വി

രുന്നുകാർ മടങ്ങിപ്പോയ വീട്
എത്ര പെട്ടെന്നാണ്
കരയിൽ നിന്ന്
ഒരു നിലമില്ലാക്കയത്തിലേയ്ക്ക്
എടുത്തെറിയപ്പെട്ടത്;
അണക്കെട്ട് തകർന്ന
ജലപ്പരപ്പ് പോലെ
പഴയ ഒഴുക്കിലേയ്ക്ക്,
ആഴങ്ങളിലേക്ക്…
മുഖംമൂടി ഊരിവെച്ച്
കീറിയ തൂവാല കൊണ്ട്
കണ്ണു തുടച്ച
ഒരു കോമാളിയെന്നോണം
എത്ര തിടുക്കപ്പെട്ടാണ്
ഒരോ വീടും
കെട്ടുകാഴ്ച്ച ഊരി
നഗ്നരാകുന്നത്…
‘നിത്യവും ഇതുപോലെയായിരുന്നെങ്കിൽ!’
എന്ന നിൻ്റെ പ്രതീക്ഷകൾക്ക്
‘നിത്യവും വരുന്നവർ
വിരുന്നുകാരാവില്ലല്ലോ’
എന്ന
എൻ്റെ മറുമൊഴിയിൽ
നമ്മൾ ഒരുമിച്ചു ചിരിക്കുന്നത്!
തലേദിവസം
പരിഭവപ്പെട്ടതിൻ്റെ പിന്തുടർച്ച
ഓർത്തെടുക്കാനാകാതെ ഉപേക്ഷിച്ച്
നീ നിസ്സഹായയാകുന്നത്…
എനിക്കറിയാം
ഈ ഭ്രാന്തുകൾ തന്നെയാണ്
നമ്മെ ജീവിപ്പിക്കുന്നത് എന്ന്!

Read Also  ഓണം വന്നു/രാജു കാഞ്ഞിരങ്ങാട് എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

Latest Posts