Published on: September 7, 2025


രാത്രിയിൽ
അണിഞ്ഞൊരുങ്ങി
മരണത്തിന്റെ നൃത്തം.
പുക തുപ്പും
നിലാവിന്റെ വെളിച്ചം.
ചോരകൊണ്ടൊരു ആകാശം.
തുന്നിതീർത്തു കഴിഞ്ഞു…
‘ഗർഭപാത്രത്തിനകത്ത് ശാന്തത’
എന്ന അശാന്തതയാണത്; കാണുകയും ചെയ്യാം,
നമ്മുടെ അടുത്ത്, അഴുക്കുചാലിൽ
ഒരു നഗരം
മരണവാർഡുകണക്ക്, എഴുന്നേല്ക്കാൻ
ശ്രമിക്കുന്ന പോലെ.
മക്കളെ മക്കളെ
എന്ന് നിലവിളിക്കുന്ന
ഒരാംബുലന്സ് ദിശ
തെറ്റി, ശ്വാസം തെറ്റിക്കുന്ന
സിഗ്നലിൽ മുറിഞ്ഞ
സുഖവുമായി
തലകുത്തി നില്ക്കുന്നു.
അയ്യോ എന്നയീ രാത്രി,
പ്രാണവേദന പോലും
മറന്ന് ഓടിയോടി വരുന്നുണ്ട്.
ആകാശം തീക്കട്ടകളെ
താഴേക്ക്
വലിച്ചെറിയുമ്പോഴല്ലോ
അടിവയർ നോവുന്നത്?
യോനി തുറന്നേക്കാം,
ഒരു രാജ്യത്തിന്റെ
മെലിഞ്ഞ ഭൂപടം വന്നേക്കാം.
അത് ചോദിക്കും,
ഞാനാര് അമ്മ?
എനിക്ക് എന്ത് പേരിടും?
ചോര പൊതിഞ്ഞ
ആ ജീവനോട്
ഞാനെന്തുപറയും;
ഈ ബങ്കറിലെ
പ്രസവവാർഡിനെ കുറിച്ച്…?
നെഞ്ച് നനയുന്നത്,
മുല നിറയുന്നത്
മഴ കൊണ്ടല്ല;
അപ്പുറത്തു നിന്നൊഴുകി
വരുന്ന ചുടുചോരകൊണ്ടെന്ന്
പറയാനവൾ, കരിഞ്ഞ
ചുണ്ടുകൂർപ്പിക്കുന്നത്
പൂർത്തിയാക്കാൻ,
കണ്ണറ്റുപോയ
ഒരു പിഞ്ചുകുഞ്ഞ്
ഒരു പൂക്കാലം കവച്ചു വച്ച്
ഓടുന്ന കാഴ്ചയിൽ
അവൾ കത്തിത്തീർന്നു.
തൊട്ടുമുമ്പ്
എന്തോ ഒന്ന്
എന്ന് വിളിച്ചുവല്ലോ…
ഒരു ചരിത്രം തകർന്ന
കെട്ടിടാവശേഷിപ്പിന്റെ
വാരിയെല്ലിൽ തന്റെ മുറി
തേടിപ്പിടിക്കാൻ
മുറിവു പോലെ
നോക്കുന്നു,
തീ പോലെഴുന്നേല്ക്കുന്നു.
യുദ്ധം തീർന്നിട്ടില്ല…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






