ തുടങ്ങിയ ഇന്ത്യൻ എഴുത്തുകാരും ചലച്ചിത്രമേഖലയിൽ നിന്നും മണിരത്നം, നസറുദ്ദീൻ ഷാ, രത്ന പതക് ഷാ, പ്രകാശ് രാജ്, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്ത ഫെസ്റ്റിൽ പതിനഞ്ച് രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം അതിഥികളാണ് പങ്കെടുത്തത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിന്റെ ദീപം തെളിയിച്ചത് തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജനായിരുന്നു. എ പ്രദീപ് കുമാറാണ് ഫെസ്റ്റ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ. ഫ്രാൻസാണ് ഈ വർഷത്തെ ഫെസ്റ്റിന്റെ അതിഥി രാജ്യം. 2016ൽ ഡി.സി. ഫൗണ്ടേഷൻ തുടക്കമിട്ട കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ(KLF) ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമാണ്.

KLF-2025
KLF-2025-2
Dr. T.M. Raghu with Thamizhachi Thangapandian
KLF-2025-2
Dr.-T.M.-Raghuand writer Navaneetham with-Thamizhachi-Thangapandian
Anitha Nair with Indumenon at KLF-2025