Published on: November 16, 2025

വന്ദേ മാതരം; ദേശസ്നേഹത്തിന്റെ കാലാതീത ഗീതം
ഈ വർഷം നൂറ്റി അമ്പതാമതു വാർഷികം ആഘോഷിച്ച, ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരം 1875 നവംബര്‍ 7നു പ്രസിദ്ധീകരിക്കപ്പെട്ടു. പ്രശസ്ത ബംഗാളി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ കൃതി, അദ്ദേഹം നടത്തിവന്നിരുന്ന ‘ബംഗദര്‍ശന്‍’ എന്ന ബംഗാളി സാഹിത്യ ജേണലിലാണ് പ്രസിദ്ധീകൃതമായത്. ബംഗാളിയും സംസ്‌കൃതവും കൂടിക്കലര്‍ത്തി രചിക്കപ്പെട്ട ഈ കൃതി, ഏഴുവർഷങ്ങൾക്കു ശേഷം, 1882-ൽ ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിൻ ഡപ്യൂട്ടി കളക്ടർ ആയിരിക്കെയാണ് ചാറ്റര്‍ജി ഈ ഗീതം എഴുതിയത്. അക്കാലത്ത്, ബംഗാളിലെ ഔദ്യോഗിക- അനൗദ്യോഗിക പരിപാടികളിളെല്ലാം ബ്രിട്ടീഷ് ദേശീയ ഗാനമായ ‘ഗോഡ് സേവ് ദി ക്വീൻ’ ആലപിക്കണമെന്ന ഒരു ഉത്തരവ് ബ്രിട്ടീഷ് ഭരണകൂടം പുറപ്പെടുവിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ചാറ്റർജി വന്ദേ മാതരം എഴുത്തിയത് എന്നു പറയപ്പെടുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട്, ധീരതയുടെയും ഐക്യത്തിന്റെയും കാലാതീതമായ ഗീതമായി(കവിത) മാറിയ വന്ദേ മാതരം, ഇന്ത്യൻ ദേശീയതയുടെ ചൈതന്യ ഗീതകമായി മാറുകയും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യയെ കൂട്ടായ ഒരു പൊതുബോധത്തിലേക്ക് എത്തിക്കുന്നതിൽ അതുല്യമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
ആവേശകരമായ വരികളോടെ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട്, മാതൃരാജ്യത്തിന്റെ ആത്മാവിനെ അതിസമ്പന്നമായി ആഘോഷിക്കുന്ന ഈ ഗീതത്തെ, രബീന്ദ്രനാഥ ടാഗോർ രചിച്ച ‘ജനഗണമന’ യോടൊപ്പം, 1950 ജനുവരി 24ന്, ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ ചേർന്ന ഭരണഘടനാ സമിതി ദേശീയതലത്തിൽ അംഗീകരിച്ചു. വന്ദേമാതരം ദേശീയ ഗീതമായും ജനഗണമന ദേശീയ ഗാനമായും ആണ് പ്രഖ്യാപിച്ചത്. വന്ദേമാതരം, ഓരോ പൗരന്റേയും രാഷ്‌ട്രത്തോടുള്ള സമര്‍പ്പിത ഭക്തിയെയും സ്‌നേഹത്തെയും ജനഗണമന, രാഷ്‌ട്രത്തിന്റെ നാനാത്വത്തിലെ ഏകത്വത്തെയും പ്രതിനിധാനം ചെയ്യുന്നുവെന്ന്, ഭരണഘടനാ സമിതി അഭിപ്രായപ്പെടുകയുണ്ടായി.
ദേശസ്നേഹം ഒരു ക്ഷണിക വികാരമല്ലെന്നും അതൊരു ആജീവനാന്ത ഭക്തിയും കടമയുമാണെന്നു നമ്മെ പഠിപ്പിക്കുന്ന വന്ദേ മാതരം ആദ്യമായി ഒരു പൊതുവേദിയിൽ ആലപിക്കപ്പെട്ടത്, 1896-ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ്. ആ സമ്മേളനത്തിൽ, രവീന്ദ്രനാഥ ടാഗോറാണ് ആദ്യമായി ഈ കവിത ഈണം നല്കി ആലപിച്ചത്.
ഈ സമ്മേളനത്തോടെ, ഇന്ത്യയുടെ രാഷ്ട്രീയ- സാംസ്കാരിക അവബോധത്തിലേക്കുള്ള ഒരു പ്രവേശന കവാടമായി വന്ദേ മാതരം അടയാളപ്പെട്ടു. മാതൃരാജ്യത്തോടുള്ള ഒരു സമർപ്പണ സന്ദേശഗീതം/ കവിത എന്നതിനുമപ്പുറത്ത്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രചോദിപ്പിച്ചുകൊണ്ട് അതിശക്തയ ഒരു ദേശീയ മുദ്രാവാക്യമായിതന്നെ അതു മാറി.

അതിനെത്തുടർന്ന്, വന്ദേ മാതരത്തിന്റെ പ്രചാരണം തടയാൻ ബ്രിട്ടീഷ് ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വന്ദേ മാതരം കവിതയും അത് ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച ആനന്ദമഠം നോവലും ബംഗാളിൽ നിരോധിക്കുകയുണ്ടായി. വന്ദേ മാതരം ആലപിക്കുന്നതു തടയാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. വന്ദേ മാതരം ആലപിച്ചതിന്, 1905 നവംബറില്‍, ബംഗാളിലെ രംഗ്പൂരിലുള്ള ഒരു സ്‌കൂളിലെ ഇരുനൂറ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ വീതം പിഴ ചുമത്തിയത് ഉൾപ്പെടെ നിരവധി സംഭവങ്ങൾ ഉണ്ടായി. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒരു നടപടിക്കും വന്ദേ മാതരത്തെ തടുത്തുനിർത്താൻ കഴിഞ്ഞില്ല. അത് അതിവേഗം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കപ്പെട്ടു.
1905-ൽ, ബംഗാൾ വിഭജനത്തിനെതിരായ പ്രതിഷേധങ്ങളിലും സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കത്തിലും വന്ദേ മാതരം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അതേ വർഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാരണാസി സമ്മേളനത്തിൽ, കോൺഗ്രസിന്റെ തുടർന്നുള്ള എല്ലാ പരിപാടികളിലും വന്ദേ മാതരം ആലപിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ധൂലിയയില്‍ 1906 നവംബറില്‍ നടന്ന സ്വാതന്ത്ര സമരത്തിന്റെ വന്‍ പൊതുയോഗത്തില്‍ വന്ദേ മാതരം ആലപിക്കപ്പെട്ടു. ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ത്യയ്ക്കു പുറത്തും ഒരു ബ്രിട്ടീഷ് പ്രതിരോധ മുദ്രാവാക്യമായി വന്ദേ മാതരം വളർന്നുവന്നു.
1907-ല്‍, ദക്ഷിണ ജർമ്മനിയിലെ ബെര്‍ലിനിലെ സ്റ്റുട്ട്ഗാർട്ടില്‍ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഭിക്കാജി കാമ എന്ന മാഡം കാമ ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയത്, അതിൽ ‘ബന്ദേ മാതരം’ എന്ന് ആലേഖനം ചെയ്തുകൊണ്ടായിരുന്നു. ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സംഭവംകൂടിയായിരുന്നു അത്.
ഇന്ത്യൻ ദേശീയവാദിയും പണ്ഡിതനും കവിയും യോഗിയുമായിരുന്ന ശ്രീ അരൊബിന്ദോ ഘോഷ് വന്ദേ മാതരത്തെ ബംഗാളിന്റെ ദേശീയഗാനമായി വിശേഷിപ്പിക്കുകയുണ്ടായി. 1906ൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ബംഗാളി പത്രപ്രവർത്തകനുമായിരുന്ന ബിപിൻ ചന്ദ്രപാൽ ‘ബന്ദേ മാതരം’ എന്ന പേരിൽ വാർത്താ പത്രം ആരംഭിച്ചു. 1909-ല്‍ പാരീസിൽ നിന്ന്, പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഡം കാമയും ‘ബന്ദേ മാതരം’ എന്ന പേരിൽ വാർത്താ പത്രിക ആരംഭിക്കുകയുണ്ടായി. ഇതേ വർഷംതന്നെ, തമിഴ് നാട്ടിൽ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന ‘വിജയ’ എന്ന തമിഴ് മാസികയുടെ മുഖചിത്രത്തിൽ (മാസം- ലക്കം വ്യക്തമല്ല) വന്ദേമാതരത്തിന്റെ ഇല്ലുസ്ട്രേഷൻ അച്ചടിച്ചു വരികയുണ്ടായി.

മദൻ ലാൽ ധിംഗ്ര എന്ന വിദ്യാർത്ഥിയെ, ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ, ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയ സഹായിയായിരുന്ന സർ വില്യം ഹട്ട് കഴ്സൺ വില്ലിയെ വധിച്ച കേസിൽ തൂക്കിലേറ്റിയപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞത് ‘വന്ദേ മാതരം’ എന്നായിരുന്നു. 1909 ഓഗസ്റ്റ് 17നായിരുന്നു മദൻ ലാൽ ധിംഗ്ര തൂക്കിലേറ്റപ്പെട്ടത്. 1912 ഒക്ടോബറിൽ, ഗോപാല കൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ ‘വന്ദേ മാതരം’ വിളിയോടെയാണ് അദ്ദേഹം സ്വീകരിക്കപ്പെട്ടത്.
ഒന്നര നൂറ്റാണ്ടിലേറെയായി, ഇന്നും ഇന്ത്യ എന്ന പുണ്യഭൂമിയിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്ന ഹൃദയമിടിപ്പാണ് ഈ ദേശീയ ഗീതം. ഇന്ത്യയുടെ കൂട്ടായ അവബോധത്തെയും നാഗരികത, സംസ്കാരം, പാരമ്പര്യം എന്നിവയെയും ഇന്ത്യൻ ജീവിതത്തിന്റെ തത്വശാസ്ത്രത്തെയും ഉൾക്കൊള്ളുന്ന വന്ദേ മാതരം, ദേശസ്നേഹം, അച്ചടക്കം, മാതൃരാജ്യത്തോടുള്ള നിസ്വാർത്ഥ സേവനം എന്നിവ പ്രകടമാക്കികൊണ്ട് കാലാതീതമായി നിലകൊള്ളുന്നു.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ഡോ. ആശിഷ് രാജശേഖരൻ: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥി കാര്യ ഡീൻ & എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ.







