മലയാളത്തിൽ ആദ്യമായ്... പുതിയ വായനയ്ക്ക്... പുതിയ ലിപിയിൽ...

ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം/നോവൽ പരിഭാഷ- രണ്ടാം അദ്ധ്യായം

മുഖവുര

 

1852ൽ, ഹന്നാ കാതറീൻ മുള്ളൻസ് ബംഗാളി ഭാഷയിൽ(ബംഗ്ലാ) എഴുതിയ ‘ഫുൽമാനി ഓ കരുണാർ ബിബരൻ’ (চিত্র:ফুলমণি ও করুণার বিবরণ) എന്ന നോവലിന്റെ മലയാളം പരിഭാഷയാണ്, ഫുൽമോനിയുടെയും കരുണയുടെയും ചരിത്രം. ഈ പരിഭാഷയ്ക്ക് അവലംബമാക്കിയത്, 1853ൽ ഹന്നാ കാതറീൻ എഴുതിയ ഇംഗ്ലീഷ് വിവർത്തനമാണ്.

ഈ കൃതി, ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട ആദ്യത്തെ നോവലായും ബംഗ്ലാ, മലയാളം, തെലുങ്ക്, കന്നഡ, മറാഠി എന്നീ ഭാഷകളിലെ ആദ്യത്തെ നോവൽ/ പരിഭാഷാ നോവൽ ആയും പരിഗണിക്കപ്പെടുന്നു.

കൃതിയുമായി ബന്ധപ്പെട്ട ചരിത്രപരമായ കൂടുതൽ വിശദാംശങ്ങൾ അനുബന്ധമായി  ഇവിടെയും ഇവിടെയും കൊടുത്തിരിക്കുന്നു.

രണ്ട് നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഈ നോവലിന്റെ ഇക്കാലത്തെ വായന സുഗമമാക്കാൻ ഈ പരിഭാഷ, 1858ൽ പ്രസിദ്ധീകരിച്ച റവ. ജോസഫ് പീറ്റിന്റെ മലയാളം പഴയ ലിപി പരിഭാഷ (ഫുൽമാനിയും കരുണയും/ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ) യിൽനിന്നും വ്യത്യസ്തമായി, പുതിയ ലിപിയിലും ശൈലിയിലും ചെയ്തിരിക്കുന്നു.

അതുപോലെ, പത്ത് അദ്ധ്യായങ്ങളുള്ള ഈ നോവലിന്റെ ഒന്നാം അദ്ധ്യായത്തെ വായനാ സൗകര്യാർത്ഥം, മൂന്ന് അദ്ധ്യായങ്ങളായി വിഭജിരിക്കുന്നു. ഈ അദ്ധ്യായത്തിന്റെ, ഹന്നാ കാതറൈൻ മുള്ളൻസ് എഴുതിയ ഇംഗ്ലീഷ് പരിഭാഷ ഇവിടെ വായിക്കാം.

Phulmani and Karuna novel-AI illustration 3-by Surya

വളുടെ വസ്ത്രങ്ങൾ വളരെയധികം മുഷിഞ്ഞതായിരുന്നു. അഴിഞ്ഞുകിടക്കുന്ന മുടി തല മുഴുവൻ തൂങ്ങികിടന്നിരുന്നു. എന്നെ ഒരല്പനേരം പരുഷമായി തുറിച്ചു നോക്കിയ ശേഷം അവൾ തിരിഞ്ഞ്, ഫുൽമാനിയോടു സ്വകാര്യം ചോദിച്ചു,
“ആരാണ് അത്?”
ഫുൽമാനി പറഞ്ഞു,
“ഇതാണ് പുതിയ മജിസ്ട്രേറ്റിന്റെ ഭാര്യ.”
ഇത് കേട്ടപ്പോൾ അവൾ ഒന്നു ഭയന്ന്, എന്നെ വളരെ ഭവ്യമായി അഭിവാദ്യം ചെയ്തു. പിന്നെ, ഫുൽമാനിയോട് അവൾ വളരെ പതുക്കെ പറയാൻ തുടങ്ങി,
“ഫുൽമാനി, നിങ്ങളുടെ വിധി ശ്രേഷ്ഠമാണ്, എല്ലാ യൂറോപ്യന്മാരും നിങ്ങളെ ഇഷ്ടപ്പെടുന്നു; ആരും എന്നോടു കരുണ കാണിക്കുന്നില്ല.”

അവൾക്ക് ഒരു ഉത്തരവും കൊടുക്കാതെ ഫുൽമാനി ചോദിച്ചു,
“അങ്ങനെയാകട്ടെ കരുണാ, എന്തിനാണ് ഇത്ര വിഷമകരമായ അവസ്ഥയിൽ നീയിവിടെ വന്നത്?”

കരുണ പറഞ്ഞു,
“എന്റെ അരിഷ്ടതയിൽ, പാചകത്തിന് എന്തെങ്കിലും സാധനങ്ങൾ ചോദിക്കാൻ വന്നതാണ് വന്നത്; വീട്ടിൽ ഒരു പൈസ പോലും ഇല്ല, എന്റെ മകൻ കുറച്ച് ചുനമീൻ പിടിച്ചു കൊണ്ടുവന്നു, അതിൽ കുറച്ചെടുത്ത് ഇപ്പോൾ കറി വെയ്ക്കണം. എന്റെ ഭർത്താവിനെ നിനക്ക് അറിയാമല്ലോ. അദ്ദേഹം എനിക്ക് ചെലവുകൾക്കു പണം നൽകുന്നില്ല, എന്നിട്ടും ഭക്ഷണം കിട്ടിയില്ലെങ്കിൽ രാത്രി മുഴുവൻ അയാളെന്നെ കുറ്റപ്പെടുത്തും.”

ഫുൽമാനി പറഞ്ഞു,
“തീർച്ചയായും, അതു വളരെ മോശമാണ്; പക്ഷേ നിന്റെ കയ്യിൽ ഒരു പൈസ ഇല്ല എന്നത് എങ്ങനെ ശരിയാകും? ഇന്നു രാവിലെ, രാമനാഥ് ഉപദേശി നിന്നെ വിളിച്ച്, അദ്ദേഹം ഒരു ദിവസത്തേക്കു ജില്ലയിൽ പ്രസംഗിക്കാൻ പോകുകയാണെന്നും അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുകയും അവർക്കു ചവ്വരി പാചകം ചെയ്തു കൊടുക്കുകയും മറ്റും ചെയ്‌താൽ, അദ്ദേഹം നിനക്ക് ആറ് പൈസ തരുമെന്നും നിന്നോടു പറയുന്നതു ഞാൻ കേട്ടു.”

കരുണ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു,
“അദ്ദേഹം എന്നെ വിളിച്ചതു സത്യമാണ്, പക്ഷേ ഞാൻ പോയില്ല. മധുവിന്റെ ഭാര്യ ഒളിച്ചോടിയതിന്റെ സകല വിശേഷങ്ങളും കേട്ടിരുന്നപ്പോൾ സമയം കടന്നുപോയി; അങ്ങനെ, പ്രിയപ്പെട്ടവളെ ഉപേക്ഷിച്ച്, ആ ബാബു ഭാര്യയോടൊപ്പം പോയി.

മധുവിന്റെ ഭാര്യയെ കാലിപ്പൂരിൽ കണ്ടെത്തി, അവിടെ അവൾ വിറകു ശേഖരിച്ചു വിൽക്കുകയായിരുന്നു, ഒരിക്കൽ അവൾക്കുണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം ഒന്നൊഴിയാതെ നഷ്ടപ്പെട്ടു. അവളുടെ കഥ ഇങ്ങനെയാണ്, ഒരു വൃദ്ധ അവളോട് ആദ്യം വലിയ ദയ കാണിച്ചു, അവളെ വീട്ടിൽ പാർപ്പിച്ചു, അഞ്ചോ ആറോ ദിവസം ഭക്ഷണം നൽകി.

പിന്നീട്, ഒരു രാത്രിയിൽ, അവൾ ഗാഢനിദ്രയിലായിരുന്നപ്പോൾ, ആരോ വന്ന് അവളുടെ ആഭരണങ്ങൾ വെച്ചിരുന്ന ഭാണ്ഡത്തിൽ നിന്നെടുത്തു കൊണ്ടുപോയി. രാവിലെ ഉണർന്ന്, ആഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞപ്പോൾ, അവൾ കരഞ്ഞുകൊണ്ടു വൃദ്ധയോടു പറഞ്ഞു,
‘നിങ്ങൾ എന്റെ ആഭരണങ്ങൾ എടുത്തിട്ടുണ്ടാകണം.’ എന്ന്.

അന്നേരം വൃദ്ധ അവളെ അപമാനിക്കുകയും വാതിലിനു പുറത്തേക്ക് ആക്കുകയും ചെയ്തു. അപ്പോൾ അവൾ പറഞ്ഞു,
‘ഞാൻ വിശന്നു മരിക്കണമോ? ഞാൻ പോയി നിനക്കെതിരെ പരാതി നൽകും.’

ഇതു കേട്ടപ്പോൾ വൃദ്ധ പറഞ്ഞു,
‘നിനക്ക് സാക്ഷികളില്ല; നിന്റെ പക്കൽ പണമില്ല; നിനക്ക് എങ്ങനെ പരാതി നൽകാൻ കഴിയും? ഇത് എടുത്തോ; ഞാൻ നിനക്കു രണ്ട് രൂപ തരുന്നു; പക്ഷേ ഇക്കാര്യത്തിൽ നീ എന്തെങ്കിലും മിണ്ടിയാൽ, ഞാൻ നിനക്കെതിരെ പരാതി നൽകും.”

കരുണ തുടർന്നു പറഞ്ഞു,
“ഇതെല്ലാം റാണിയിൽ നിന്നും അറിഞ്ഞ കഥയാണ്, പക്ഷേ അതെല്ലാം കള്ളമാണെന്നു ഞാൻ സംശയിക്കുന്നു. മധു പറയുന്നു, അവൾ തന്റെ ആഭരണങ്ങൾ തിരികെ കൊണ്ടുവന്നില്ലെങ്കിൽ, ഒരു കള്ളിയെപോലെ അവളെ ജയിലിലടയ്ക്കുമെന്ന്.”

അപ്പോൾ ഫുൽമാനി പറഞ്ഞു,
“മധുവിന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല. വിവാഹസമയത്ത്, അദ്ദേഹം ഈ ആഭരണങ്ങൾ റാണിക്കു സമ്മാനമായി നൽകിയില്ലേ? കൂടാതെ, എല്ലാ ആഭരണങ്ങളും മധുവിന്റെ സമ്മാനമായിരുന്നില്ല; അവയിൽ ചിലത്, റാണിയുടെ അമ്മ, അവരുടെ മരണസമയത്ത് അവൾക്കു കൊടുത്തതാണ്.

എന്റെ അഭിപ്രായത്തിൽ, റാണി സത്യം പറഞ്ഞിട്ടുണ്ടെന്നാണ്. ആഭരണങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആ വൃദ്ധ അവളെ സ്വീകരിച്ചത്, അല്ലെങ്കിൽ ഒരു ക്രിസ്ത്യൻ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണവും മറ്റും കൊടുക്കാൻമാത്രം ഇത്രയ്ക്കു കരുണയുള്ള ആരാണുള്ളത്?

റാണി ഓടിപ്പോയത് ഏറ്റവും വലിയ മണ്ടത്തരമാണ്, ഉറപ്പാണ്. എന്നാലും, മുഴുവൻ തെറ്റും അവളുടേതല്ല. അവളുടെ ഭർത്താവും അമ്മായിയമ്മയും അവളോടു വളരെ മോശമായാണു പെരുമാറുന്നതെന്ന് എനിക്കറിയാം.”

“നീ,”
കരുണ മറുപടി പറഞ്ഞു,
“തീർച്ചയായും റാണിയുടെ പക്ഷത്തു നില്ക്കും. കാരണം, അവൾ നിന്റെ സ്കൂളിലെ വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നു. നിന്റെ സുന്ദരിയുടെ കൂട്ടുകാരിയുമായിരുന്നു. പക്ഷേ ഫുൽമാനി, ഞാൻ നിന്നോടു സത്യമായിട്ടും പറയുന്നു, ആളുകൾ ഇനി അവരുടെ ആൺമക്കളെ സ്കൂൾ പെൺകുട്ടികളെകൊണ്ടു വിവാഹം കഴിപ്പിക്കില്ല. ഈ സ്കൂൾ പെൺകുട്ടികളാണ് ഇങ്ങനെയുള്ള കുഴപ്പങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കുന്നത്.”

Read Also  മായാത്ത മാരിവില്ല്: ബി. അശോക് കുമാർ എഴുതിയ, വിസ്മയ കുമാരന്റെ ‘ദ ബ്യൂട്ടിഫുൾ ഏക്’ ഇംഗ്ലീഷ് കവിതയുടെ വിവർത്തനം

ഫുൽമോനി,
“ഇതെല്ലാം വ്യർത്ഥമായ സംസാരമാണ്. പതിനാല് വയസ്സ് തികയുന്നതിനുമുമ്പ് എല്ലാ പെൺകുട്ടികളും വിവാഹിതരാകുന്നു; അവർക്കു ഭർത്താക്കന്മാരെ കിട്ടാൻ വേണ്ടി മിഷനറിമാർ എന്തെങ്കിലും ശ്രമം നടത്തിയതിന്റെ ഭാഗമല്ല ഇത്. മറിച്ച്, ജനങ്ങൾതന്നെ കല്യാണത്തിനു പെൺകുട്ടികളെ ആവശ്യപ്പെടുന്നു.

അതിനാൽ, ഈ ഗ്രാമത്തിലെ മിക്കവാറും എല്ലാ മാന്യവീടുകളിലും ഇപ്പോൾ സ്കൂൾ പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവരുന്നു. നമ്മുടെ രാമനാഥ് ബാബുവിന്റെ ഭാര്യയെയും കോമൈ സിർകാറിന്റെ ഭാര്യയെയും ശോഷിഭൂഷൺ മുഖർജിയുടെ രണ്ട് മരുമക്കളെയും നോക്കൂ; ഇവരെല്ലാം സ്കൂൾ പെൺകുട്ടികളാണ്, അവരെ ആരെയും ഒരു വാക്കുപോലും പറയാൻ ആർക്കും കഴിയില്ല.

നീ റാണിയുടെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അന്നേരം അതിനെക്കുറിച്ച് എനിക്കും നിന്നോടു ചിലതു പറയാനുണ്ടാകും. സാഹിബ് ആദ്യം മുതൽ തന്നെ ഈ വിവാഹത്തിനു എതിരായിരുന്നു. അദ്ദേഹം പല എതിർപ്പുകളും ഉണ്ടാക്കി; പക്ഷേ, റാണിയുടെ അമ്മ വളരെ പാവമായ ഒരു സ്ത്രീയായിരുന്നു. കുറച്ചു സ്വർണ്ണാഭരണങ്ങളുടെ പ്രദർശനത്തിൽ അവർ അന്ധയായി, മധു അവരുടെ കണ്ണുകളിൽ നിഷ്കളങ്കനായി കാണപ്പെട്ടു.

നിനക്കുതന്നെ നന്നായി അറിയാം, ഒട്ടും പഠിപ്പില്ലാത്ത ഒരു മനുഷ്യനാണു മധുവെന്ന്. അയാൾക്ക് അക്ഷരമാല കഷ്ടിച്ച് അറിയാം; അതേസമയം, വീട്ടുജോലികൾ ചെയ്യുന്നതൊഴികെ, എല്ലാ പെൺകുട്ടികളിലുംവെച്ച്, വായിക്കുന്നതിലും എഴുതുന്നതിലും ഏറ്റവും മിടുക്കിയായിരുന്നു റാണി. ഇങ്ങനെ വിപരീത സ്വഭാവമുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹത്തിൽ നിന്ന് എന്ത് സംതൃപ്തി ലഭിക്കും?

പക്ഷേ, അത് എന്തായാലും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത്, നമ്മുടെ കാര്യമല്ല. വരൂ, നീ വളരെ വിഷമിക്കുന്നതിനാൽ, ഞാൻ നിനക്കു കുറച്ച് പാചക സാധനങ്ങളും എണ്ണയും തരാം.”

ഫുൽമാനിയെ അനുധാവനം ചെയ്ത്, വീടിനകത്തേയ്ക്കു കരുണ കടക്കാൻ നേരം, ഞാൻ നേരത്തെ പറഞ്ഞ ചൈന റോസ് ചെടിയുടെ തണ്ട് അവളുടെ വസ്ത്രത്തിലെ ഒരു വലിയ കീറലിൽ കുടുങ്ങി. അവൾ ഇതു കണ്ടില്ല, വസ്ത്രം ശക്തിയായി വലിച്ചു, അവൾ ചെടിയെ ഏതാണ്ട് വേരോടെ വലിച്ചെടുത്തു. പിന്നെ, ചെയ്തുപോയ അനർത്ഥത്തിൽ അവളുടെ മുഖം വളരെ മ്ലാനമാവുകയും താഴെ ഇരുന്നുകൊണ്ട്, കൊഴിഞ്ഞുകിടക്കുന്ന പൂക്കളുടെ ഇതളുകൾ ഓരോന്നായി പെറുക്കാനും തുടങ്ങി.

ഈ സമയത്ത്, എന്താണ് സംഭവിച്ചതെന്ന് അറിയാതെ എണ്ണഭരണിയുമായി ഫുൽമാനി പുറത്തേക്കു വന്നു; പക്ഷെ, തന്റെ പ്രിയപ്പെട്ട ചെടിക്കു സംഭവിച്ച ദുരന്തം കണ്ടപ്പോൾ അവൾ വളരെ ദുഃഖിതയാകുകയും എണ്ണിപ്പെറുക്കാൻ ആരംഭിക്കുകയും ചെയ്തു,
“ഓ! കരുണാ, നീ എന്താണ് ചെയ്തത്? എന്റെ മനോഹരമായ ചെടി പോയി.”

കരുണ പറഞ്ഞു,
“എന്നോട് ക്ഷമിക്കൂ, ഫുൽമാനി, എനിക്ക് ഇതിൽ അതിയായ വിഷമമുണ്ട്. നിന്റെ സുന്ദരിയുടെ സ്മാരകമായിട്ടാണ് ഈ ചെടിയെ നീ അത്യന്തം പരിപാലിക്കുന്നതെന്ന് എനിക്കറിയാം”

ഇതു കേട്ടപ്പോൾ ഫുൽമാനിയുടെ ദേഷ്യം ശമിച്ചു; എന്നിട്ട്, പുഞ്ചിരിച്ച മുഖത്തോടെ അവൾ പറഞ്ഞു,
“സാരമില്ല; ഇത് ബൈബിളിലെ വളരെ ആശ്വാസപ്രദമായ ഒരു വാക്യത്തെ ഓർമ്മിപ്പിക്കുന്നു. ആഹ്! കരുണാ, നിന്റെ ഹൃദയത്തിൽ ഈ വാക്കിന്റെ അന്തഃസത്ത നീ അറിഞ്ഞിരുന്നെങ്കിൽ, നിന്റെ ദുഃഖം വളരെ കുറയുമായിരുന്നു!

ഇതാണ് ആ വാക്യം, ‘പുല്ല് ഉണങ്ങുന്നു, പൂവ് വാടിപ്പോകുന്നു, പക്ഷേ നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനിൽക്കും.’ ”(ഐ.എസ്. xl. 8.)

കരുണ നെടുവീർപ്പിട്ടു, പക്ഷേ മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല; പക്ഷേ ഞാൻ അവളുടെ മുഖത്തേക്ക് ആത്മാർത്ഥമായി നോക്കിയപ്പോൾ, ഫുൽമാനിയുടെ സ്വഭാവം അവൾ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നി.

ഒടുവിൽ അവൾ തന്റെ ദയാലുവായ സുഹൃത്തിനോടു വിട പറഞ്ഞ്, എനിക്ക് ഒരു സലാം പറഞ്ഞ്, എണ്ണപ്പാത്രം എടുത്ത് അവളുടെ വഴിക്കു പോയി.

തുടരും…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts