
ശശി തരൂര്‍ രാഷ്ട്രിയക്കാരനല്ല; സാഹിത്യകാരനാണ്/കാരൂര്‍ സോമന്‍
സര്‍ഗ്ഗ- പൈതൃക സംസ്‌കാരത്തില്‍നിന്നുള്ള ഈയൊരു തിരിച്ചു പോക്കിനെ കരുതലോടെ കാണുന്ന രാഷ്ട്രീയ- സാമൂഹിക നേതൃത്വങ്ങളെയാണ് ഇന്ത്യക്കിന്ന് ആവശ്യം. പ്രതിഭകള്‍, പ്രത്യേകിച്ചും സാഹിത്യ പ്രതിഭകള്‍ എവിടെയൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം പുരോഗതി വന്നിട്ടുള്ളത് കാണാം.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ കൂട്ടക്കുരുതിയും അതിനെതിരെ ഇന്ത്യയുടെ അഭിമാനകരമായ സിന്ദൂര്‍ വിജയവും വിദേശ രാജ്യങ്ങളില്‍ വിശദികരിക്കാന്‍ പുറപ്പെട്ട, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച യുഎസ് സംഘത്തിന്റെ തലവൻ ശശി തരൂരിന്റെ പേരില്‍ സംവേദനതലങ്ങള്‍ പുകഞ്ഞു കത്തുന്നു.
തരൂര്‍ 2009-മുതല്‍ തിരുവനന്തപുരത്ത് നിന്ന് കോണ്‍ഗ്രസ് എം.പിയായി നാല് പ്രാവശ്യം ലോക സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട തരൂര്‍, അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ നേതാവല്ല; ഒരു എഴുത്തുകാരനാണ്, എന്നാണ് എന്റെ അഭിപ്രായം. മുന്‍ യു.എന്‍. നയതന്ത്രജ്ഞനായ, ഐക്യ രാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ച തരൂര്‍, തികഞ്ഞ ആദര്‍ശമുള്ള ഗാന്ധിയനുമാണ്. ഇന്ത്യയുടെ വിദേശ കേന്ദ്രസഹമന്ത്രിപദംവരെ അദ്ദേഹം അലങ്കരിച്ചു.
എന്താണ് തരൂരിന്റെ പ്രത്യയശാസ്ത്രം; അഥവാ, രാഷ്ട്രീയം? അത് മാനുഷികമാണ്. യാഥാര്‍ഥ്യങ്ങളെ മുന്‍നിറുത്തിയുള്ള സൗന്ദര്യാത്മകമായ സാമൂഹ്യ- ശാസ്ത്ര വീക്ഷണങ്ങളാണ്. കരുത്തരായ എഴുത്തുകാരില്‍ കാണുന്ന അതിശക്തമായ ദാര്‍ശിനിക കാഴ്ചപ്പാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
ഇന്നുള്ള ചില എഴുത്തുകാരെപോലെ, രാഷ്ട്രീയ പാര്‍ട്ടികളില്‍ കടന്നുകൂടി പട്ടും വളയും ചോദിച്ചു വാങ്ങിക്കേണ്ടതരം ഒന്നല്ല, തരൂരിന്റെ സാഹിത്യം. സാംസ്‌കാരിക രംഗത്ത് അദ്ദേഹം വന്നിരുന്നെങ്കില്‍ അവിടെയും ഒരു ശുദ്ധികലശം വരുത്തുമായിരിന്നു.
രാഷ്ട്രീയകാരനായ തരൂര്‍ പൊതുജനത്തെ പുച്ഛത്തോടെ കാണാറില്ല. ആരുടേയും അടിമയോ സ്വാര്‍ത്ഥനോ അല്ല. അദ്ദേഹത്തിന്റെ നേര്‍ത്ത ശബ്ദത്തില്‍ കടന്നു വരുന്നത് സംസ്‌കാര സമ്പന്നമായ ജീവിത വീക്ഷണങ്ങളാണ്. ഗാന്ധിജി ജനങ്ങളെ സേവിച്ചത് ആദര്‍ശനിലപാടുകളിലായിരിന്നു. ജാതി മത രാഷ്ട്രീയ നിറം നോക്കിയായിരുന്നില്ല.
എഴുത്തുകാരായുള്ള പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി എന്നിവർ മറ്റ് പ്രധാന മന്ത്രിമാരേക്കാള്‍ ജനപക്ഷത്തു നിന്നവരാണ്. അവര്‍ പഠിച്ച സ്വദേശ വിദേശ വിദ്യാലയങ്ങള്‍ കത്തിക്കുത്ത്- കൊലപാതക- സമരങ്ങള്‍ നടന്നതായിരിന്നില്ല. തരൂരും ആ പാതയിലുള്ള ആളാണ്.
1994-ല്‍, പ്രതിപക്ഷ നേതാവായിരുന്ന വാജ്‌പേയിയെ പ്രധാനമന്ത്രി നരസിംഹറാവു വിയന്നയിലേക്ക് അയച്ചത് ഒരു പ്രത്യയശാസ്ത്രത്തിന്റെയും പരിവേഷം നോക്കിയല്ല. അങ്ങനെയുള്ള മഹത്തായ മൂല്യങ്ങളാണ് നമ്മള്‍ പഠിക്കേത്. ഇന്നുള്ള ഭരണ- പ്രതിപക്ഷ കക്ഷികളില്‍ ഇത് കാണുന്നുണ്ടോ? ഇവരെ കണ്ടല്ലേ ജനങ്ങള്‍ പഠിക്കുന്നത്?
ആത്മീയ- ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട, മത രാഷ്ട്രീയ മാനുഷിക വിവേചനത്തിന് അടിമപ്പെട്ട ഇത്തരക്കാരിലൂടെ സാധാരണക്കാർ ഇരകളാകുന്നു. മറ്റുള്ളവരില്‍ എങ്ങനെ സ്പര്‍ദ്ധ വളര്‍ത്താം എന്ന കാര്യത്തിലാണ് ഇന്ന് പഠനങ്ങൾ കൂടുതലും. അതിലൂടെ എങ്ങനെയൊക്കെ ശ്രദ്ധിക്കപ്പെടാം, അധികാരത്തിലെത്താം എന്ന ചിന്തയാണ്. ചിന്തയിലും പ്രവൃത്തിയിലും പ്രാചീന ശിലായുഗത്തിലെ നരഭോജി സംസ്കാരത്തിലേക്കു കൂപ്പുകുത്തുന്ന ആധുനിക മനുഷ്യ സമൂഹം!
സര്‍ഗ്ഗ- പൈതൃക സംസ്‌കാരത്തില്‍നിന്നുള്ള തിരിച്ചു പോക്കിനെ കരുതലോടെ കാണുന്ന രാഷ്ട്രീയ- സാമൂഹിക നേതൃത്വങ്ങളെയാണ് ഇന്ത്യക്കിന്ന് ആവശ്യം. പ്രതിഭകള്‍, പ്രത്യേകിച്ചും സാഹിത്യ പ്രതിഭകള്‍ എവിടെയൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം പുരോഗതി വന്നിട്ടുള്ളത് കാണാം.
ഇഎംഎസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, സി.എച്ച്. മുഹമ്മദ് കോയ, ജോസഫ് മുണ്ടശ്ശേരി, സി. ദിവാകരന്‍, എം.എ. ബേബി, ജി. സുധാകരന്‍ തുടങ്ങി പല ഭരണകർത്താക്കളും ഈ ശ്രേണിയിൽ പെട്ടവരായിരുന്നു.
ജാതി മത രാഷ്ട്രീയ കപടബോധത്തില്‍ നിന്ന് ഇന്നത്തെ നമ്മുടെ സമൂഹം മാറി, വൈജ്ഞാനികമായ ഒരു തലമുറയെ നേതൃത്വത്തിൽ എത്തിച്ചാൽ മാത്രമാണ്, പാശ്ചാത്യ- വികസിത രാജ്യങ്ങളെപോലെയുള്ള അതിനൂതനമായ അഭിവൃദ്ധിയിലേക്ക് നമ്മളും എത്തിച്ചേരൂ. അതിന് തരൂരിനെ പോലെയുള്ള, സർഗാത്മകതയുള്ള നേതൃത്വങ്ങളെയാണ് നമ്മൾക്ക് ആവശ്യം.