തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത

ചിലപ്പോൾ,
അസാധാരണ ഭാരത്താലത് തലയ്ക്ക് മുകളിലൂടെ
കൂകിപ്പായും.
ആഴത്തിലേക്ക് ചക്രമിറക്കി,
നിറയെ വണ്ടുകൾ ചുവക്കുന്ന അതിൻ്റെ ബോഗികൾ.

ജനാലച്ചെവികളിൽ കമ്മലിട്ട് രണ്ട് വണ്ടുകൾ,
പൂവുകളില്ലാത്ത ലോകത്തെ ഇർർർന്ന്
ഈർഷ്യകൊള്ളുന്നു.

ഇരിപ്പിടത്തിലരിക്കുന്ന വണ്ടിന്,
തലയ്ക്ക് തീ കൊടുക്കാൻ വ്യഗ്രത.
ചുണ്ടുകൂർപ്പിച്ച തീവണ്ട്, ചിറകുകളിൽ
അരിഞ്ഞുവീഴ്ത്താനുള്ള ഇന്ധനത്തെ രാകുന്നു.

ഭൂമി ചുമക്കുന്ന ദേവൻ,
പൂവുകളെ പ്രാർത്ഥിക്കുന്നു.
വണ്ടുകൾ കണ്ണു തിരുമ്മി ഇറയത്ത്
പണിക്ക് പോവാനില്ലാതെ കുത്തിയിരിക്കുന്നു.
പൂവും പൂമ്പൊടിയും കറങ്ങുന്നൊരു സൂക്ഷ്മജീവി,
‘പണിക്ക് പോടാ..’ എന്ന് തല്ലുന്നു.
പണിയില്ലാത്ത,
ചൊറിക്കുത്തിയിരിക്കുന്ന ഉലകമെ,
ആരും കണ്ടിട്ടില്ലാത്ത നിറങ്ങളുടെ
ഭ്രൂണങ്ങൾ നിന്നിലേക്ക് പൊട്ടുന്നത് കാണുന്നില്ലേ?.

എപ്പഴോ വഴിയിൽ മറന്ന
പൂവണ്ടിൻ്റെ നിലവിളിയാകുന്നു തീ വണ്ടി.
നോക്കുന്നിടത്തെല്ലാം ഭ്രൂണമൊലിച്ച
അതിൻ്റ കൂട്.

അകലേക്കെത്ര കൂകിപ്പാഞ്ഞാലും തീരാത്ത
ഹെയർ പിന്നുകളിൽ ഉടക്കി നിവർത്തിയാണ് ജീവിതം,
അതിൻ്റെ ജീവിതം ഓടിത്തീർക്കുന്നത്!