Oralude Lokam-V K Reena

ഒരാളുടെ ലോകം

ചിങ്ങപ്പാതി കഴിഞ്ഞ രാത്രിയാണ്. എന്നിട്ടും പുറത്ത് മഴ കനത്തുപെയ്തുകൊണ്ടിരിക്കുന്നു.
മുകളിലത്തെ വരാന്തയിലിരുന്ന്, തലേന്നു വന്ന മെസ്സേജുകൾ നോക്കുകയായിരുന്നു ഞാൻ. അധ്യാപകദിനം കഴിഞ്ഞുള്ള ദിവസമായിരുന്നത്.

എന്നെ ഓർമ്മയിൽ നിന്നും കുടഞ്ഞെറിയാത്ത വിദ്യാർത്ഥികൾ ഇനിയും ബാക്കിയുണ്ടെന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിച്ചു.

മഴ പിന്നെയും ശക്തിയാർജ്ജിച്ചു. തണുത്ത കാറ്റ് വീശിയെറിഞ്ഞ മഴത്തുള്ളികൾ വരാന്തയിലും ശരീരത്തിലും നനവ് പടർത്തി. എന്നിട്ടും അവിടെനിന്നെഴുനേൽക്കണമെന്ന് തോന്നിയില്ല. വിറങ്ങലിച്ച ആകാശം മരച്ചില്ലയിലൂടെ നോക്കിയിരുന്നു.

വീണ്ടും മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നു. പഴയ ഒരു സ്റ്റുഡന്റാണ്. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിറുത്തി, വീണ്ടും ലിറ്ററസി മിഷൻ നടത്തുന്ന തുല്യത കോഴ്സിൽ ചേർന്ന് പഠനം തുടരുകയും സർക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്ത അവൻ ഇപ്പോഴും സ്നേഹം അറിയിച്ചുകൊണ്ട് മെസ്സേജുകൾ അയക്കുന്നു.

അതുകണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ഷിബിൻ ലാൽ എന്നൊരു കുട്ടിയെ ഓർമ്മ വന്നു. പഠിപ്പിച്ചവരിൽ അപൂർവം ചിലരെ മാത്രമേ അത്രമേൽ ആർദ്രതയോടെ ഓർക്കാൻ പറ്റുള്ളൂ.

പതിനേഴു കഴിഞ്ഞ, പല പ്രായത്തിലുള്ള, വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പത്താംതരംതുല്യത കോൺടാക്റ്റ് ക്ലാസ്സായിരുന്നത്.

ക്ലാസ്സ്‌ കഴിഞ്ഞിട്ടും നന്നേ മെലിഞ്ഞ, എന്നാൽ നല്ല പ്രസരിപ്പാർന്ന മുഖമുള്ള ഒരു ചെറുപ്പക്കാരൻ പോകാതെ അവിടെ തന്നെയിരുന്നു.

“എന്താ പോകുന്നില്ലേ?” ഞാൻ ചോദിച്ചു.

“ടീച്ചർ, ചെറിയ ഒരു സംശയം.”

സമാന്തരശ്രേണികളിലെ ചില സംശയങ്ങൾ അവൻ ചോദിച്ചത് ഞാൻ പരിഹരിച്ചു കൊടുത്തു.
എങ്ങനെയെങ്കിലും പത്ത് കടന്നുകിട്ടണം. തുടർന്നു പഠിക്കണം. വീട്ടിൽ അമ്മയും രണ്ടു പെങ്ങന്മാരുമുണ്ട്. അവനാണ് വീട് പുലർത്തുന്നത്.

എനിക്ക് അവനോട് സ്നേഹവും ബഹുമാനവും തോന്നി. അവന് പിന്നെയും പല സംശയങ്ങൾ ഉണ്ടായി. പോളിനോമിയലുകൾ, വൃത്തങ്ങൾ, ദ്വിമാനസമവാക്യങ്ങൾ, സ്റ്റാറ്റിസ്റ്റിക്സ്….

പുറകിലത്തെ ബഞ്ചിലിരിക്കുന്ന പെൺകുട്ടികൾ എന്നോട് ചോദിക്കാതെ, സംശയങ്ങൾ അവനോട് ചോദിച്ചുതുടങ്ങി. എനിക്ക് സന്തോഷമായി. ഇത്തവണ ഷിബിൻലാൽ ഡിസ്റ്റിങ്‌ഷനോടെ പാസാകും എന്നു ഞാനും കരുതി.

ആഴ്ചയിൽ രണ്ടുദിവസം മാത്രമുള്ള കോൺടാക്ട് ക്ലാസ്സാണ്. പല ഇടങ്ങളിൽ നിന്ന്, പല സാഹചര്യങ്ങളിൽ നിന്നു വരുന്ന പഠിതാക്കൾ. എല്ലാവരെപ്പറ്റിയും കൃത്യമായി എനിക്കറിയില്ല. എന്നാലും ഷിബിൻലാലിന്റെ പഠിക്കാനുള്ള ആവേശവും വീട്ടുകാരോടുള്ള അറ്റാച്ച്മെന്റും ആരും ഇഷ്ടപ്പെട്ടുപോകുന്ന മുഖവും പെരുമാറ്റവുമൊക്കെ എന്നെ ഏറെ ആകർഷിച്ചു. അതുകൊണ്ടായിരിക്കണം അവനോട് അല്പം ഇഷ്ടക്കൂടുതൽ തോന്നിയത്.

അതവന് മനസ്സിലായിരിക്കണം. അതുകൊണ്ടാവാം ആ സ്വാതന്ത്ര്യത്തോടെ അവൻ ക്ഷണിച്ചത്.
“അടുത്തമാസം ചേച്ചിയുടെ വിവാഹമാണ് ടീച്ചർ വരണം. ഇതൊക്കെ ചെയ്യാൻ ഞാൻ മാത്രേ ഉള്ളൂ.” അവൻ ആത്മവിശ്വാസത്തോടെ ചിരിച്ചു.

Read Also  കല്യാണി പ്രിയദർശനോട് സോഷ്യൽ മീഡിയ കെയറേട്ടന്മാർ; സായി പല്ലവിയെ പോലെ കുലീന വേഷങ്ങളിൽ ശ്രദ്ധിക്കൂ...

“പറ്റുമെങ്കിൽ തീർച്ചയായും ഞാൻ വരും.”
അങ്ങനെ പറയാനാണ് അപ്പോൾ തോന്നിയത്.

പിന്നെ കുറേനാളത്തേക്ക് അവനെ കണ്ടില്ല പെങ്ങളുടെ കല്യാണത്തിരക്കാവുമെന്ന് ഞാൻ കരുതി. പക്ഷേ അതായിരുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്. പെങ്ങളുടെ കല്യാണത്തിനും സ്വർണ്ണം വാങ്ങാനുമായി സ്വരൂപിച്ചതും കടം വാങ്ങിയതുമായ വലിയ ഒരു തുക, അവൻ തന്റെ സുഹൃത്തിന് ഒരു ആവശ്യം വന്നപ്പോൾ കടമായി കൊടുത്തുവെന്നും സുഹൃത്തിന് വിവാഹസമയത്ത് അത് തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെന്നും കേട്ടു.

അതിനു പരിഹാരം എന്തെന്ന് അവൻ ആരോടും ചോദിച്ചില്ല. ആരോടും ഒന്നും പറഞ്ഞുമില്ല. എവിടെനിന്നോ സംഘടിപ്പിച്ച കീടനാശിനി കുടിച്ച്, മരണം ഉറപ്പിക്കാൻ കായലിൽ ചാടി.

എത്ര സംശയങ്ങൾ ചോദിക്കുന്ന കുട്ടിയായിരുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ ശരിയല്ലാത്തൊരു ഉത്തരം സ്വയം കണ്ടെത്തുകയായിരുന്നു.

ഒരാളുടെ യഥാർത്ഥ ലോകം അയാളുടെ പുറത്തു കാണുന്നതല്ല. അയാളുടെ അകത്തുള്ള, അനന്തമായ ഒരു ലോകമാണത്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.