Thrissur Thekkinkadu Maidan

തൃശ്ശൂർ തേക്കിൻകാട്ടിലെ വിദ്യാര്‍ത്ഥി കോര്‍ണർ

നാടിനെ നയിച്ചവരുടെ കൊടികളുടെ നിറഭേദങ്ങൾ പലതും തിരിച്ചറിയുന്നത് ഇവിടെനിന്നായിരുന്നു…
ജീവിതത്തിൽ മുദ്രാവാക്യങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ പലതും മനസ്സിലായതും മനസ്സിലാവാതെ പോയതും ഇവിടെ നിന്ന് തന്നെ!

വിദ്യാർഥി കോർണർ…
ഇത് ഞങ്ങളുടെ പഴയ തൃശ്ശൂരിന്റെ ഐക്കൺ!

ജാതി-മത-വർണ്ണ-വർഗ്ഗ ഭേദമില്ലാതെ തൃശ്ശൂർ അതിന്റെ ചിന്തകൾ പങ്കു വെച്ചയിടം…
ഇന്നാടിന്റെ ദേശീയത വളർന്നുവന്നയിടം…
പ്രസംഗകനെന്നോ, കേൾവിക്കാരനെന്നോ വേർതിരിവില്ലാത്ത ആൾക്കൂട്ടം കണ്ട കോർണർ….

അനവധി കാലം ഇവിടെ ഈ ചരൽമണ്ണിൽ ഒരു കാഴ്ചക്കാരനും ശ്രോതാവുമൊക്കെയായി ഞാനും ചമ്രം പടിഞ്ഞിരുന്നിട്ടുണ്ട്. ആരുടെയൊക്കെയോ പ്രസംഗങ്ങൾ കേൾക്കാൻ, പ്രതിഷേധങ്ങൾ അറിയാൻ, പ്രകടനങ്ങൾ കാണാൻ, സമരങ്ങൾക്ക് ഐക്യദാർഢ്യം പകരാൻ, സത്സംഗങ്ങൾ ആസ്വദിക്കാൻ അങ്ങനെ പലതിനും പലതിനും…

കാലുമാറിയ എം.എൽ.എയുടെ തലയിൽ ടാറൊഴിച്ചതും വടക്കനച്ചന്റെ ദിവ്യബലിയും മുതൽ കൊരട്ടി വർഗ്ഗീസിന്റെ നിരാഹാരവും സൈക്കിൾ യത്നവും വരെ വേറേയും പലരും പലതും…

നാടിനെ നയിച്ചവരുടെ കൊടികളുടെ നിറഭേദങ്ങൾ പലതും തിരിച്ചറിയുന്നത് ഇവിടെനിന്നായിരുന്നു…
ജീവിതത്തിൽ മുദ്രാവാക്യങ്ങളുടെ അർത്ഥവ്യത്യാസങ്ങൾ പലതും മനസ്സിലായതും മനസ്സിലാവാതെ പോയതും ഇവിടെ നിന്ന് തന്നെ!

Thrissur Vidyarthi Corner
വിദ്യാര്‍ത്ഥി കോര്‍ണറിലെ നെഹ്‌റു മണ്ഡപം

കോഴിക്കോട്ടെ മാനാഞ്ചിറമൈതാനം, പാലക്കാട്ടെ കോട്ടമൈതാനം, കൊച്ചിയിലെ രാജേന്ദ്രമൈതാനം, കോട്ടയത്തെ തിരുനക്കരമൈതാനം, തിരുവനന്തപുരത്തെ പുത്തരിക്കണ്ടംമൈതാനം പോലെ, തൃശൂരിൽ ജനാധിപത്യയുഗം സൃഷ്ടിച്ചടുത്തതാണ് ഈ തേക്കിൻകാട് മൈതാനവും അതിന് സിംഹാസനം ഒരുക്കുന്ന വിദ്യാർത്ഥി കോർണറും!

അന്നെല്ലാം ലോകത്തിന്റെ സ്പന്ദനങ്ങൾ മുതൽ കാലത്തിന്റെ മണിമുഴക്കങ്ങൾ വരെ ഈ മൈതാനത്തെ പഴയ വെടിപ്പുരക്ക് ചുറ്റും അലയടിച്ചത് ഇന്നൊരു പഴങ്കഥ… വെറും പഴങ്കഥ!

എന്നും കുമ്മായം തേച്ച് എഴുതിയും മായ്ച്ചും കോർണറിലെ ചുമരുകളുടെ അവകാശം സ്ഥാപിച്ച രാഷ്ട്രീയക്കാർ എന്നേ ഇവിടം ഉപേക്ഷിച്ചിരിക്കുന്നു. അന്ന് ഈ മൈതാനത്ത് പെറ്റുകിടന്നവരുടെ പിൻമുറക്കാരെല്ലാം ഇന്ന് പുതുപുത്തൻ സങ്കേതങ്ങൾ കണ്ടെത്തിയിരിക്കുന്നു.

പകരം ഇന്നിവിടെ പുതിയ കാഴ്ചകളും അനുഭവങ്ങളും തേടുന്ന ജനപ്രളയം. അവർക്ക് നടുവിൽ പ്രായത്തിന്റെ പരാധീനതയിൽ, പുരാവസ്തു വകുപ്പിന് പോലും വേണ്ടാതെ, നാടിന്റെ ആ പഴയ ഐക്കൺ….
ഞങ്ങളുടെ വിദ്യാർഥി കോർണർ….

ഈ മൈതാനം കഴിഞ്ഞ നൂറ്റാണ്ടിൽ തേക്കിൻകാട് മൈതാനമെന്ന തൃശൂർ പൂരപ്പറമ്പായിരുന്നു. നമ്മുടെ പൂർവ്വികർ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം പങ്കുവെച്ചത് ഈ മുറ്റത്തുവെച്ചായിരുന്നു.
കൃത്യമായി പറഞ്ഞാൽ മണികണ്ഠനാൽത്തറക്ക് ചുറ്റുമിരുന്ന് അപ്പുറത്ത്, തെക്ക് പടിഞ്ഞാറേ മൂലയിൽ ക്ഷേത്രമതിലോരത്തോട് ചേർന്ന മൺതിട്ടയിൽ ചെറുപ്പക്കാർ(അന്നത്തെ തൃശൂർ ഭാഷയിൽ പിള്ളേർ) സംഘം ചേർന്ന് നിരന്തരം ലോകകാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു.

Read Also  ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: അവസാന ഭാഗം/സന്ധ്യ ഇ

ഒരുനാളിൽ, മണികണ്ഠനാലിൽ ഒരു പ്രതിഷ്ഠ നടന്നു. അതോടെ സമ്മേളനങ്ങളും പൊതുയോഗങ്ങളും ശക്തിപ്രകടനങ്ങളും മണികണ്ഠനാൽ തറയിൽ നിന്നും പിള്ളേരു മൂലയിലേക്ക് മാറി. സാഹിത്യഭാഷയിൽ ഈ ‘പിള്ളേരു മൂല വിദ്യാർത്ഥി കോർണറായി.

പിന്നീട് വളരെക്കാലം വിദ്യാർത്ഥി കോർണർ തൃശൂരിന്റെ ശബ്ദവും ശക്തിയും ആവേശവുമായി നിലകൊണ്ടു ! ഇതിനൊരു സ്രഷ്ടാവില്ല. നാമകർത്താവുമില്ല. ഇത് കാലവും തലമുറയും സൃഷ്ടിച്ചെടുത്ത തൃശൂരിന്റെ ഒരോർമ്മച്ചെപ്പ്. ഇതൊരു ജനകീയ ഇടം!

കേട്ടുകേൾവികളെ മാത്രം ആസ്പദമാക്കി ചുരുക്കിപ്പറഞ്ഞാൽ,
കോഴിക്കോട്ടെ മാനാഞ്ചിറമൈതാനം, പാലക്കാട്ടെ കോട്ടമൈതാനം, കൊച്ചിയിലെ രാജേന്ദ്രമൈതാനം, കോട്ടയത്തെ തിരുനക്കരമൈതാനം, തിരുവനന്തപുരത്തെ പുത്തരിക്കണ്ടംമൈതാനം പോലെ, തൃശൂരിൽ ജനാധിപത്യയുഗം സൃഷ്ടിച്ചടുത്തതാണ് ഈ തേക്കിൻകാട് മൈതാനവും അതിന് സിംഹാസനം ഒരുക്കുന്ന വിദ്യാർത്ഥി കോർണറും!

C. Achutha Menon at Thrissur Thekkinkadu Maidan
അന്തരിച്ച മുൻ കേരളാ മുഖ്യമന്ത്രി സി. അച്യുതമേനോൻ വിദ്യാര്‍ത്ഥി കോര്‍ണറിൽ; സി. എ. കൃഷ്ണന്റെ ശേഖരത്തിലെ ഒരു പഴയകാല ചിത്രം.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.